അടിയോടടി; നെറ്റ്സിലും കലിപ്പിൽ സഞ്ജു, വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ റോയൽസ്
അവസാന ഓവറിൽ കളി തോറ്റെങ്കിലും ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഇന്നിങ്സ് ശ്രദ്ധനേടി
അഹമ്മദാബാദ്: ഐ.പി.എൽ രണ്ടാം ക്വാളിഫൈയറിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം വെള്ളിയാഴ്ച നടക്കാനിരിക്കെ, ക്യാപ്ടൻ സഞ്ജു സാംസണിന്റെ ബാറ്റിങ് പരിശീലന വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിൽ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി സഞ്ജുവും സംഘവും ബുധനാഴ്ച തന്നെ നഗരത്തിലെത്തിയിരുന്നു.
'സഞ്ജുവിന്റെ 1.05 ഏറ്റവും മികവിൽ' എന്ന തലക്കെട്ടോടെയാണ് ഒരു മിനുട്ടിലേറെ ദൈർഘ്യമുള്ള വീഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒന്നാം ക്വാളിഫൈയറിലെ തന്റെ ഇന്നിങ്‌സിനെ ഓർമിപ്പിക്കുന്ന വിധത്തിൽ കൂറ്റനടികളും കരുത്തുറ്റ ഷോട്ടുകളുമാണ് സഞ്ജു നെറ്റ്‌സിൽ പരിശീലിക്കുന്നത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ മൂന്നാം ഓവറിൽ തന്നെ ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന സഞ്ജു 26 പന്തിൽ നിന്ന് 47 റൺസാണ് നേടിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും നിറം പകർന്ന ക്യാപ്ടന്റെ ഇന്നിങ്‌സ്, ആദ്യഘട്ടത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ജോസ് ബട്‌ലറിന് ആശ്വാസമായി. ബട്‌ലറിന്റെ സെഞ്ച്വറിയടക്കം രാജസ്ഥാൻ 188 റൺസെടുത്തെങ്കിലും ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് മികവിൽ മൂന്നു പന്ത് ശേഷിക്കെ ടൈറ്റൻസ് ലക്ഷ്യം കണ്ടു.
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കരുത്തരായ ഗുജറാത്തിനോട് തോറ്റെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് ആരാധകർക്ക് ആവേശം പകർന്നിരുന്നു. ഈ ഇന്നിങ്‌സോടെ ഐ.പി.എല്ലിൽ രാജസ്ഥാനു വേണ്ടി ഏറ്റവുമധികം റൺസുള്ള ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് മലയാളി താരം സ്വന്തം പേരിലാക്കി.
സീസണിൽ 421 റൺസുമായി സ്‌കോറർമാരുടെ ലിസ്റ്റിൽ 13-ാം സ്ഥാനത്താണ് സഞ്ജു. 15 മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ച്വറികളും 24 സിക്‌സറുകളും 40 ഫോറുകളുമടക്കമാണ് ഈ നേട്ടം.
ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ദേശീയ ടീമിൽ സഞ്ജുവിന് ഇടം നൽകാത്തത് വിവാദമായിരുന്നു. ഹർഷ ഭോഗ്ലെയടക്കമുള്ള പ്രമുഖർ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും ടീമിൽ ഇടംനേടുമെന്നാണ് താൻ കരുതിയിരുന്നത് എന്നാണ് ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി൨൦ ലോകകപ്പിന് സഞ്ജുവിനെ പരിഗണിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഭോഗ്ലെ വ്യക്തമാക്കി.