കോഹ്ലി ആരാധകർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ച് ഗംഭീർ; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വിശദീകരണം
രണ്ടുമൂന്ന് പാകിസ്താനികൾ അവിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും കശ്മീരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഗംഭീർ
കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ വിരാട് കോഹ്ലി ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച ആരാധകർക്കുനേരെയായിരുന്നു വിവാദ അംഗവിക്ഷേപം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കശ്മീർ പരാമർശങ്ങള്‍ നടത്തുകയും ചെയ്തതാണു തന്നെ പ്രകോപിപ്പിച്ചതെന്ന് ഗംഭീര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് ശ്രീലങ്കയിലെ പല്ലെകെലെ സ്റ്റേഡിയത്തിലായിരുന്നു സംഭവം. മത്സരത്തിനിടെ മഴമൂലം കളി നിർത്തിവച്ച സമയത്ത് സ്റ്റാൻഡ് വിട്ടുപോകുമ്പോഴായിരുന്നു ആരാധകർ 'കോഹ്ലി, കോഹ്ലി' എന്ന് ആർത്തുവിളിച്ചത്. ആരവം ഉയർന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഗംഭീർ നടുവിരൽ കാണിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശദീകരണവുമായി മുൻ ഇന്ത്യൻ ബാറ്റർ രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ കാണുന്നതല്ല യാഥാർത്ഥ്യമെന്ന് ഗംഭീർ പ്രതികരിച്ചു. 'നിങ്ങൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കശ്മീരിനെ കുറിച്ചു സംസാരിക്കുകയും ചെയ്താൽ മുന്നിലുള്ളയാൾ ചിരിച്ചൊഴിയുമെന്നു കരുതരുത്. രണ്ടുമൂന്ന് പാകിസ്താനികൾ അവിടെ ഇന്ത്യാ വിരുദ്ധമായ കാര്യങ്ങളും കശ്മീരിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. അതിനോടുള്ള എന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത്. എന്റെ രാജ്യത്തിനെതിരെ ഒന്നും കേൾക്കാൻ എനിക്കാകില്ല.''-ഗംഭീർ വിശദീകരിച്ചു.
നേരത്തെ, ടോസ് ലഭിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ നേപ്പാളിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നേപ്പാളിനെ വേഗത്തിൽ പുറത്താക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ അട്ടിമറിച്ച് 231 എന്ന ഭേദപ്പെട്ട സ്‌കോറാണ് നേപ്പാൾ ഉയർത്തിയത്. ആസിഫ് ശൈഖ്, ഓൾറൗണ്ടർ സോംപാൽ കാമി എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അയൽക്കാരെ തുണച്ചത്. ഇന്ത്യൻ ബൗളിങ് നിരയിൽ മൂന്നു വീതം വിക്കറ്റുമായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും തിളങ്ങി.
Summary: Gautam Gambhir gives middle finger to crowd in response to 'Kohli.. Kohli' chants