വരത്തനില്‍ ഫഹദ് പൊളിച്ചിട്ടുണ്ട്, പക്ഷേ ഐശ്വര്യ ഒരു പൊടിക്ക് മുന്നിലാണ്
വരത്തനിലെ നാട്ടുമ്പുറ കഥാ പശ്ചാത്തലം ഒറ്റ നോട്ടത്തിൽ ‘ഭാരതം’ ആണെന്ന് തോന്നുമെങ്കിലും പ്രതീകാത്മകമായി ചിന്തിക്കുകയാണെങ്കിൽ എവിടെയുമാകാം!
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരാകുന്ന വരത്തന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. വരത്തനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവച്ചിരിക്കുകയാണ് ഗായകനായ ഷഹബാസ് അമന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വരത്തൻ: സ്വൈര്യ സമാധാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ!ചരിത്രാതീത കാലം മുതൽക്ക് തുടങ്ങിയതാണത്! രണ്ട് ദിവസം മുൻപ് കൂടി പത്രത്തിൽ വായിച്ചിരുന്നു സ്വന്തം ടെറിട്ടറിയിൽ നാലഞ്ചു പുലികൾ സ്വയം അടിച്ച് തമർന്ന് തരിപ്പണമായ വാർത്ത!എല്ലാ കച്ചറകളും സമാധാനത്തിനും സുഖത്തിനും വേണ്ടിയുള്ളതാണു! ചിലത് മുതലാളിമാരുടെ സമാധാനത്തിനു ! ചിലത് ഇടത്തരക്കാരുടെ! ചിലത് സാധാരണക്കാരുടെ! (വരത്തൻ ഇത് മൂന്നും ടച്ച് ചെയ്ത് പോകുന്നുണ്ട്) .
ഇതിൽ മുതലാളി വിഭാഗം മാത്രം സ്വന്തം സുഖത്തിനു വേണ്ടി ആചരിക്കുന്നത് അന്യർക്ക് സുഖത്തിനായി വരുന്നില്ല എന്നതാണു വരത്തന്റെ മെയ്ൻ ത്രെഡ്! മാത്രമല്ല അവർ അത് ധാർഷ്ട്യത്തോടെ ചെയ്യുകയും ചെയ്യുന്നു.അങ്ങനെയാണെങ്കിൽ മറ്റുള്ളവർക്ക് - പ്രത്യേകിച്ചും ഇരകൾക്ക് - ആയുധമെടുത്ത് പോരാടുകയല്ലാതെ മറ്റു വഴികളുണ്ടാവുകയില്ല, എന്ന ഒരു സുപ്രധാന രാഷ്ട്രീയ മുന്നറിയിപ്പ് നൽകാൻ വേണ്ടി മാത്രമാണു വരത്തൻ എഴുതപ്പെട്ടിരിക്കുന്നത് എന്ന്, സിനിമ കാണുമ്പോൾ തോന്നി! ഇന്നത്തെ അവസ്ഥയിൽ ഏതെങ്കിലുമൊരു മധ്യവർത്തി ജീവിതത്തെ മുൻ നിർത്തി മാത്രമേ ഈ കാര്യം പറയാൻ പറ്റുകയുള്ളു എന്ന് തോന്നിയിട്ടോ (അതും 'സ്ത്രീ സുരക്ഷ' മുൻ നിർത്തി.സ്വസ്ഥതയുടെ പൊതുമാനദണ്ഡം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത സ്വസ്ഥതയാകുന്നു എന്ന് പറയും.രണ്ടും 'വരത്തന്റെ' പരിഗണനയിൽ ആണു ഇതിൽ) എങ്കിലേ ഏൽക്കുകയുള്ളു എന്നത് കൊണ്ടോ ആവണം ഫഹദിന്റെയും ഐശ്വര്യയുടേയും കാസ്റ്റിംഗ് സിനിമയിൽ അത്രക്ക് പ്രധാനമെന്ന് വരുന്നത് !അവരാണെങ്കിൽ അത് അറിഞ്ഞ് വിളയാടിയിട്ടുമുണ്ട്! നൈസ് പണിയാണു! ഇരുവരും ഒന്നിനൊന്ന് സൂപ്പർബ്! ഫഹദിനു ഇങ്ങനത്തെ സാധനം കിട്ടിയാൽ അയാൾ പൊളിക്കും എന്ന കാര്യം പിന്നെ പറയാനില്ലല്ലൊ.പക്ഷേ വരത്തനിൽ സൂക്ഷ്മം പറഞ്ഞാൽ ഐശ്വര്യ പൊടിക്ക് മുന്നിലാണു! കഥാപാത്രവും അതെ!
