പിണറായി കൂട്ടക്കൊല... അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ

കേസിലെ ഏകപ്രതിയുടെ ജയിലില്‍വെച്ചുള്ള ആത്മഹത്യയിലും ദുരൂഹതകള്‍

Update: 2021-06-18 15:15 GMT
Advertising

2012 സെപ്തംബര്‍ 9. സ്ഥലം പിണറായി പടന്നക്കര. അന്നാണ് മണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കൊച്ചുമകള്‍ ഒന്നര വയസുകാരി കീര്‍ത്തന മരിക്കുന്നത്. കുടുംബത്തിലെ ഇളയ അംഗമായിരുന്ന കീര്‍ത്തനക്ക് അപസ്മാരവും ഛര്‍ദിയുമായിരുന്നു. ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലും ചികിത്സിച്ചു. മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞു. മംഗളൂരുവില്‍ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം. സംശയമൊന്നും ഇല്ലാത്തതിനാല്‍ തന്നെ അപൂര്‍വരോഗമെന്ന പൊതുധാരണയില്‍ ആദ്യമരണത്തിന്റെ ചിതയടങ്ങി.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരി 31ന് കുഞ്ഞിക്കണ്ണന്റെ മറ്റൊരു കൊച്ചുമകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോര്‍ മരിച്ചു. ഛര്‍ദിയെ തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് കുട്ടി മരിച്ചത്. രോഗബാധയാല്‍ കുട്ടി മരിച്ചുവെന്നായിരുന്നു വിശ്വാസം. ഈ മരണത്തിലും ബന്ധുക്കള്‍ക്ക് സംശയമൊന്നുമുണ്ടായില്ല.

ഐശ്വര്യയുടെ വേര്‍പാടിന്റെ നോവുണങ്ങും മുമ്പ് 43ാം ദിവസമായിരുന്നു മണ്ണത്താന്‍ വീട്ടിലെ മൂന്നാമത്തെ മരണം. കുഞ്ഞിക്കണ്ണന്റെ ഭാര്യ 65കാരിയായ കമലക്ക് മാര്‍ച്ച് നാലിനാണ് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെടുന്നത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലാം നാള്‍ കമല മരിച്ചു. മൂന്നാമതും സമാനരോഗലക്ഷണവുമായി മരണമെത്തിയതോടെ പ്രദേശവാസികളില്‍ പല സംശയങ്ങളും ഉയര്‍ന്നു. അതിനാല്‍ തന്നെ മൃതദേഹ പരിശോധനയും നടന്നു.

കമലയുടെ മൃതദേഹ പരിശോധനക്കെത്തിയവരോട് വിഷദ്രാവകമാകാം മരണകാരണമെന്ന സൂചന പൊലീസ് സര്‍ജന്‍ നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടുന്നതിനുമുമ്പ് ഈ കാര്യം പരസ്യപ്പെടുത്തേണ്ട എന്ന നിര്‍ദേശം കൂടി പൊലീസ് നല്‍കി. കൃത്യമായ റിപ്പോര്‍ട്ടിനായി പൊലീസും കാത്തിരുന്നു.

എന്താണ് മരണകാരണമെന്ന ആശങ്ക കാരണം പല കഥകളും പ്രചരിച്ചു. ആ കുടുംബത്തില്‍ ഇനി രണ്ട് അംഗങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കുഞ്ഞിക്കണ്ണനും മകള്‍ സൗമ്യയും. കിണര്‍ വെള്ളത്തിലെ പ്രശ്നമാണ് മരണങ്ങള്‍ക്ക് കാരണം എന്ന സംസാരം ഉയര്‍ന്നു. നാട്ടുകാരുടെ പരാതി ശക്തമായതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണറായി പ്രദേശത്തെ മുപ്പതോളം വീടുകളിലെ കിണറുകളില്‍ നിന്ന് കുടിവെള്ളം ശേഖരിച്ച് പരിശോധനക്കായി അയച്ചു.

ഇതിനു പിന്നാലെ, കമല മരിച്ച് കൃത്യം 37ാം ദിവസം മണ്ണത്താന്‍ വീട്ടില്‍ നാലാമതും മരണമെത്തി. കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 76 കാരനായ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 13നാണ് മരിക്കുന്നത്. ഒരു കൂടുംബത്തിലെ നാല് പേരുടെ മരണം സമാനമായ ലക്ഷണങ്ങളോടെ. നാല് മാസത്തിനിടയില്‍ മൂന്ന് മരണങ്ങള്‍. കുടുംബത്തില്‍ ഇനി ഒരേയൊരു അംഗം മാത്രമാണ് ശേഷിക്കുന്നത്. സൗമ്യ.

എന്തായിരുന്നു മരണ കാരണം?

