തകർത്തടിച്ച് വീണ്ടും സൂര്യ; സന്നാഹത്തിൽ ഇന്ത്യയ്ക്ക് 13 റൺസ് ജയം
52 റൺസെടുത്ത സൂര്യയും പുറമെ മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഓസീസ് വിക്കറ്റുകൾ കൊയ്ത അർശ്ദീപുമാണ് ഇന്ത്യൻ സംഘത്തിൽ തിളങ്ങിയത്
പെർത്ത്: ലോകകപ്പ് സന്നാഹ മത്സരത്തിൽ വെസ്റ്റേൺ ആസ്‌ട്രേലിയയെ ഇന്ത്യ 13 റൺസിന് തകർത്തു. പെർത്തിൽ നടന്ന ആദ്യ സന്നാഹ മത്സരത്തിലാണ് ഇന്ത്യ സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറിയുടെയും അർശ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ എന്നിവരുടെ ബൗളിങ്ങിന്റെയും കരുത്തിൽ വിജയം സ്വന്തമാക്കിയത്.
ടോസ് ലഭിച്ച് ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഓപണർമാരായ രോഹിത് ശർമ(മൂന്ന്), ഋഷഭ് പന്ത്(ഒൻപത്) എന്നിവരെ നഷ്ടപ്പെട്ടു. തുടക്കത്തിലേറ്റ ആഘാതത്തിൽനിന്ന് ദീപക് ഹൂഡയും സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഹൂഡ 14 പന്തിൽ 22 റൺസെടുത്തു. സൂര്യ 35 പന്തിലാണ് 52 റൺസ് അടിച്ചെടുത്തത്. ഹർദിക് പാണ്ഡ്യ(27), ദിനേശ് കാർത്തിക്(19*), അക്‌സർ പട്ടേൽ(10), ഹർഷൽ പട്ടേൽ(അഞ്ച്) എന്നിങ്ങനെയാണ് മറ്റു സ്‌കോറർമാർ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിൽ പവർപ്ലേയിൽ തന്നെ ഭുവനേശ്വർ ഓസീസ് സംഘത്തെ ഞെട്ടിച്ചു. ഓപണർമാരായ ഡാർസി ഷോർട്ട്, ആഷ്ടൻ ടേണർ എന്നിവരെ താരം പുറത്താക്കി. പവർപ്ലേയിൽ നാലിന് 29 എന്ന നിലയിലായിരുന്ന ആസ്‌ട്രേലിയയെ സാം ഫാനിങ് ആണ് രക്ഷിച്ചത്. എന്നാൽ, അർധസെഞ്ച്വറി പിന്നിട്ട് 59ൽ നിൽക്കെ അർശ്ദീപ് ഫാനിങ്ങിനെ പുറത്താക്കി. ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച ഹാമിഷ് മക്കെൻസിയെയും താരം മടക്കിയ അയച്ചു.
അവസാന ഓവറിൽ വെസ്‌റ്റേൺ ആസ്‌ട്രേലിയയ്ക്ക് ജയിക്കാൻ 32 റൺസ് വേണ്ടിയിരുന്നു. എന്നാൽ, ലക്ഷ്യത്തിന് 13 റൺസകലെ ആതിഥേയർ വീണു. എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ സംഘത്തിനായുള്ളൂ. ഇന്ത്യൻ ബൗളർമാരിൽ മൂന്ന് ഓവറിൽ വെറും ആറു റൺസ് വിട്ടുകൊടുത്ത് മൂന്ന് ഓസീസ് വിക്കറ്റുകൾ കൊയ്ത അർശ്ദീപാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഭുവനേശ്വർ നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്തും ചഹൽ നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്തും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഹർഷലിന് ഒരു വിക്കറ്റും ലഭിച്ചു.
Summary: India defeat Western Australia by 13 runs in Perth's T20 World Cup warm-up match