നാഗ്ചൈതന്യയും സാമന്തയും വിവാഹിതരായി
നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള സാമന്തയും നാഗും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു
തെന്നിന്ത്യന്‍ താരങ്ങളായ നാഗ്ചൈതന്യക്കും സാമന്തക്കും പ്രണയ സാഫല്യം. വെള്ളിയാഴ്ച ഗോവയിലെ ഹോട്ടല്‍ ഡബ്ള്യൂവില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. നാഗ് ചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജ്ജുന വിവാഹ ചടങ്ങുകളുടെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നാഗ് ചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് സാമന്ത വിവാഹത്തിന് അണിഞ്ഞത്. പ്രശസ്ത ഡിസൈനര്‍ കൃഷ ബജാജ് ആണ് വധുവിന്റെ സാരിക്ക് പുതിയ പരിവേഷം നല്‍കിയത്. വെളുത്ത സില്‍ക്ക് മുണ്ടും കുര്‍ത്തയും ധരിച്ചാണ് വരന്‍ വിവാഹത്തിനെത്തിയത്. ചുരുക്കം അതിഥികളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. ചലച്ചിത്ര താരങ്ങളായ വെങ്കിടേഷ്, സുരേഷ് ബാബു, രാഹുല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെഹന്ദിയിടല്‍ ചടങ്ങുകളോടെയാണ് വിവാഹത്തിന് തുടക്കം കുറിച്ചത്. ഹൈന്ദവാചാര പ്രകാരമായിരുന്നു വിവാഹം. ശനിയാഴ്ച ക്രൈസ്തവ രീതിയുലുള്ള വിവാഹം നടക്കും. സുഹൃത്തുക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമായി ഞായറാഴ്ച ഹൈദരാബാദില്‍ വമ്പന്‍ സല്‍ക്കാരമൊരുക്കിയിട്ടുണ്ട്.
നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള സാമന്തയും നാഗും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ടോളിവുഡ് കണ്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ വിവാഹമാണ് അക്കിനേനി കുടുംബം ഒരുക്കിയത്. പത്ത് കോടിയാണ് വിവാഹ ചെലവ്.