സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ, ശബ്‌നം അലി; പ്രണയം അവളെ കഴുമരത്തിൻ ചുവട്ടിലെത്തിച്ച കഥ
2008 ഏപ്രിൽ 14 നാണ് രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടകൊല നടന്നത്
സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീയാണ് ശബ്‌നം അലി. 2008 ഏപ്രിൽ 14 നാണ് രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടകൊല നടന്നത്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻകേരി എന്ന ഗ്രാമം ശബ്നം അലിയുടെ നിലവിളി കേട്ടാണ് ആ രാത്രി ഉണർന്നത്. ഓടിക്കൂടിയ ഗ്രാമവാസികൾ കണ്ടത് വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട് കിടക്കുന്ന കൂടുംബാംഗങ്ങളെയാണ്. നിലവിളിച്ച് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ശബ്നം.
ശബ്നത്തിന്റെ പിതാവ് ഷൗക്കത്ത് അലി(55), അമ്മ ഹാഷ്മി (50), മൂത്ത സഹോദരൻ അനീസ് (35), ഇളയ സഹോദരൻ യാഷിദ്(22), അനീസിന്റെ ഭാര്യ അൻജും(25), പത്തുമാസം പ്രായമുള്ള അർഷ്, ബന്ധുവായ റാബിയ(14) എന്നിവർ ദാരുണമായി കഴുത്തറുത്ത് കൊല്ലപ്പെട്ടു കിടക്കുകയായിരുന്നു.
വീട്ടിനുള്ളിലേക്ക് കടന്നുവന്ന കൊള്ളക്കാർ വീട്ടിലെ അംഗങ്ങളെ ഒന്നൊന്നായി കോടാലിക്ക് വെട്ടി കൊന്നുകളയുകയായിരുന്നു എന്നാണ് കേസ് അന്വേഷണത്തിന് വന്ന പൊലീസ് ഓഫീസറോട് ശബ്നം പറഞ്ഞത്. ആർ.പി. ഗുപ്ത എന്ന സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരുന്നു അന്വേഷണ ചുമതല. അദ്ദേഹം മുറികളിൽ പരിശോധന നടത്തി. കഴുത്തിൽ കോടാലികൊണ്ട് വെട്ടേറ്റുണ്ടായ മുറിവൊഴിച്ചാൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിലെവിടേയും യാതൊരു മുറിവുമുണ്ടായിരുന്നില്ല. കിടക്കയിൽ കൊല്ലപ്പെട്ട് കിടക്കുകയാണെങ്കിലും ആരുടെയും കിടക്കവിരികൾ ചുളുങ്ങിയിട്ടില്ല. യാതൊരു മൽപ്പിടിത്തവും നടന്നതിന്റെ സൂചനയുമില്ല. ആരോഗ്യവാനായ അനീസ് പോലും ചെറുത്തു നിൽക്കാതെ മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു. വീട്ടിനുള്ളിൽ നിന്ന് ബയോപോസ് എന്നൊരു മയക്കുമരുന്ന് ഗുളികയുടെ കാലി സ്ട്രിപ്പുകൾ കണ്ടെത്തി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു. കഴുത്തിൽ കോടാലികൊണ്ട് വെട്ടേറ്റു മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ മരിച്ചവരുടെ ശരീരത്തിലേക്ക് മയക്കുമരുന്ന് കടന്നുചെന്നിട്ടുണ്ട് എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. അവരുടെ ശരീരത്തിൽ നിന്ന് മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. അതോടെ ഭക്ഷണത്തിൽ ആരോ മയക്കുമരുന്നു കലർത്തി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി.
