'പ്രശ്നങ്ങൾ പരിഹരിച്ചു; വംശീയ വിവേചനമെന്ന ആരോപണം തെറ്റിദ്ധാരണ മൂലം' സാമുവല്‍
സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ സാമുവൽ അബിയോള റോബിൻസൺ. മാന്യമായ തുക ലഭിച്ചെന്നും
സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ സാമുവൽ അബിയോള റോബിൻസൺ. മാന്യമായ തുക ലഭിച്ചെന്നും വംശീയ വിവേചനം ഉണ്ടായെന്ന് ആരോപിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും സാമുവൽ പറഞ്ഞു.
പരിഹരിച്ചു എന്നെഴുതിയ ഒരു ചിത്രത്തിന് അടിക്കുറിപ്പായാണ് സാമുവൽ മാന്യമായ തുക ലഭിച്ചെന്ന സന്തോഷം സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കള്‍ തന്നെ ബന്ധപ്പെട്ടെന്നും തുച്ഛമായ തുക നൽകിയെന്ന പരാതി പരിഹരിച്ചു എന്നും സാമുവൽ പറഞ്ഞു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സിനിമയില്‍ അഭിനയിച്ചതിനുള്ള മാന്യമായ തുക ലഭിച്ചു.
തുച്ഛമായ തുക നൽകിയത് വംശീയ വിവേചനം ആയിരുന്നുവെന്ന് ആരോപിച്ചിരുന്നു. പക്ഷേ, നിർമാതാക്കളായ ഹാപ്പി അവേഴ്സ് എന്റര്‍ടെയിന്‍മെന്റുമായി സംസാരിച്ചതിൽ നിന്ന് ഇത് വംശീയ വിവേചനം അല്ലെന്നും തെറ്റിദ്ധാരണ ആണെന്നും ബോധ്യപ്പെട്ടു. ''എന്റെ വാക്കുകൾ സക്കരിയ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരെയും മറ്റാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. കേരളത്തില്‍ വംശീയ വിവേചനം ഇല്ല. ഏതൊരു ആഫ്രിക്കക്കാരനും ചെല്ലാവുന്ന സൌഹൃദാന്തരീക്ഷമുള്ള സ്ഥലമാണ് കേരളം.'' സാമുവല്‍ പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയ ധനമന്ത്രി തോമസ് ഐസകിനും സാമുവൽ നന്ദി അറിയിച്ചു. ചിത്രത്തിലൂടെ ലഭിച്ച തുകയുടെ ഒരു പങ്ക് വംശീയ വിവേചനത്തിനെതിരായി പ്രവർത്തിക്കുന്ന ദ റെഡ് കാർഡ് എന്ന സന്നദ്ധ സംഘടനക്ക് നൽകും. നിർമാതാക്കൾക്കെതിരെയുള്ള പോസ്റ്റുകൾ കഴിഞ്ഞ ദിവസം സാമുവൽ പിൻവലിച്ചിരുന്നു.