മലയാള സിനിമയെ ഇനി യു ട്യൂബും സഹായിക്കും
ഹോളിവുഡ്,ബോളിവുഡ് മേഖലകള്‍ പിന്തുടരുന്ന അതേ രീതിയില്‍ സിനിമാ പ്രചരണത്തിനായി യു ട്യൂബ് ഉപയോഗപ്പെടുത്താനാണ് മോളിവുഡിന്റെ തീരുമാനം
മലയാള സിനിമകളുടെ പ്രചാരണത്തിന് ഇനി യു ട്യൂബിന്റെ സഹായവും. ഹോളിവുഡ്,ബോളിവുഡ് മേഖലകള്‍ പിന്തുടരുന്ന അതേ രീതിയില്‍ സിനിമാ പ്രചരണത്തിനായി യു ട്യൂബ് ഉപയോഗപ്പെടുത്താനാണ് മോളിവുഡിന്റെ തീരുമാനം. ചെലവുകള്‍ ഇല്ലാതെ സിനിമകളുടെ പ്രചരണത്തിന് യോജിക്കുന്ന ഏറ്റവും മികച്ച വേദിയാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് യു ട്യൂബിന്റെ ഇന്ത്യയിലെ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്നര്‍ഷിപ്പ് വിഭാഗം മേധാവി സത്യാ രാഘവന്‍ പറഞ്ഞു.
കേരളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മാതാക്കളുമായി യു ട്യൂബിന്റെ സാധ്യതകള്‍ അദ്ദേഹം പങ്കുവച്ചു. ചിത്രങ്ങളുടെ ടീസര്‍, ട്രെയ്‌ലര്‍, മേക്കിങ് വീഡിയോ, പാട്ടുകളുടെ വീഡിയോ എന്നിവയിലൂടെ റിലീസിങ്ങിന് മുമ്പുതന്നെ പ്രൊമോഷന്‍ ഒരുക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയില്‍ പുറത്തിറങ്ങുന്ന ട്രയിലറുകളും ടീസറുകളും യു ട്യൂബ് വഴി നിരവധി പേരിലെത്തുന്നുണ്ട്. വളരെപെട്ടെന്നാണ് ഇവ യു ട്യൂബിലൂടെ ഹിറ്റാകുന്നത്. യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ഈ നേട്ടം കൈവരിക്കുന്നത്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന അങ്കമാലി ഡയറീസും യു ട്യൂബ് എന്ന പ്ലാറ്റ് ഫോം വളരെ നല്ല രീതിയില്‍ തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നാല്‍പതിലധികം ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയില്‍ ഭുരിഭാഗം ചിത്രങ്ങളും യു ട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. അങ്കമാലി ഡയറീസിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളെ യു ട്യൂബുമായി ബന്ധിപ്പിച്ചത്.
മലയാള സിനിമകള്‍ മാത്രമല്ല, മലയാളത്തിലുള്ള വീഡിയോകള്‍ക്കും യു ട്യൂബില്‍ കാഴ്ചക്കാരുണ്ട്, സൌന്ദര്യം, ആരോഗ്യം ബന്ധപ്പെട്ട് അപ്‍ലോഡ് ചെയ്യുന്ന വീഡിയോകളാണ് ഹിറ്റ് ലിസിറ്റിലുള്ളത്. യു ട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഭാഷകളിലൊന്നാണ് മലയാളമെന്നും ഇതിന് പ്രവാസികളോട് നന്ദി പറയുന്നതായും സത്യാ രാഘവന്‍ പറഞ്ഞു.