''രോഹിത്തുമായി യാതൊരു പ്രശ്നവുമില്ല, ഞാനിത് പറഞ്ഞുപറഞ്ഞ് മടുത്തു'': വിരാട് കോഹ്‍ലി

ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് ഉണ്ടാകില്ലെന്ന വാര്‍ത്തകളെ തള്ളിയ കോഹ്‍ലി രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്

Update: 2021-12-15 10:26 GMT
Advertising

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ടെസ്റ്റ് ടീം നായകന്‍ കോഹ്‍ലി രംഗത്ത്. രോഹിത് ശര്‍മ്മയും കോഹ്‍ലിയുമായി പടലപ്പിണക്കമാണെന്ന് പല കോണുകളില്‍ നിന്നായി പ്രചരിച്ച വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ടാണ് കോഹ്‍‍ലി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ''ഞാനും രോഹിത് ശര്‍മ്മയും തമ്മില്‍ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളില്ല. ഇക്കാര്യം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഞാന്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതേകാര്യം പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്തിരിക്കുന്നു.'' കോഹ്‍ലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദം രൂക്ഷമാകുന്നതിനിടെയാണ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി മാധ്യമങ്ങളെ കണ്ടത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം എന്ന നിലയ്ക്കാണ് കോ‍ഹ്‍ലി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് സൌത്താഫ്രിക്കയിലേക്ക് തിരിക്കും. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം കോഹ്‍ലി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്.

വെടിപൊട്ടിച്ച് കോഹ്‍ലി

ഏകദിന ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിലെ അതൃപ്തി കോഹ്‍ലി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കി. ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തന്നെ അറിയിച്ചതെന്ന് പറഞ്ഞ കോഹ്‍ലി നേരത്തം ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളെയും കോഹ്‍ലി തള്ളി. വിവാദങ്ങൾക്കെല്ലാം പിന്നില്‍ മാധ്യമ സൃഷ്ടികളാണെന്നും അതിനെപ്പറ്റി മറുപടി പറയേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കിയവരാണെന്നും കോഹ്‍ലി പറഞ്ഞു.

അപ്രതീക്ഷിതമായി ഏകദിന ടീമിന്‍റെ നായകപദവി നഷ്ടമായ കോഹ്‍ലി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ട്വിറ്ററിലൂടെയായിരുന്നു ബി.സി.സി.ഐ ഇന്ത്യയുടെ പുതിയ ഏകദിന നായകനായി രോഹിത്തിനെ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് ടീമിനെ കോഹ്‍ലി തന്നെ നയിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ നിന്നും കോഹ്‍ലി അവധിയെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ഏകദിനത്തിലെ നായകസ്ഥാനം നഷ്ടമായതിലെ അതൃപ്തിയാണ് കോഹ്‍ലിയുടെ അവധിയപേക്ഷക്ക് പിന്നിലെന്നായിരുന്നു വിമർശകരുടെ വാദം.

എന്നാല്‍ ഏകദിന പരമ്പരയ്ക്ക് കോഹ്‍ലി ഉണ്ടാകില്ലെന്ന വാര്‍ത്തകളെ തള്ളിയ താരം രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. ബിസിസിഐയോട് താന്‍ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും ഞാനും ടീമിലുണ്ടാകുമെന്നും കോഹ്‍ലി‍ വ്യക്തമാക്കി. കളിയില്‍ ഒരു ഇടവേളയും എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല മാധ്യമങ്ങള്‍ കള്ളം എഴുതിവിടുകയാണ്. കോഹ്‍ലി പറഞ്ഞു.

കോഹ്‍ലിയുടെ ക്യാപ്റ്റന്‍സി; നാള്‍വഴികള്‍

ഒടുവില്‍ കിങ് കോഹ്‍ലിക്ക് ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറക്കം. ഏഴ് വർഷം മുമ്പാണ് കോഹ്‍ലി ആദ്യമായി ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. തോല്‍വിയോടെയായിരുന്നു ക്യാപ്റ്റന്‍സി അരങ്ങേറ്റമെങ്കിലും പടിയിറങ്ങുന്നത് ഇന്ത്യക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന നായകനായാണ്.2014 ഡിസംബറിലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ക്യാപ്റ്റന്‍ ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. കോഹ്‍‍ലി അങ്ങനെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീമിന്‍റ നായകസ്ഥാനം ഏറ്റെടുക്കുന്നു. ആദ്യ ടെസ്റ്റില്‍ 48 റണ്‍സിന്‍റെ തോല്‍വി, രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റിന്‍റെ തോല്‍വി മൂന്നും നാലും ടെസ്റ്റ് സമനിലയില്‍. ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും മോശം തുടക്കം. പക്ഷേ തോറ്റുകൊടുക്കാന്‍ കോഹ്‍ലി തയ്യാറല്ലായിരുന്നു. ഇന്ത്യന്‍ നായകന്മാരില്‍ എല്ലാ ഫോ‍‍ര്‍മാറ്റുകളിലുമായി ഏറ്റവുമധികം വിജയങ്ങള്‍ തന്‍റെ പേരിനൊപ്പം തുന്നിച്ചേര്‍ത്തുകൊണ്ടാണ് കളിക്കളത്തിലെ നായകന്‍റെ തൊപ്പി അഴിച്ചുവെക്കുന്നത്.

