രണ്ട് വർഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡില്‍ തിരിച്ചെത്തുന്നു കല്‍പന ചൌളയായി
2016 മാർച്ച് നാലിനാണ് പ്രിയങ്ക ചോപ്ര അഭിനയിച്ച ജയ് ഗംഗാജൽ എന്ന ചിത്രം റിലീസ് ചെയ്തത്. ഇതിന് ശേഷം ഹോളിവുഡിലേക്ക് പോയ പ്രിയങ്ക ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ബഹിരാകാശ ശാസ്ത്രജ്ഞ കൽപന ചൌളയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലാകും പ്രിയങ്ക അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
2016 മാർച്ച് നാലിനാണ് പ്രിയങ്ക ചോപ്ര അഭിനയിച്ച ജയ് ഗംഗാജൽ എന്ന ചിത്രം റിലീസ് ചെയ്തത്. ഇതിന് ശേഷം ബോളിവുഡില്‍ നിന്ന് ഇടവേള എടുത്ത് ഹോളിവുഡിലേക്ക് പോയ പ്രിയങ്ക ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ ചില ഭോജ്പുരി, മറാത്തി, പഞ്ചാബി ചിത്രങ്ങൾ നിർമിച്ചു. മറാത്തി ചിത്രം വെന്റിലേറ്ററില്‍ അതിഥി വേഷവും ചെയ്തു. ഹോളിവുഡ് ടെലിവിഷൻ സീരീസ് ക്വാന്റികോയുടെയും ഹോളിവുഡ് ചിത്രങ്ങളുടെയും തിരക്കില്‍ നിന്ന് പ്രിയങ്ക അവധി എടുക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
നിലവിൽ രണ്ട് ഹോളിവുഡ് ചിത്രങ്ങളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ പൂര്‍ത്തിയാക്കി മൂന്നോ നാലോ മാസത്തേക്ക് വേണ്ടിയാകും പ്രിയങ്ക ബോളിവുഡിലേക്ക് എത്തുക. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞയായിരുന്ന കൽപന ചൌളയുടെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന ചിത്രത്തിലാകും പ്രിയങ്ക അഭിനയിക്കുക എന്നാണ് സൂചന. അടുത്തിടെ വനിതാ ദിനത്തില്‍ പ്രിയങ്ക നടത്തിയ പ്രസ്താവനയിലും ബോളിവുഡിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
കല്‍പന ചൌള ആയാണ് പ്രിയങ്ക എത്തുന്നതെങ്കില്‍ പ്രിയങ്ക അഭിനയിക്കുന്ന രണ്ടാമത്തെ ജീവചരിത്ര സിനിമയാകും ഇത്. നേരത്തെ മേരി കോമിന്റെ ജീവിതകഥയിലും പ്രിയങ്ക ആയിരുന്നു നായിക. നാസയില്‍ ശാസ്ത്രജ്ഞ ആയിരുന്ന കല്‍പന ചൌള 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരിക്കുകയായിരുന്നു. എന്തായാലും പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യയിലെ ആരാധകർ.