പൊലീസ് ശബ്നത്തെ മൊഴിയെടുക്കാനെന്നവണ്ണം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ശബ്‌നത്തിന്റെ മൊഴികളിൽ വല്ലാതെ വൈരുദ്ധ്യമുണ്ടെന്ന് പൊലീസിന് മനസിലായി. ശബ്‌നത്തിന്റെ മൊബൈൽ കോൾ ഹിസ്റ്ററിയടക്കം പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. അതിൽനിന്ന് ആ നാട്ടിലെ തന്നെ സലീമെന്ന ചെറുപ്പക്കാരനുമായുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ശബ്നം സലീമിനോട് 40 ൽ അധികം തവണ ഫോണിൽ ബന്ധപ്പെട്ടു എന്ന് പൊലീസ് കണ്ടെത്തി. അവസാന വിളി വന്നത് അർദ്ധ രാത്രി 1.45 നും. ആ വിളി പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അവർ വീടിന്റെ ബാൽക്കണിയിൽ വന്ന് നിലവിളിച്ച് അയല്പക്കക്കാരെ ഉണർത്തുന്നതും കൊലപാതക വിവരം നാട്ടുകാർ അറിയുന്നതും. കൂടുതൽ ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. സലീം ശബ്നത്തിന്റെ കാമുകനാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് സലീമിനെ അറസ്റ്റ് ചെയ്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. മറ്റുവഴികളില്ലാതെ വന്നതോടെ ഇരുവർക്കും ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടിവന്നു. എന്നാൽ സലീമാണ് തന്റെ കുടുംബത്തെ ഇല്ലാതാക്കിയതെന്ന് ശബ്നം പൊലീസിനോട് പറഞ്ഞപ്പോൾ ശബ്നമാണ് സംഭവത്തിന് പിന്നിലെന്നും കൊലപാതകത്തിന് ശേഷം അവൾ തന്നെ വിളിച്ചു വരുത്തുകയായിരുന്നു എന്നുമായിരുന്നു സലീമിന്റെ മൊഴി.
പിന്നീടുള്ള അന്വേഷണത്തിൽ സലീമിന്റെയും ശബ്‌നത്തിന്റെയും ചോരക്കറ പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. കൃത്യത്തിന് ശേഷം ഒരു കുളത്തിൽ കൊണ്ടെറിഞ്ഞ കോടാലിയും പൊലീസ് സലീമിനെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. പിന്നീട് പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെയാണ്.
അന്ന് രാത്രി ശബ്നമാണ് പാലിൽ മയക്കുമരുന്ന് ചേർത്ത് കുടുംബാംഗങ്ങൾക്ക് നൽകിയത്. എല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയ ശബ്നം സലീമിനെ വിളിച്ചുവരുത്തി. കോടാലിയുമായി എത്തിയ സലീം, നിർദാഷണ്യം ഓരോരുത്തരുടെയും കഴുത്തറുത്തു. സലീം മടങ്ങിയെന്ന് ഉറപ്പുവരുത്തി ബാൽക്കണിയിൽ കയറി ശബ്നം അയൽക്കാരെ വിളിച്ചുണർത്തി.
കൊലപാതകങ്ങളിലേക്ക് നയിച്ച കാരണം എന്തായിരുന്നു..?
രണ്ട് സമുദായത്തിൽ നിന്നുള്ള ശബ്നവും സലീമും പ്രണയത്തിലായിരുന്നു. ശബ്നം ഉയർന്ന സമുദായത്തിൽപ്പെട്ടവൾ. വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നിൽ. ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട് ശബ്നത്തിന്. ആറാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ താഴ്ന്ന സമുദായത്തിൽപെട്ട ആളാണ് സലീം. ഗ്രാമത്തിലെ സ്‌കൂൾ ടീച്ചറാണ് ശബ്നം. സലീമാകട്ടെ കൂലിപ്പണിക്കാരനും. ഇവരുടെ വിവാഹത്തെ എതിർത്ത വീട്ടുകാർ, പരസ്പരം കാണരുതെന്നുകൂടി വിലക്കി. അപ്പോഴേക്കും അവരുടെ പ്രണയബന്ധം ഒരുപാട് വളർന്നിരുന്നു. ശബ്നം ഏഴ് ആഴ്ച ഗർഭിണിയായിരുന്നു. വിവരം പുറത്തറിഞ്ഞാൽ വീട്ടുകാർ തങ്ങളെ കൊന്നുകളയുമെന്ന് ശബ്നവും സലീമും ഭയന്നു.