ടി20 നായകസ്ഥാനം ലോകകപ്പോടെ ഒഴിഞ്ഞ വിരാട് ഏകദിനത്തിലെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടി വിട പറയുമ്പോള്‍ ടെസ്റ്റിലെ ക്യാപ്റ്റന്‍ ക്യാപ് മാത്രമാണ് ബാക്കിയാകുന്നത്. എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടിയ ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന നാഴികക്കല്ല് കൂടി പിന്നിട്ടിട്ടാണ് കോഹ്‍ലി ഏകദിന ക്യാപ് രോഹിതിന് കൈമാറുന്നത്.2019ലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ കോഹ്‍ലി ധോണിയെ മറികടക്കുന്നത്. 66 ടെസ്റ്റില്‍ കോഹ് ലി ഇന്ത്യയെ നയിച്ചപ്പോള്‍ 39 ടെസ്റ്റില്‍ ടീം വിജയതീരം തൊട്ടു. വിജയശരാശരി 59 നും മുകളില്‍.

രണ്ടാം സ്ഥാനത്തുള്ള ധോണിക്ക് കീഴില്‍ 60 മത്സരങ്ങളില്‍ നിന്ന് 27 ജയങ്ങളാണ് ടീം ഇന്ത്യക്ക് നേടാനായത്. ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ കോഹ് ലിയിലെ നായകന് കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ന്യൂസിലന്‍ഡിനെ തന്നെ മറികടന്നാണ് കോഹ്‍ലിയും കൂട്ടരും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ഏകദിനത്തിലെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

95 ഏകദിന മത്സരങ്ങളിലാണ് കോഹ‍്‍ലി ഇന്ത്യന്‍ ടീമിനെ നയിച്ചത്. അതില്‍ 65 കളികളും ഇന്ത്യന്‍ ടീം വിജയിച്ചു. ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരില്‍ നാലാം സ്ഥാനത്താണ് കോഹ്‍ലി. 200 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ് ധോണിയാണ് പട്ടികയിലെ ഒന്നാമന്‍. പക്ഷേ വിന്നിങ് ആവറേജില്‍ മറ്റ് മൂന്ന് പേരേക്കാളും ബഹുദൂരം മുന്നിലാണ് വിരാടിലെ ക്യാപ്റ്റന്‍റെ ശരാശരി.

വിരാട് ക്യാപ്റ്റനായി എത്തിയ മത്സരങ്ങളില്‍ 70 .43 ശതമാനം മത്സരങ്ങളിലും ടീം ഇന്ത്യ വിജയിച്ചു. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയെ നയിച്ച ധോണിയുടെ വിജയശരാശരി 59 ശതമാനം മാത്രമാണ്. 174 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അസ്ഹറുദ്ദീന് 54 ശതമാനം മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. 147 മത്സരങ്ങളി‍ല്‍ ടീമിനെ നയിച്ച ഗുലിക്കാകട്ടെ 53 ശതമാനം മത്സരങ്ങളിലാണ് ടീമിനെ ജയിപ്പിക്കാനായത്.

