ഇതാദ്യമല്ല കേരളത്തില്‍ നരബലി, ചരിത്രത്തിലൂടെ

1981 ഡിസംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള നരബലികള്‍

Update: 2022-10-11 12:34 GMT
Advertising

ആഭിചാര ക്രിയയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതിന്‍റെ ഞെട്ടലിലാണ് കേരളം. സംസ്ഥാനത്തിന്‍റെ 'പുരോഗമന നാട്യ'ത്തിനു നേരെയുള്ള വലിയ ചോദ്യചിഹ്നമായി ഇലന്തൂരിലെ നരബലി അവശേഷിക്കുന്നു. കേരളത്തില്‍ ഇതാദ്യമല്ല നരബലി. പ്രധാന സംഭവങ്ങളിലൂടെ;

1981 ഡിസംബർ

1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.

1983 ജൂലൈ.

നിധിക്കുവേണ്ടി ഒൻപതാം ക്‌ളാസുകാരനെ പിതാവും സഹോദരിയും അയൽക്കാരും ചേർന്നു ബലി നൽകി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം.

1995 ജൂൺ, രാമക്കൽമേട് നരബലി

പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലെ ഉമ്മമപാളയത്തിൽ നിന്നെത്തിയ ആറു മന്ത്രവാദികൾ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.

2012 ഒക്ടോബർ

തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇത് ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആൻറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ പ്രതികളായിരുന്നു. പ്രതികൾക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു.

2014 ഓഗസ്റ്റ്, പൊന്നാനി കൊലപാതകം

2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന.

2014 ജൂലൈ, കരുനാഗപ്പള്ളി കൊലപാതകം

കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി.

2018 ഓഗസ്റ്റ്, വണ്ണപ്പുറം കൂട്ടക്കൊലപാതകം

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

2019 മാർച്ച്, കരുനാഗപ്പള്ളി മരണം

2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയുടെ മരണം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം

2021 ഫെബ്രുവരി ,പുതുപ്പള്ളി കൊലപാതകം

പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനനെ മാതാവ് കൊന്നു. അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.

മുൻ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്തായിരുന്നു കൊലപാതകം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News