ഒരുമിച്ചു ജീവിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ വീട്ടുകാരെ അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചു. കുടുംബത്തിലെ എല്ലാവരും മരിച്ചാൽ സ്വത്തുകളെല്ലാം തന്റെ പേരിലാകുമെന്നും സലീമുമായി ഒരുമിച്ച് ജീവിക്കാൻ മറ്റ് തടസങ്ങൾ ഉണ്ടാവില്ലെന്നുമുള്ള ദുഷ്ചിന്തയായിരുന്നു ശബ്നത്തെ കൊലപാതകത്തിലേക്ക് നയിച്ചത്.
ജയിലിൽ കഴിയവെ 2008 ഡിസംബറിലാണ് ശബ്നം ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. 2010 ജൂലൈയിലാണ് ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. 2016ൽ രാഷ്ട്രപതി ദയാഹർജിയും തള്ളി. ഇതോടെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ശബ്‌നം രാംപൂർ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ്.
ശബ്‌നമിന്റെ മകൻ എവിടെയാണ്..?
ജയിൽ നിയമങ്ങൾ അനുസരിച്ച് അന്തേവാസികളായ അമ്മമാർക്ക് ആറ് വയസ്സിന് ശേഷം കുട്ടിയെ കൂടെ നിർത്താൻ കഴിയില്ല. കോളേജിൽ ശബ്നമിന്റെ ജൂനിയറായി പഠിച്ചിരുന്ന ഉസ്മാൻ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി. 2015ൽ ഉസ്മാന് കുട്ടിയെ കൈമാറി. ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കൈമാറുമ്പോൾ ശബ്നം ഉസ്മാനോട് പറഞ്ഞു.'മകനെ ഒരിക്കലും എന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകരുത്, അവന്റെ പേര് മാറ്റണം'. ഉസ്മാനും ഭാര്യയും അവനെ സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നത്.
തൂക്കുകയറും കാത്ത് കിടക്കുന്ന ശബ്നത്തിന്റെ മകനിന്ന് 12 വയസാണ് പ്രായം. അമ്മ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് എന്നവന് അറിയാമെങ്കിലും തന്റെ അമ്മയെ മരണത്തിന് വിട്ടുകൊടുക്കാൻ അവന് കഴിയുന്നില്ല. അവൻ അമ്മയെ തൂക്കിലേറ്റാതിരിക്കാനായി രാഷ്ട്രപതിയുടെ ദയക്കായി യാചിക്കുകയാണ്. തനിക്ക് അമ്മയുടെ സ്നേഹം നിഷേധിക്കരുത് എന്ന് പറഞ്ഞ്് അവൻ ദയാഹർജി നൽകിയിരുന്നു.
മാധ്യമപ്രവർത്തനാണ് ഉസ്മാൻ. ശബ്‌നത്തോടൊപ്പം കോളേജിൽ പഠിച്ച കാലത്തെക്കുറിച്ച് ഉസ്മാൻ പറഞ്ഞതിങ്ങനെയാണ്. 'പഠനത്തിലും സാമ്പത്തിക സ്ഥിതിയിലും പിന്നോക്കം നിന്നിരുന്ന തന്നെ ശബ്‌നമായിരുന്നു സഹായിച്ചിരുന്നത്. പലപ്പോഴും ഫീസ് പോലും അടച്ചിരുന്നത് ശബ്‌നമായിരുന്നു. തനിക്ക് മാത്രമല്ല കോളേജിൽ പലർക്കും അവളൊരു സഹായിയായിരുന്നു. അവൾ എനിക്ക് ഒരു മൂത്ത സഹോദരിയെപ്പോലെയായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുവഴികളിലായി. അവളുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്ത തന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു'.
ശബ്നമിനെ കഴുമരത്തിലേറ്റേണ്ട അവസാന ഘട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് മഥുരയിലെ ജയിൽ അധികൃതർ. ഇന്ത്യയിൽ സ്ത്രീകളെ തൂക്കിലേറ്റുന്ന ഏക ജയിലാണ് മഥുര. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്‌നത്തെയും തൂക്കിലേറ്റുക.