''ധോണി ഒറ്റക്കാണോ ലോകകപ്പ് നേടിയത്? ബാക്കിയുള്ളവരെന്താ ലസി കുടിക്കാന്‍ പോയിരിക്കുകയായിരുന്നോ?!'' - ഹര്‍ഭജന്‍ സിങ്

''ക്രിക്കറ്റ് ടീം ഗെയിമാണ്, എല്ലാവരും ചേര്‍ന്നാണ് ആ ലോകകപ്പ് നേടിയത്, ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല...'' ഹർഭജൻ സിങ് പറഞ്ഞു.

Update: 2022-04-13 14:47 GMT
Advertising

2011 ലോകകപ്പ് വിജയത്തിലെ ധോണിയുടെ വിന്നിങ് സിക്സര്‍ ക്രിക്കറ്റ് പ്രേമികളൊന്നും മറക്കാനിടയില്ല, ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായിരുന്നു അത്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 91 റൺസും നേടി അവസാന സിക്സറിലൂടെ ലോകകപ്പ് വിജയവും നേടിത്തന്ന ധോണിയുടെ പ്രകടനം വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക്  വഹിച്ചു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എങ്കിലും മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് വിജയിച്ച ടീമംഗവുമായ ഹര്‍ഭജന്‍ ആ ക്രെഡിറ്റ് ധോണിക്ക് മാത്രമായി കിട്ടുന്നതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നു.

ആ ക്രെഡിറ്റ് ടീമംഗങ്ങള്‍ക്ക് മുഴുവനുള്ളതാണെന്നും ധോണി ഒറ്റക്ക് നേടിയ ജയമല്ലെന്നുമായിരുന്നു ഹര്‍ഭജന്‍റെ വാദം. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സിലെ ഷോയ്ക്കിടെയായിരുന്നു ഹർഭജൻറെ പരാമര്‍ശം. ക്രിക്കറ്റ് എല്ലായ്പ്പോഴും കൂട്ടായ പരിശ്രമമാണെന്നും ഒറ്റക്കൊരാള്‍ക്കും അതിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

2020 സീസണിൽ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ശ്രേയസ് അയ്യറിന്‍റെ നേതൃത്വത്തില്‍ ടീം ഫൈനലിലെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശ്രേയസിന്‍റെ നായകമികവിനെ പ്രശംസിച്ച മുഹമ്മദ് കൈഫിന്‍റെ നിലപാടിനോട് വിയോജിച്ചാണ് ഹര്‍ഭജന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. അയ്യർ ഡൽഹിയെ ഐ.പി.എൽ ഫൈനൽ വരെ എത്തിച്ചുവെന്ന കൈഫിന്‍റെ വിലയിരുത്തലിനോട് ഹർഭജൻ യോജിച്ചില്ല. 2011 ലോകകപ്പ് വിജയത്തിന്‍റെ ക്രെഡിറ്റ് ധോണിക്ക് മാത്രമായി ലഭിച്ചതിന്‍റെ ഉദാഹരണം നിരത്തിയായിരുന്നു ഹര്‍ഭജന്‍ ഈ വാദത്തെ പ്രതിരോധിച്ചത്.

"ആസ്ട്രേലിയ ലോകകപ്പ് നേടുമ്പോൾ മാധ്യമങ്ങളിലെ തലക്കെട്ടുകൾ ഇങ്ങനെയായിരുന്നു.. 'ആസ്ട്രേലിയ ലോകകപ്പ് നേടി' എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ എല്ലാവരും പറഞ്ഞതോ 'എം.എസ് ധോണി ലോകകപ്പ് നേടിയെന്നും... അതെന്താ ബാക്കി 10 പേരും ലസ്സി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നോ...? ഗൗതം ഗംഭീർ എന്ത് ചെയ്യുകയായിരുന്നു? ടീമിലുള്ള ബാക്കി 10 പേര്‍ എന്ത് ചെയ്യുകയായിരുന്നു...? ഇതൊരു ടീം ഗെയിമല്ലേ, എല്ലാവരും ചേര്‍ന്നാണ് ആ ലോകകപ്പ് നേടിയത്, ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല...'' ഹർഭജൻ സിങ് പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News