'വില്യംസനില്ല, ഭുവിയില്ല, വാര്‍ണറില്ല'; അത് 'ഒത്തുകളി'യായിരുന്നോ?

ടി20 സൂപ്പര്‍സ്റ്റാറായ റാഷിദ് ഖാനടക്കം ഹൈദരാബാദ് ബൗളർമാർ തലങ്ങും വിലങ്ങും തല്ലുവാങ്ങിയപ്പോൾ ഏറ്റവും മികച്ച നിലയിൽ പന്തെറിഞ്ഞ അഭിഷേക് ശർമയ്ക്ക് പിന്നീട് താല്‍ക്കാലിക നായകന്‍ മനീഷ് പാണ്ഡെ അവസരവും നൽകിയില്ല

Update: 2021-10-09 07:06 GMT
Editor : Shaheer | By : Web Desk
Advertising

ജീവൻമരണ പോരാട്ടമായിരുന്നു ഇന്നലെ മുംബൈ ഇന്ത്യൻസിന്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാൽ മാത്രം പോര, അതു കൂറ്റൻ മാർജിനിലുമാകേണ്ടിയിരുന്നു. കരുത്തരുടെ ടീമിന് അത് അപ്രാപ്യമൊന്നുമായിരുന്നില്ല. എന്നാൽ, നേരിടേണ്ടിയിരുന്നത് ഹൈദരാബാദിന്റെ ശക്തമായ ബൗളിങ് നിരയെയായിരുന്നു.

ഇന്നലെ കളി തുടങ്ങുന്നതിനുമുൻപ് മുംബൈക്കുമുന്നിൽ തടസമായുണ്ടായിരുന്നത് കൊൽക്കത്തയും അവരുടെ +0.587 റൺറേറ്റും മാത്രമായിരുന്നു. എന്നാൽ, ഈ റൺറേറ്റ് മറികടക്കാൻ മുംബൈക്ക് വേണ്ടിയിരുന്നത് 171 റൺസിന്റെ കൂറ്റൻ ജയം. പ്ലേഓഫ് എന്ന ഒരേയൊരു ലക്ഷ്യത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. നായകൻ രോഹിത് ശർമയെ മറുതലക്കൽ കാഴ്ചക്കാരനാക്കി യുവതാരം ഇഷാൻ കിഷൻ കത്തിക്കയറി. തൊട്ടതെല്ലാം ബൗണ്ടറികടന്നു. ഹൈദരാബാദ് ബൗളർമാരെ താരം തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ചയാണ് കണ്ട്. വെറും അഞ്ച് ഓവറിൽ മുംബൈ അടിച്ചെടുത്തത് 78 റൺസാണ്. റാഷിദ് ഖാൻ അടക്കം കിഷന്‍ കണ്ണുംപൂട്ടി അതിർത്തി കടത്തി. 7.1 ഓവറിൽ ടീം സ്‌കോർ നൂറുംകടന്നു.

പത്താം ഓവറിൽ വെറും 32 പന്തിൽ 84 റൺസ് അടിച്ചെടുത്ത് ഇഷാൻ കിഷൻ പോയതോടെ ക്രീസിലെത്തിയത് സൂര്യകുമാർ യാദവ്. കിഷൻ നിർത്തിയേടത്തുനിന്നു തുടങ്ങുകയായിരുന്നു സൂര്യ. ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും ബൗണ്ടറിയുടെ പ്രവാഹമായിരുന്നു പിന്നീട്. ഹൈദരാബാദ് ബൗളർമാർ മാറിമാറിയെറിഞ്ഞിട്ടും ഒരു ഫലവും കണ്ടില്ല. തൊട്ടതെല്ലാം റണ്ണാക്കി സൂര്യകുമാർ ടീം ടോട്ടൽ 235ലെത്തിച്ചു.

