തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാക്ക് അപ്പ്; ശ്രീശാന്ത് കാമറയ്ക്കു മുമ്പിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം കട്ട് ചെയ്ത് സിനിമാഭിനയത്തിനോട് ആക്ഷന്‍ പറഞ്ഞിരിക്കുയാണ് ശ്രീശാന്ത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടിനിടയിലും കൂള്‍ ആണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് താല്‍ക്കാലികമായി പാക്കപ്പ് പറഞ്ഞ് സിനിമാഭിനയത്തിലാണ് ശ്രീശാന്തിപ്പോള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്നതൊക്കെ ശരിതന്നെ, എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം കട്ട് ചെയ്ത് സിനിമാഭിനയത്തിനോട് ആക്ഷന്‍ പറഞ്ഞിരിക്കുയാണ് ശ്രീശാന്ത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന തനിക്ക് അഭിനയം ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് താരത്തിന്റെ പക്ഷം.
രണ്ടുദിവസത്തേക്കാണെങ്കിലും മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് പ്രചാരണത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടുംബ സമേതം തിരുവനന്തപുരത്തേക്ക് താമസം മാറാനൊരുങ്ങുന്ന താരത്തിന് വിജയ പ്രതീക്ഷയും ഒട്ടും കുറവല്ല. ടീം ഫൈവ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിക്കി ഗല്‍റാണിയാണ് നായിക. ബൈക്ക് റൈഡര്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്..