ഗിൽ-സൂര്യ കൂട്ടുകെട്ട് തകർത്ത് മഴ; രണ്ടാം ഏകദിനം ഉപേക്ഷിച്ചു
ഏറെ നാളുകൾക്കുശേഷം ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണിന് ഇന്നു വീണ്ടും പുറത്തിരിക്കേണ്ടിവന്നു
ഹാമിൽട്ടൻ: മഴയിൽ മുങ്ങി ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം. മഴയെ തുടർന്ന് ഏറെനേരം മുടങ്ങിയ ശേഷം 29 ഓവറിലേക്ക് വെട്ടിച്ചുരുക്കിയാണ് ഇന്ന് മത്സരം ആരംഭിച്ചത്. എന്നാൽ, 13-ാം ഓവർ തീരാൻ ഒരു പന്ത് ബാക്കിനിൽക്കെ വീണ്ടും രസംകൊല്ലിയായി വന്ന മഴ പിന്നീട് പിൻവാങ്ങിയതേയില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഈ സമയത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 89 എന്ന നിലയിലായിരുന്നു.
ആദ്യ ഏകദിനത്തിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഏറെ നാളുകൾക്കുശേഷം ടീമിൽ ഇടംലഭിച്ച ഒന്നാം ഏകദിനത്തിൽ ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയ സഞ്ജു സാംസണിനെ ടീം വീണ്ടും പുറത്തിരുത്തി. ദീപക് ഹൂഡയാണ് പകരം ടീമിലെത്തിയത്. ഷർദുൽ താക്കൂറിനു പകരം ദീപക് ചഹാറും എത്തി.
ടോസ് ലഭിച്ച കിവീസ് നായകൻ കെയ്ൻ വില്യംസൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആറാം ഓവറിൽ തന്നെ ഇന്ത്യൻ നായകൻ ശിഖർ ധവാനെ പുറത്താക്കി മാറ്റ് ഹെൻറി ന്യൂസിലൻഡിനു മികച്ച തുടക്കം നൽകി. മൂന്ന് റൺസെടുത്ത ധവാനെ ഹെൻറി ലോക്കി ഫെർഗൂസന്റെ കൈയിലെത്തിച്ചു. എന്നാൽ, പിന്നീട് ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും ചേർന്ന് തകർത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഗിൽ സിംഗിളുകളും ബൗണ്ടറികളുമായി സ്‌കോർ ഏകദിനശൈലിയിൽ ഗതിവേഗം കൂട്ടിയപ്പോൾ സൂര്യ ടി20 മോഡിലായിരുന്നു. 13 ഓവറാകുമ്പോഴേക്കും തന്റെ ബൗളർമാരെ മുഴുവൻ പുറത്തിറക്കിയെങ്കിലും കിവീസ് നായകൻ വില്യംസന് ഇരുവരെയും തടയാനായില്ല. ഒടുവിൽ മഴയുടെ രൂപത്തിലാണ് കിവികൾക്ക് ആശ്വാസമെത്തിയത്. ഈ സമയത്ത് ഗിൽ 42 പന്തിൽ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 45 റൺസാണ് സ്വന്തം പേരിലാക്കിയത്. സൂര്യയാണെങ്കിൽ 25 പന്ത് നേരിട്ട് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ച് 34 റൺസാണ് സ്വന്തമാക്കിയത്.
Summary: India vs New Zealand, 2nd ODI abandoned due to rain