കുഞ്ഞിക്കണ്ണന്‍ മരിച്ച് നാലാം ദിവസം ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുഞ്ഞികണ്ണന്റെയും ഭാര്യ കമലയുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നു. ഇതൊരു കൊലപാതകമാണ് എന്ന കൃത്യമായ തെളിവുകള്‍ ലഭിക്കുന്നത് അപ്പോഴാണ്. പലപ്പോഴായി ചെറിയതോതില്‍ വിഷം ഉള്ളിലെത്തിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ നിന്ന് ബോധ്യമായത്.

എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ് ദഹനരസമായ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഫോസ്ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇതാണ് മരണ കാരണമാകുന്ന വിഷമാകുന്നത്. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും രക്തത്തില്‍ ഫോസ്ഫിന്‍ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ പലപ്പോഴായി വിഷം നല്‍കിയതിനാലാണ് ഡോക്ടര്‍മാര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാതിരുന്നത്.

എന്താണ് സൗമ്യയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്ന് പൊലീസ് അന്വേഷിച്ചു. ആശപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. എലിവിഷത്തിന്റെ അംശം അവരുടെ ശരീരത്തിലുമുണ്ടെന്ന് കണ്ടെത്തി. ഇതാണ് ഛര്‍ദിക്കും ആരോഗ്യസ്ഥിതി മോശമാകാനും കാരണമാക്കിയത്.

ഇതിനിടയില്‍ രണ്ടാമത് മരിച്ച കുട്ടിയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധന നടത്തി. കുഞ്ഞികണ്ണന്റെയും കമലയുടെയും മരണ കാരണത്തിന് സമാനമായിരുന്നു ഇതും. എലിവിഷം ഉള്ളില്‍ ചെന്നുതന്നെയാണ് ആ കുഞ്ഞും മരിച്ചത്.

ഇതോടെ സൗമ്യയുടെ ഭൂതകാലം തിരക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന് ഇതിനായി സമയം ആവശ്യമായിരുന്നു. അതിന് അവര്‍ ചെയതത്, ആശുപത്രിയില്‍ കഴിയുന്ന സൗമ്യയെ വിദഗ്ധ ചികിത്സക്കെന്നവണ്ണം പൊലീസ് നിരീക്ഷണത്തില്‍ തന്നെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗമ്യ അറിയാതെയായിരുന്നു അന്വേഷണം.

സൗമ്യ, തലശ്ശേരി ചോനാടത്തെ അണ്ടിക്കമ്പനിയില്‍ ജോലിചെയ്ത കാലത്താണ് കിഷോര്‍ എന്നയാളെ പരിചയപ്പെടുന്നത്. ആ ബന്ധം വളര്‍ന്നു. ഇരുവരും ഒന്നിച്ചു താമസിക്കാന്‍ ആരംഭിച്ചു. ഇരുവരും തമ്മില്‍ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ഒരുതവണ എലിവിഷം ഉപയോഗിച്ച് സൗമ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അന്ന് അത് വല്യ പ്രശ്നമായില്ല. എലിവിഷം മുമ്പ് സൗമ്യ ഉപയോഗിച്ചുവെന്ന വിവരം ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്.

മകളെ ഏറെ സ്‌നേഹിച്ചിരുന്ന അമ്മ

മരിച്ച രണ്ടാമത്തെ കുട്ടിയായ ഐശ്വര്യയുടെ സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് കുഞ്ഞിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പരിശ്രമിച്ചിരുന്ന, കുട്ടിയെ വളരെയേറെ സ്‌നേഹിച്ചിരുന്ന ഒരാളായിരുന്നു അമ്മയായ സൗമ്യ. ഐശ്വര്യ മരിച്ച ശേഷം കുട്ടി സ്വരൂപിച്ച പണം തിരികെ നല്‍കിയ ടീച്ചറോട് ഇത് സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്കായി ചെലവാക്കാനാണ് സൗമ്യ പറഞ്ഞത്.

സൗമ്യയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് തിരിച്ചറിഞ്ഞ പൊലീസ് അതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സൗമ്യയെ ഡിസ്ചാര്‍ജ് ചെയ്ത ഉടനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ അവര്‍ ചോദ്യം ചെയ്യലിനോട് ഒരു രീതിയിലും സഹകരിച്ചില്ല.

തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിന് മുന്നില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. ചോദ്യം ചെയ്യലിന്റെ പത്താം മണിക്കൂറിലാണ് ആ സത്യം പുറം ലോകം അറിയുന്നത്. മകളെയും അച്ഛനമ്മമാരേയും ഇല്ലാതാക്കിയത് സൗമ്യ ആണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ആ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു.