പിന്നീടെല്ലാം മുംബൈയുടെ കരുത്തുറ്റ ബൗളർമാരുടെ ചുമലിലായിരുന്നു. ഹൈദരാബാദിനെ 65 റൺസിന് എറിഞ്ഞിടുക. ജസ്പ്രീത് ബുംറയും ട്രെൻഡ് ബോൾട്ടും നഥാൻ കൂൾട്ടർനൈലും ജിമ്മി നീഷവുമെല്ലാം നയിക്കുന്ന മുംബൈ ബൗളിങ്‌നിരയ്ക്ക് അതൊരു അസാധ്യമായ ലക്ഷ്യമൊന്നുമായിരുന്നില്ല. എന്നാൽ, ഹൈദരാബാദ് ഓപണർമാരായ ജേസൻ റോയിയും അഭിഷേക് ശർമയും മുംബൈയുടെ മോഹങ്ങൾ തല്ലിക്കെടുത്തി. ടീം സ്‌കോർ 64ൽനിൽക്കെയാണ് ഓപണിങ് സഖ്യം വഴിപിരിഞ്ഞത്. പിന്നീട് ഒരറ്റത്ത് ബാറ്റർമാർ ഓരോന്നായി കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നപ്പോഴും താൽക്കാലിക നായകൻ മനീഷ് പാണ്ഡെ അപ്പുറത്ത് പോരാട്ടം തുടർന്നു. ഒടുവിൽ ടീം ടോട്ടൽ നിശ്ചിത ഓവറിൽ 193 വരെ എത്തിച്ചാണ് ഹൈദരാബാദ് പരാജയം 'സമ്മതിച്ചത്'.

മാച്ച് ഫിക്‌സിങ്ങല്ലാതെ പിന്നെന്ത്!

അതേസമയം, മുംബൈയുടെ ബാറ്റിങ് അഴിഞ്ഞാട്ടത്തിനു പിറകെ സമൂഹമാധ്യമങ്ങളിൽ വാതുവയ്പ്പ് ചർച്ചകളായിരുന്നു പൊടിപൊടിച്ചത്. ഈ സീസണിൽ പറ്റെ നിറംമങ്ങിയ മുംബൈ ഇതാദ്യമായി അപാരഫോമിൽ കത്തിക്കയറുന്നതായിരുന്നു ഇന്നലെ കണ്ടത്.

ഹൈദരാബാദിന് അത്ര പ്രധാനമല്ലെങ്കിലും മുംബൈക്ക് ഏറെ നിർണായകമത്സരത്തിൽ മൂന്നു തുറുപ്പുചീട്ടുകളില്ലാതെയായിരുന്നു ഹൈദരാബാദ് കളത്തിലിറങ്ങിയത്. നായകൻ കെയിൻ വില്യംസൻ, ബൗളിങ് കുന്തമുന ഭുവനേശ്വർ കുമാർ, മുൻ നായകനും വെടിക്കെട്ട് ബാറ്ററുമായ ഡെവിഡ് വാർണർ... ഇവരെല്ലാം പുറത്ത്. പകരം, കഴിഞ്ഞ മത്സരങ്ങളിലെല്ലാം പുറത്തിരുന്ന മനീഷ് പാണ്ഡെ നായകൻ! അവിടംതൊട്ട് തുടങ്ങിയതായിരുന്നു വാതുവയ്പ്പ് ചർച്ചകൾ.

കഴിഞ്ഞ സീസണില്‍ എല്ലാവരെയും ഞെട്ടിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇത്തവണ പറ്റെ മോശം ഫോമിലായിരുന്നു. എന്നാൽ, ഈ സീസണിൽ ഇതുവരെ കാണാത്ത കിഷനെയും സൂര്യയെയുമാണ് ഇന്നലെ കണ്ടത്. ടി20യിലെ പുലിയായ റാഷിദ് ഖാൻ അടക്കമുള്ള ഹൈദരാബാദ് ബൗളർമാർക്കുമേൽ രണ്ടുപേരും സംഹാരതാണ്ഡവമാടി. ഇതും ആരാധകർക്കിടയിൽ സംശയമായി.

