''ക്യാപ്റ്റനായി തുടരാന്‍ ആരും ആവശ്യപ്പെട്ടില്ല''; കോഹ്‍ലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഗാംഗുലി 'എയറില്‍'
ഗാംഗുലിയുടെ വാദം പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
വിരാട് കോഹ്‍ലിയുടെ പത്രസമ്മേളനത്തിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. ടി20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് അറിയിച്ചപ്പോള്‍ ആരും തീരുമാനം മാറ്റണമെന്ന് തന്നോട് ആവശ്യപ്പെട്ടില്ലെന്ന കോഹ്‍ലിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വിരാടിനോടെ നായകസ്ഥാനം ഒഴിയരുതെന്ന് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെയാണ് കോഹ്‍ലി സ്വന്തം ഇഷ്ടപ്രകാരം നായകസ്ഥാനം ഒഴിഞ്ഞതെന്നുമായിരുന്നു ഗാംഗുലി കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനെ പരസ്യമായി തള്ളിക്കൊണ്ടാണ് കോഹ്‍ലി പത്രസമ്മേളനത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഗാംഗുലിയുടെ വാദം പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്തിനാണ് ഗാംഗുലീ നിങ്ങള്‍ കള്ളം പറഞ്ഞത് എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ ബി.സി.സി.ഐ പ്രസിഡന്‍റിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.
'ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ഞാൻ വിരാടിനോട് അഭ്യർത്ഥിച്ചുവെന്ന് ഗാംഗുലി, ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ലെന്ന് കോഹ്‍ലി' ഇങ്ങനെ കള്ളം പറയണമായിരുന്നോ ഗാംഗുലീ...? ട്വിറ്ററില്‍ ഒരു ആരാധകന്‍ ചോദിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്നതിനിടെയാണ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം എന്ന നിലയ്ക്കാണ് കോഹ്‍ലി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് സൌത്താഫ്രിക്കയിലേക്ക് തിരിക്കും. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം കോഹ്‍ലി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്.
ഏകദിന ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിലെ അതൃപ്തി കോഹ്‍ലി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയിരുന്നു. ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതെന്ന് പറഞ്ഞ കോഹ്‍ലി നേരത്തേ ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഈ പ്രസ്താവനയാണ് ഗാംഗുലിക്ക് വിനയായത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളെയും കോഹ്‍ലി തള്ളി. വിവാദങ്ങൾക്കെല്ലാം പിന്നില്‍ മാധ്യമ സൃഷ്ടികളാണെന്നും അതിനെപ്പറ്റി മറുപടി പറയേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കിയവരാണെന്നും കോഹ്‍ലി പറഞ്ഞു.
അപ്രതീക്ഷിതമായി ഏകദിന ടീമിന്‍റെ നായകപദവി നഷ്ടമായ കോഹ്‍ലി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ട്വിറ്ററിലൂടെയായിരുന്നു ബി.സി.സി.ഐ ഇന്ത്യയുടെ പുതിയ ഏകദിന നായകനായി രോഹിത്തിനെ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് ടീമിനെ കോഹ്‍ലി തന്നെ നയിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ നിന്നും കോഹ്‍ലി അവധിയെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ഏകദിനത്തിലെ നായകസ്ഥാനം നഷ്ടമായതിലെ അതൃപ്തിയാണ് കോഹ്‍ലിയുടെ അവധിയപേക്ഷക്ക് പിന്നിലെന്നായിരുന്നു വിമർശകരുടെ വാദം.
എന്നാല്‍ ഏകദിന പരമ്പരയ്ക്ക് കോഹ്‍ലി ഉണ്ടാകില്ലെന്ന വാര്‍ത്തകളെ തള്ളിയ താരം രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. ബി.സി.സി.ഐയോട് താന്‍ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും ഞാനും ടീമിലുണ്ടാകുമെന്നും കോഹ്‍ലി വ്യക്തമാക്കി. കളിയില്‍ ഒരു ഇടവേളയും എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല മാധ്യമങ്ങള്‍ കള്ളം എഴുതിവിടുകയാണ്. കോഹ്‍ലി പറഞ്ഞു.