'മാണിക്യ മലരായ പൂവി'ക്കെതിരെ ഹൈദരാബാദില്‍ പരാതി
നെറ്റിസണ്‍സിന്‍റെ ഇടയില്‍ ഇപ്പോള്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രവും അതിലെ മാണിക്യ മലരായ പൂവി എന്ന ഗാനവുമാണ് സംസാരവിഷയം
നെറ്റിസണ്‍സിന്‍റെ ഇടയില്‍ ഇപ്പോള്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രവും അതിലെ മാണിക്യ മലരായ പൂവി എന്ന ഗാനവുമാണ് സംസാരവിഷയം. എന്നാല്‍ പി.എം.എ ജബ്ബാര്‍ എന്ന പാട്ടെഴുത്തുകാരന്‍ വരികള്‍ രചിച്ച ഈ ഗാനം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം പുതിയ ചരിത്രം രചിക്കുമ്പോള്‍ വ്യാപക പരാതിയും ഉയരുന്നുണ്ട്.
ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ ഈ ഗാനത്തിനെതിരെ ഫലക്നുമ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി കഴിഞ്ഞു. മതവികാരം വൃണപ്പെടുത്തുന്നതാണ് ഗാനചിത്രീകരണം എന്നാണ് ആക്ഷേപം. എന്നാല്‍ ഗാനത്തിന്‍റെ വീഡിയോ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് ഹാജരാക്കാത്തിടത്തോളം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ടെന്ന് എസിപി സയ്ദ് ഫയാസ് വ്യക്തമാക്കി.
ഇതേസമയം, യൂട്യൂബില്‍ ഗാനം പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഗാനം ഒന്നരകോടിയോളം പേരാണ് കണ്ടത്. ഗാനത്തിലെ അഭിനേതാക്കളില്‍ ഒരാളായ പ്രിയ പ്രകാശ് വാര്യര്‍ക്ക് നവമാധ്യമങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ആരാധക പ്രവാഹമാണ്.