ആത്മവിശ്വാസം പകർന്ന് കോഹ്ലി; ഒടുവിൽ ബാംഗ്ലൂർ പെൺപടയ്ക്ക് ആശ്വാസജയം
ടീമിന് ജയിക്കാനുള്ള തീപകർന്നത് വിരാട് കോഹ്ലിയാണെന്നാണ് ഇന്നലെ മത്സരത്തിലെ താരമായ കനിക അഹുജ വെളിപ്പെടുത്തിയത്
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിൽ ജയം കിട്ടാക്കനിയായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്നലെ ആശ്വാസദിനമായിരുന്നു. കനിക അഹുജയെന്ന യുവ ഇന്ത്യൻ ഓൾറൗണ്ടറാണ് ടീമിനെ ആശ്വാസ വിജയത്തിന്റെ തീരത്തേക്ക് നയിച്ചത്. എന്നാൽ, മത്സരശേഷം ടീമിന്റെ വിജയരഹസ്യവും കനിക വെളിപ്പെടുത്തി; വിരാട് കോഹ്ലി പകർന്ന ആത്മവിശ്വാസവും തീയും.
ബുധനാഴ്ചയാണ് വനിതാ ടീമിനെ കാണാൻ ആർ.സി.ബി പുരുഷ ടീമിന്റെ സൂപ്പർതാരം എത്തിയത്. ഇന്ത്യൻ ടീമിന്റെ പരിശീലനം ഒഴിവാക്കിയായിരുന്നു ആർ.സി.ബി സംഘത്തിന് ആത്മവിശ്വാസം പകരാൻ കോഹ്ലിയുടെ വരവ്. സമ്മർദം എന്നൊരു സംഗതിയില്ലെന്നും ആനന്ദം മാത്രമേയുള്ളൂവെന്നുമായിരുന്നു കോഹ്ലി നൽകിയ മോട്ടിവേഷനെന്ന് കനിക വെളിപ്പെടുത്തി.
ഗ്രൗണ്ടിലുണ്ടാകുമ്പോൾ സമ്മർദത്തിലാകരുതെന്ന് കോഹ്ലി ഉപദേശിച്ചു. നമ്മൾൾക്ക് ഇവിടെ കളിക്കാനാകുന്നത് സന്തോഷമുള്ള കാര്യമാണ്. എല്ലാവർക്കും ഇതേ അവസരം ലഭിക്കില്ലെന്നും കോഹ്ലി പറഞ്ഞതായി കനിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. സൂര്യകുമാർ യാദവിനെപ്പോലെ 360 ക്രിക്കറ്റ് താരമാകുകയാണ് തന്റെ സ്വപ്‌നമെന്നും പഞ്ചാബുകാരിയായ കനിക പറഞ്ഞു.
വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചു തോൽവിക്കുശേഷമാണ് യു.പി വാരിയേഴ്‌സിനെതിരായ ആറാം മത്സരത്തിൽ ആർ.സി.ബി അനിവാര്യ ജയം കണ്ടെത്തുന്നത്. ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ സ്മൃതി മന്ഥാന ബൗളിങ് തിരഞ്ഞെടുത്ത മത്സരത്തിൽ 135 റൺസിന് യു.പിയെ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിൽ സൂപ്പർ താരം സ്മൃതി(പൂജ്യം) അടക്കം മുൻനിര താരങ്ങൾ ഉത്തരവാദിത്തം മറന്നപ്പോൾ ഒടുവിൽ രക്ഷകവേഷത്തിലെത്തിയത് കനികയായിരുന്നു. ദേശീയ ടീമിലെ വിക്കറ്റ് കീപ്പർ റിച്ച ഘോഷിനെ(31) കൂട്ടുപിടിച്ചായിരുന്നു യുവതാരം ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
കരുതലോടെ തുടങ്ങി കത്തിക്കയറിയ 20കാരി അർധസെഞ്ച്വറിക്ക് നാല് റൺസകലെയാണ് വീണത്. 30 പന്തിൽ എട്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കനിക 46 റൺസെടുത്തത്. ദേശീയ ടീമിൽ ഇടംലഭിക്കാത്ത ഒരു വനിതാ താരത്തിന്റെ ഉയർന്ന പ്രീമിയർ ലീഗ് സ്‌കോറാണിത്. കനിക തന്നെയാണ് മത്സരത്തിലെ താരവും.
Summary: Virat Kohli's speech motivates RCB women's team ahead of their first WPL 2023 win in match vs UP Warriorz