ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ കുഞ്ഞിനെ 90000 രൂപക്ക് വിറ്റു
ബന്ധുക്കൾ നിർബന്ധിപ്പിച്ച് കുഞ്ഞിനെ ദത്തുനൽകാനെന്ന വ്യാജേന വിൽക്കുകയായിരുന്നു
നാഗ്പൂരിൽ ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട് മാസം പ്രായമായ പെൺകുഞ്ഞിനെ ബന്ധു 90,000 രൂപക്ക് വിറ്റു. ബന്ധുക്കൾ നിർബന്ധിപ്പിച്ച് കുഞ്ഞിനെ ദത്തുനൽകാനെന്ന വ്യാജേന വിൽക്കുകയായിരുന്നു. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്വാലി പൊലീസ് കേസിൽ ഇടപെട്ടത്. ബന്ധു തന്‍റെ കുഞ്ഞിനെ 90,000 രൂപക്ക് വിറ്റതായി പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകി.
അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനും ഏതെങ്കിലും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു. 'അനധികൃതമായ സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മനുഷ്യക്കടത്തിന്‍റെ ഗണത്തിലാണ് ഇത് പെടുത്തുക' -ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ മുഷ്താഖ് പത്താൻ പറഞ്ഞു.
കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് ബന്ധു 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. കേസിന് അനധികൃത ദത്തെടുക്കൽ മാഫിയ, മനുഷ്യക്കടത്ത് സംഘം എന്നിവയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
മേയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്. അയൽവാസിയായ 16കാരനെതിരെ കോട്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ അവസാനമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പിതാവ് നേരത്തെ മരിക്കുകയും മാതാവ് ഉപേക്ഷിക്കുകയും ചെയ്തതോടെ ബന്ധുക്കൾക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.