അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ
കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായി ഹര്‍ഭജന്‍ സിങ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്.
''എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം ഇപ്പോൾ കൈക്കൊണ്ടിട്ടില്ല''-ഹർഭജൻ വ്യക്തമാക്കി.
എന്താണ് വരാൻ പോകുന്നതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതുവഴിക്ക് നീങ്ങണമെന്നതിനെക്കുറിച്ച് തീരുമാനിക്കാൻ കുറച്ചുദിവസം കൂടി വേണം. സമൂഹത്തിന് തിരിച്ചുകൊടുക്കണമെന്ന ആഗ്രഹമുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ അതെങ്ങനെയാകണമെന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ജനങ്ങളെ സഹായിക്കലാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അഭിമുഖത്തിൽ ഹർഭജൻ കൂട്ടിച്ചേർത്തു.
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹർഭജനെ പാർട്ടിയിലെത്തിക്കാൻ ബിജെപി നീക്കം നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താരം നിഷേധിച്ചിരുന്നു. ഇതിനു പിറകെയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഒരുപാട് സാധ്യതകളുള്ള ചിത്രമെന്നും പറഞ്ഞ് ഇതിന്റെ ദൃശ്യങ്ങൾ സിദ്ദു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹർഭജനെ പാർട്ടിയിലെത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. അമൃത്സർ ലോക്‌സഭാ മണ്ഡലത്തിൽ താരത്തെ സ്ഥാനാർത്ഥിയായി ഇറക്കാനായിരുന്നു നീക്കം. എന്നാൽ, ചർച്ച സ്ഥിരീകരിച്ച ഹർഭജൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സമയമായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.