കൊറിയര്‍ വഴി പാഴ്‌സലായി എത്തിയത് 31 കിലോ കഞ്ചാവ്; വാങ്ങാനെത്തിയവരെ പിടികൂടി പൊലീസ്
നേരത്തേ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്ന് 35 കിലോഗ്രാമും കഞ്ചാവ് റൂറല്‍ പൊലീസ് പിടികൂടിയിരുന്നു
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ കുന്നുവഴിയിലാണ് കൊറിയര്‍ വഴി പാഴ്സലായി കഞ്ചാവെത്തിയത്. 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എംഇഎസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരെ പൊലീസ് പിടികൂടി.
എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊറിയറില്‍ പാഴ്‌സലായി എത്തിയത്. പാഴ്സല്‍ വാങ്ങാനെത്തിയപ്പോള്‍ കാത്തു നിന്ന പൊലീസ് സംഘമാണ് ഇവരെ വളഞ്ഞ് പിടികൂടിയത്.
നേരത്തേ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്ന് 35 കിലോഗ്രാമും കഞ്ചാവ് റൂറല്‍ പൊലീസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്നതാണ്.