ലേലം നിയന്ത്രിക്കുന്ന ഹ്യു എഡ്മീഡ്‌സ് കുഴഞ്ഞുവീണു; ഐ.പി.എല്‍ മെഗാലേലം നിർത്തിവച്ചു
12.25 കോടിക്ക് കൊൽക്കത്ത ടീമിലെത്തിച്ച ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതൽ പണം വാരിയ താരം
പുതിയ സീസൺ ഐ.പി.എൽ മെഗാ ലേലം പുരോഗമിക്കുന്നതിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യു എഡ്മീഡ്‌സ് കുഴഞ്ഞുവീണു. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇതോടെ ലേലം താൽക്കാലികമായി നിർത്തിവച്ചു.
രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നായിരുന്നു എഡ്മീഡ്‌സ് കുഴഞ്ഞുവീണതെന്നും പ്രാഥമിക പരിചരണത്തിനുശേഷം സാധാരണനിലയിലായിട്ടുണ്ടെന്നും ബി.സി.സി.ഐ അറിയിച്ചു. അദ്ദേഹത്തിനു പകരം 3.45നുശേഷം ചാരു ശർമയുടെ നിയന്ത്രണത്തിൽ ലേലം പുനരാരംഭിക്കുമെന്നാണ് ഐ.പി.എൽ മാനേജ്‌മെന്റ് അറിയിച്ചത്.
Mr. Hugh Edmeades, the IPL Auctioneer, had an unfortunate fall due to Postural Hypotension during the IPL Auction this afternoon.
— IndianPremierLeague (@IPL) February 12, 2022
The medical team attended to him immediately after the incident & he is stable. Mr. Charu Sharma will continue with the Auction proceedings today. pic.twitter.com/cQ6JbRjj1P
12 മണിക്കാണ് ലേലത്തിനു തുടക്കമായത്. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. 8.25 കോടിക്ക് താരത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊൽക്കത്ത ടീമിലെത്തിച്ച ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതൽ പണം വാരിയ താരം.
ഹർഷൽ പട്ടേൽ(10.75 കോടി-ആർ.സി.ബി), ജേസൻ ഹോൾഡർ(8.75 കോടി-ലഖ്‌നൗ സൂപ്പർ ജയന്റ്സ്), ദേവ്ദത്ത് പടിക്കൽ(7.75 കോടി-രാജസ്ഥാൻ റോയൽസ്), ഡേവിഡ് വാർണർ(6.25 കോടി-ഡൽഹി ക്യാപിറ്റൽസ്), ഫാഫ് ഡ്യൂപ്ലസിസ്(ഏഴ് കോടി-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ), മുഹമ്മദ് ഷമി(6.25 കോടി-ഗുജറാത്ത് ടൈറ്റൻസ്), ക്വിന്റൻ ഡീക്കോക്ക്(6.75 കോടി-ലഖ്‌നൗ സൂപ്പർ ജയന്റ്സ്), ട്രെന്റ് ബോൾട്ട്(എട്ട് കോടി-രാജസ്ഥാൻ), കഗിസോ റബാദ(9.25 കോടി-രാജസ്ഥാൻ), രവിചന്ദ്ര അശ്വിൻ(അഞ്ചുകോടി-രാജസ്ഥാൻ) എന്നിങ്ങനെയാണ് ഇതുവരെ ലേലത്തിൽ പോയ താരങ്ങൾ.
സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഡെവിഡ് മില്ലർ എന്നിവരെ ആരും വിളിച്ചില്ല. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും അല്ലാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.