കോഹ്‍ലിയും നായകസ്ഥാനവും

എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം 2017 ജനുവരിയിലാണ് വിരാട് കോഹ്‍ലി മുഴുവന്‍ സമയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് എത്തുന്നത്. കോഹ്‍‌ലിയുടെ ക്യാപ്റ്റന്‍സിയിൽ 50 ടി20 മത്സരങ്ങൾ ഇന്ത്യ കളിച്ചു. അതിൽ 30 ജയം നേടാന്‍ ടീമിനായി... 65 ശതമാനത്തോളം വിജയശരാശരി... 93 ടി20 മത്സരങ്ങളിൽ നിന്നായി 52 ശരാശരിയിൽ 3227 റൺസ്. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ടി20 യില്‍ കോ‍ഹ്‍ലിയുടെ ട്രാക്ക് റെക്കോർഡ് അത്രമോശമല്ല. എങ്കിലും നായകസ്ഥാനത്തെ ഭാഗ്യദോഷം കരിയറിൽ ഉടനീളം കോഹ്‍ലിയെ പിന്തുടർന്നുവെന്ന് പറയാം ടി20 നായകസ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് തോൽവി. ടെസ്റ്റിലും ക്യാപ്റ്റനായുള്ള ആദ്യമത്സരം കോഹ‍്‍ലിക്ക് പരാജയമാണ് സമ്മാനിച്ചത്. പക്ഷേ ടി20 യില്‍ ആദ്യ മത്സരത്തില്‍ തന്നെ തോറ്റ ക്യാപ്റ്റന്‍ എന്ന ദുഷ്പേരിനോട് ചേർത്ത് ടോസ് ഭാഗ്യമില്ലാത്ത നായകൻ എന്നും പിന്നീട് കോഹ്‍ലിയെ വിളിക്കപ്പെട്ടു. കോഹ്‍ലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ കളിച്ച അവസാന ടി20 ലോകകപ്പില്‍ നിര്‍ണായ മത്സരങ്ങളിലെല്ലാം കോഹ്‍ലിക്ക് ടോസ് നഷ്ടമായി. നായകനായ 50 ടി20 മത്സരങ്ങളില്‍ 30 കളികളിലും കോഹ്‍ലിക്ക് ടോസ് നഷ്ടപ്പെട്ടു.

ഐ.സി.സി ടൂര്‍ണമെന്‍റുകള്‍

കോഹ്‍ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിച്ചത് നാല് ഐ.സി.സി ടൂർണമെന്‍റുകളാണ്. ഇതിൽ രണ്ടെണ്ണത്തിൽ ഫൈനലിൽ പരാജയപ്പെട്ടു. 2019 ഏകദിന ലോകകപ്പിൽ സെമിയിൽ തോൽവി വഴങ്ങി. 2020 ഇല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. അവിടെയും പടിക്കല്‍ കലമുടച്ചു. ഫൈ

ഐ.പി.എല്‍

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ക്യാപ്റ്റൻസി 2013 മുതൽ തുടർച്ചയായി 10 വർഷം കോഹ്‍ലിക്കായിരുന്നു. എന്നാൽ അവിടെയും കിരീട ഭാഗ്യം കോഹ്‍ലിയെ തുണച്ചില്ല. പല സീസണിലും ടീം പ്ലേ ഓഫ് കടന്നതുപോലുമില്ല. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളിലും നായകനായി മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും കിരീട ഭാഗ്യം ഇല്ലാതെ പോയ അപൂര്‍വ നായകന്മാരില്‍ ഒരാളായി കോഹ്‍ലി ഇന്നും നിസ്സഹായനായി നില്‍ക്കുന്നു.

മൂന്ന് ഫോർമാറ്റിലും ലോക റാങ്കിങിൽ ഒന്നാമതുള്ളപ്പോൾ വിരാട് കോഹ്‍ലിയെന്ന് പ്രതിഭ ടീമിന്‍റെ നായകൻ മാത്രമായിരുന്നില്ല, റൺ മെഷീനും കൂടിയായിരുന്നു. റാങ്കിങില്‍ നിന്ന് വീണ സമയത്ത് തന്നെയാണ് നേരത്തെ കോഹ്‍‍ലി ടി 20 ക്യാപ്റ്റൻസി ഒഴിയുന്നതും. ഇതിനിടയില്‍ കോഹ്‍ലിയുടെ ഏകദിന ടെസ്റ്റ് ഫോർമാറ്റിലെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ദ്രാവിഡ് മുഖ്യപരിശീലകനായി എത്തുന്നതും രോഹിത്തിന് ഏകദിന ക്യാപ്റ്റന്‍ ക്യാപ് കൈമാറാന്‍ കോഹ്‍ലി നിര്‍ബന്ധിതനാകുന്നതും.. കോഹ്‍ലി യുഗത്തിന് അവസാനമായി എന്ന് പറയുന്നവരുടെ വാക്കുകളുടെ മുനയൊടിയുമോ മൂര്‍ച്ച കൂടുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിലും കോഹ്‍ലിക്ക് പകരക്കാരന്‍ നായകന്‍ എത്തുമോ അതോ കോഹ്‍ലി തന്നെ തുടരുമോ എന്നും കണ്ടറിയാം..

https://www.mediaoneonline.com/cricket/virat-kohli-steps-down-from-indian-cricket-team-captaincy-160921

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News