കൈപിടിയിലൊതുക്കാമായിരുന്ന നിരവധി ഷോട്ടുകൾ ബൗണ്ടറിയായിപ്പോയി. പലപ്പോഴും പന്തിനനുസരിച്ച് ഫീൽഡിൽ ആളെ നിർത്താതെ ഗ്രൗണ്ട് ഒഴിഞ്ഞുകിടക്കുന്നതു പോലെയും അനുഭവപ്പെട്ടു. ഇത്രയുംനാൾ ഏറ്റം മോശം സ്‌കോറുകളിലൊതുങ്ങിയ ടീം പടുകൂറ്റൻ ടോട്ടലാണ് ഹൈദരാബാദിനു മുന്നിലുയർത്തിയത്. ഹൈദരാബാദ് ബൗളർമാർ തലങ്ങും വിലങ്ങും തല്ലു വാങ്ങിയപ്പോൾ ഏറ്റവും മികച്ച നിലയിൽ പന്തെറിഞ്ഞ അഭിഷേക് ശർമ(ഒരു ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ്)യ്ക്ക് പിന്നീട് പന്തെറിയാൻ മനീഷ് പാണ്ഡെ അവസരവും നൽകിയില്ല.

ഇതെല്ലാമായതോടെ ആരാധകർ വാതുവയ്പ്പ് ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മുംബൈ താരങ്ങൾക്കു പകരം അംബാനിയാണ് ഇന്ന് കളിക്കുന്നതെന്ന തരത്തിലുള്ള ട്രോളുകളും മീമുകളും പ്രവഹിച്ചു. കളിയിലെ ഓരോ വീഴ്ചകളും പൊക്കിക്കൊണ്ടുവന്ന് വാതുവയ്പ്പ് പ്രചാരണം ചൂടുപിടിപ്പിച്ചു. #matchfixing എന്ന ഹാഷ്ടാഗ് ഇന്നലെ ട്വിറ്ററിൽ ഏറെനേരം ട്രെൻഡിങ്ങുമായിരുന്നു.

ചാംപ്യന്മാരില്ലാത്ത പ്ലേഓഫ്

അഞ്ചുതവണ ഐപിഎൽ രാജാക്കന്മാരായ ടീമാണ് മുംബൈ. കഴിഞ്ഞ രണ്ടു സീസണിലും തുടർച്ചയായി ചാംപ്യന്മാർ. എന്നാൽ, ഇത്തവണ ചാംപ്യന്മാരില്ലാതെയാകും പ്ലേഓഫ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ മൂന്നു സീസണുകളിൽ അവസാന നാലിലെത്താനാകാതെ മുംബൈ പുറത്താകുന്നത് ഇതാദ്യമായാണ്.

മുംബൈയുടെ അവസാനപ്രതീക്ഷയും അസ്തമിച്ചതോടെ കൊൽക്കത്തയാണ് നാലാമന്മാരായി പ്ലേഓഫിൽ ഇടംപിടിച്ചത്. ഇന്നലെ ബാംഗ്ലൂരിനോട് തോറ്റെങ്കിലും ഡൽഹി തന്നെയാണ് പോയിന്റ് ടേബിളിൽ ആദ്യസ്ഥാനത്ത്. നാളത്തെ ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. ഇതിലെ വിജയി നേരെ ഫൈനലിലേക്ക്. തിങ്കളാഴ്ച നടക്കുന്ന എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ ബാംഗ്ലൂർ കൊൽക്കത്തയുമായും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ക്വാളിഫയറിൽ തോറ്റവരുമായി മത്സരിക്കും. ഇതിലെ ജേതാക്കളാകും ഫൈനലിലെ രണ്ടാം ടീം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News