ഓര്‍മയുണ്ടോ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട സിംബാബ്വേക്കാരനെ, ഹാട്രിക് എഡ്ഡോ ബ്രാണ്ടസ്!
പരമ്പര തൂത്തുവാരാമെന്ന് കരുതിയെത്തിയ ഇംഗ്ലീഷ് പടയെ വൈറ്റ് വാഷ് അടിച്ചുവിട്ട സിംബാബ്വേ കരുത്ത്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കുമേല്‍ ഇടിത്തീ പോലെ പെയ്ത പേസര്‍ എഡ്ഡോ ബ്രാണ്ടസായിരുന്നു സിംബാബ്‌വെയുടെ ഹീറോ
1996 ലെ സിംബാബ്വേ പര്യടനം ഇംഗ്ലണ്ട് ടീം മറക്കാനിടയില്ല. ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് ഏഴ് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ വേദനയില്‍ നിന്ന് മോചിതരാകുന്നതിന് മുമ്പ് കിട്ടിയ പ്രഹരം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ ഇംഗ്ലണ്ടിന്‍റെ ആ വര്‍ഷത്തെ സിംബാബ്വേ പര്യടനം. സന്ദര്‍ശകരായി എത്തി പരമ്പര തൂത്തുവാരാമെന്ന് കരുതിയ ഇംഗ്ലീഷ് പടയെ ടൂര്‍ണമെന്‍റ് വൈറ്റ് വാഷ് അടിച്ചുവിട്ടാണ് സിംബാബ്വേ ഞെട്ടിച്ചത്.
രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പര്യടനത്തിനാണ് ഇംഗ്ലണ്ട് സിംബാബ്വേയിലെത്തിയത്. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ഇംഗ്ലണ്ടിന് പക്ഷേ പിഴച്ചു. ഒരൊറ്റ മത്സരം പോലും സിംബാബ്വേ മണ്ണില്‍ ജയിക്കാന്‍ ഇംഗ്ലീഷ് കരുത്തിനായില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സിംബാബ്വേ തൂത്തുവാരി.
സിംബാബ്വേക്കായി ആന്‍ഡി ഫ്ലവറും ഗ്രാന്‍ഡ് ഫ്ലവറും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ ബൌളിങ് നിരയില്‍ എന്നും ഓര്‍ത്തുവെക്കാന്‍ പോകുന്ന പ്രകടനം കാഴ്ചവെച്ചത് എഡ്ഡോ ബ്രാണ്ടസ് തീപ്പൊരി ബൌളറാണ്. സിംബാബ്വേ പോലൊരു രാജ്യത്തുനിന്ന് ഹാട്രിക് നേട്ടം. അതും ക്രിക്കറ്റിലെ അതികായന്മാരെ തന്നെ എറിഞ്ഞിട്ടുകൊണ്ട്. ആ പരമ്പര ഓര്‍ത്തുവെക്കുന്നത് തന്നെ എഡ്ഡോ ബ്രാണ്ടസിന്‍റെ പേരിലാണ്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് പരമ്പര നഷ്ടത്തിന്‍റെ ജാള്യത മറയ്ക്കാന്‍ ആശ്വാസ ജയം തേടിയിറങ്ങിയതാണ്. പക്ഷേ ആശ്വാസ ജയത്തിനുള്ള അവസരം പോലും സിംബാബ്വേ കൊടുത്തില്ല. 131 റണ്‍സിന്‍റെ ഉജ്വല ജയമായിരുന്നു മൂന്നാം ഏകദിനത്തില്‍ സിംബാബ്വേ നേടിയത്.
ഇംഗ്ലണ്ടിന്‍റെ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 30 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇംഗ്ലണ്ട് സ്കോര്‍കാര്‍ഡില്‍ 9 റണ്‍സ് മാത്രം എത്തിനില്‍ക്കുമ്പോഴായിരുന്നു എഡ്ഡോ ബ്രാണ്ടസ് എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മൂന്നാം ഓവറിന്‍റെ അവസാന പന്തില്‍ ഓപ്പണര്‍ നിക്ക് നൈറ്റിനെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവറിന്‍റെ കൈയിലെത്തിച്ച ബ്രാണ്ടസ് അഞ്ചാം ഓവറില്‍ വീണ്ടുമെത്തി. ആദ്യ പന്തില്‍ ജോൺ ക്രാളിയെ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. രണ്ടാം പന്തില്‍ നാസര്‍ ഹുസൈനെ വീണ്ടും ഫ്ലവറിന്‍റെ കൈകളിലെത്തിച്ച് ഹാട്രിക് നേട്ടം. ഇംഗ്ലണ്ട് 13 ന് മൂന്ന് എന്ന പരിതാപകരമായ നിലയിലേക്ക്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പിന്നീട് ഇംഗ്ലണ്ടിനായില്ല. മത്സരത്തില്‍ മൊത്തം 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് എഡ്ഡോ ബ്രാണ്ടസ് പിഴുതത്. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ബ്രാണ്ടസ് തന്നെ സ്വന്തമാക്കി.
ഇതിന് മുന്‍പും ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത ബ്രാണ്ടസ് കൊടുങ്കാറ്റ്
ലോകകപ്പിലായിരുന്നു ഇതിനുമുന്‍പ് എഡ്ഡോ ബ്രാണ്ടസ് ഇംഗ്ലണ്ടിനെതിരെ വിശ്വരൂപം പുറത്തെടുത്തത്. 1992 ലോകകപ്പിലെ ഇംഗ്ലണ്ട്-സിംബാബ്വേ മത്സരം. ക്രിക്കറ്റിലെ കുഞ്ഞന്‍മാരാ സിംബാബ്‌വെ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടുന്നു. 1992 മാര്‍ച്ച് 18നായിരുന്നു മത്സരം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46.1 ഓവറില്‍ 134 റണ്‍സിന് സിംബാബ്വെയെ പുറത്താക്കിയ ഇംഗ്ലണ്ട് അനായാസ ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിംബാബ്‌വെയുടെ നിശ്ചയദാര്‍ഢ്യത്തിനും പോരാട്ടവീര്യത്തിനും മുന്‍പില്‍ ഇംഗ്ലീഷുകാര്‍ തകര്‍ന്നടിഞ്ഞു.
അഞ്ചു പന്ത് ബാക്കിനില്‍ക്കെ 125 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്...! സിംബാബ്‌വെയ്ക്കു ഒന്‍പത് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കുമേല്‍ ഇടിത്തീ പോലെ പെയ്ത പേസര്‍ എഡ്ഡോ ബ്രാണ്ടസായിരുന്നു സിംബാബ്‌വെയുടെ ഹീറോ. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബ്രാണ്ടസ് നാലു വിക്കറ്റെടുത്തു. ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. ഏകദിന ചരിത്രത്തിലെ തന്നെ സിംബാബ്‌വെയുടെ രണ്ടാമത്തെ മാത്രം ജയമായിരുന്നു ഇത്.