പൊലീസിന്റെ കണ്ടെത്തലുകള്‍

ആദ്യ ഭര്‍ത്താവായ കിഷോറുമായി പിരിഞ്ഞതിന് ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങള്‍ക്ക് മകളും അച്ഛനും അമ്മയും തടസമാകുമെന്ന് കണ്ടാണ് അവരെ ഇല്ലാതാക്കിയത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐശ്വര്യ രാത്രി ഉറക്കമുണര്‍ന്നു. മുറിയില്‍ അമ്മക്കൊപ്പം മറ്റ് രണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എലിവിഷം നല്‍കി മകളെ കൊന്നത് പക്ഷേ ആരും സംശയിച്ചില്ല.

അതുകൊണ്ടാണ് അതേ വഴിയിലൂടെ തന്നെ അമ്മയേയും അച്ഛനേയും കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്.

'ആദ്യ കുഞ്ഞിനെ കൊന്നത് താനല്ല'

ആദ്യം മരിച്ച ഒന്നര വയസുകാരിയെ താന്‍ കൊന്നതല്ലെന്നും സ്വാഭാവിക മരണമാണെന്നുമായിരുന്നു സൗമ്യയുടെ മൊഴി. ഒന്നര വയസുള്ള കുട്ടിയായതിനാലും, മരിച്ചത് ആറ് വര്‍ഷം മുമ്പായതിനാലും മൃതദേഹ പരിശോധനയടക്കം അസാധ്യമായിരുന്നു. ഈ മരണത്തില്‍ സൗമ്യയുടെ മൊഴി വിശ്വാസത്തിലെടുക്കുകയാണ് പൊലീസ് ചെയ്തത്.

സൗമ്യയുടെ അറസ്റ്റിന് പിന്നാലെ പല കഥകളും പ്രചരിച്ചു. ഒട്ടേറെ ആളുകളുമായി സൗമ്യ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതില്‍ പല പ്രമുഖരുമുണ്ടെന്നും സൗമ്യയെ കൊലപാതകങ്ങളില്‍ അവരാണ് സഹായിച്ചത് എന്ന തരത്തിലുമായിരുന്നു കഥകള്‍.

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സൗമ്യ തനിച്ചോ?

സൗമ്യയുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്ന് ഒട്ടേറെ ആളുകളുമായി സൗമ്യ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമായിരുന്നു. 16 വയസുകാരന്‍ പോലും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സൗമ്യ തനിച്ചാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. സൗമ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രമുഖരൊന്നും അന്വേണ പരിധിയില്‍ വന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നു.

സൗമ്യയുടെ മരണം

കേസില്‍ സൗമ്യയെ കോടതി റിമാന്റ് ചെയ്ത് കണ്ണൂര്‍ വനിത സബ് ജയിലിലേക്ക് മാറ്റി. കേസില്‍ മറ്റൊരു സുപ്രധാന വഴിത്തിരിവ് സംഭവിച്ചത് 2018 ആഗസ്ത് 24നായിരുന്നു. സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയായിരുന്നു അത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ ഏക പ്രതിയുടെ മരണം. അതും ജയിലില്‍ വെച്ച്.

സൗമ്യയുടെ ഡയറിയില്‍ എന്തായിരുന്നു?

ജയിലില്‍ പ്രതിയെ നിരീക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നു. കൊലപാകത്തില്‍ താന്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നും സൂചന നല്‍കിയ സൗമ്യയുടെ ഡയറിക്കുറിപ്പും ജയിലില്‍ വെച്ച് കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് സൗമ്യ ജയിലില്‍വെച്ച് എഴുതിയ ഡയറിക്കുറിപ്പിലാണ് 'അവന്‍' എന്ന് പരാമര്‍ശമുള്ളത്. മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യ കുറിപ്പെഴുതിയിട്ടുള്ളത്.

സൗമ്യയുടെ കുറിപ്പ്

'കിങ്ങിണീ... കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നത് വരെ അമ്മയ്ക്ക് ജിവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലെന്ന് തെളിയുന്നത് വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിതരും' എന്നായിരുന്നു കുറിപ്പ്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോട് സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മജിസ്ട്രേറ്റിന് മുമ്പില്‍ ഇത് തുറന്നു പറയാന്‍ തയാറാണെന്നും അറിയിച്ചു. പിന്നീടാണ് സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗമ്യ തനിച്ചല്ല കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നും നേരത്തെ നാട്ടുകാരും കുടുംബക്കാരും ആരോപിച്ചിരുന്നു. ആ ആരോപണം, സൗമ്യയുടെ കുറിപ്പ് പുറത്തുവന്നതോടെ ശക്തിപ്പെട്ടു. മറ്റാരിലേക്കും അന്വേഷണം നീളാതെ പൊലീസ് കേസ് അട്ടിമറിച്ചെന്ന പരാതിയും ഉയര്‍ന്നു. അന്വേഷത്തില്‍ വീഴ്ചയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതിയും നല്‍കിയിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - അക്ഷയ് പേരാവൂർ

contributor

Similar News