വരത്തനിലെ നാട്ടുമ്പുറ കഥാ പശ്ചാത്തലം ഒറ്റ നോട്ടത്തിൽ 'ഭാരതം' ആണെന്ന് തോന്നുമെങ്കിലും പ്രതീകാത്മകമായി ചിന്തിക്കുകയാണെങ്കിൽ എവിടെയുമാകാം! ഒരാൾ നേരത്തേ കയറി സ്ഥലം പിടിച്ചു വെച്ച ഒരു ബസ് സീറ്റിലേക്ക് പിന്നെ വരുന്നയാൾ വരത്തനാകുന്ന വൃത്തികെട്ട അവസ്ഥയടക്കം അതിന്റെ പരിധിയിൽ വരുന്നുണ്ട്! അളമുട്ടിയിട്ടാണു തനിക്കും 'ഇര'ക്കും കൂടി വേണ്ടി 'നായകൻ' ഒടുവിൽ കായികമായി പ്രതികരിക്കുന്നത്,സിനിമയിൽ.
പ്രതികരിക്കുന്നവരെ ഉടൻ തീവ്രവാദിയെന്നോ നക്സലെന്നോ സംശയിക്കുന്ന 'സ്ഥലം(സ്ഥിരം) മുതലാളി ശൈലി'യും സിനിമയിൽ കാണാം! പ്രതികരിക്കാൻ കഴിയാതെ സദാചാരക്കമ്മറ്റിക്ക് വഴിപ്പെടേണ്ടി വന്ന് ഊരുന്ന വേറൊരു 'വരത്തന്റെ' സിറ്റുവേഷനും ഈ വരത്തനിലുണ്ട് ! അവിടെയും കാര്യമായി അപമാനിക്കപ്പെടുന്നത് സ്ത്രീ തന്നെ! അതേ സമയം സ്ഥലത്ത് പണ്ടേയുള്ള കാടിന്റെ മക്കൾക്കോ -അടിത്തറ വിഭാഗത്തിനോ ഒക്കെ-'വരത്തന്റെ' അഭയത്തിൽ ഒളിഞ്ഞ് നിന്നുകൊണ്ടേ 'മുതലാളി'മാരോട് പോരാടാനോ അവരിൽ നിന്ന് രക്ഷപ്പെടാനോ പോലും കഴിയുന്നുള്ളു സിനിമയിൽ!
വരത്തരല്ല ,സ്വദേശികളാണെന്നഭിമാനിക്കുന്നവരെല്ലാം ഈ സിനിമയിൽ വില്ലന്മാരോ ഊളകളോ ആണെന്നതാണു വേറൊരു സംഗതി! പ്രത്യേകിച്ചും നല്ലവനെന്ന് തോന്നുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ഇരുതല മൂർച്ചയുള്ള അപകടകാരിയാണു ചിത്രത്തിൽ! അപ്രഖ്യാപിത വില്ലൻ! ടാക്ടിക് ഡീലിന്റെ ആശാൻ! ഒരിക്കലും നമ്പാൻ പാടില്ലാത്ത അരാഷ്ട്രീയ സോഫ്റ്റ് ഫാഷിസ്റ്റ് ! ബാക്കി എല്ലാ കഥാപാത്രങ്ങളും പൊതുവേ സ്വന്തം സ്വഭാവം കഴുത്തിൽ കെട്ടിത്തൂക്കി നടക്കുന്നവരാണു സിനിമയിൽ!
ശത്രുക്കളെയും സഹവർത്തികളെയും 'സായുധവിപ്ലവത്തെക്കുറിച്ച്' ഒരേ സമയം ഓർമ്മിപ്പിച്ച് കൊണ്ടാണു വരത്തൻ അവസാനിക്കുന്നത്! ഇതൊരു കവിഞ്ഞ വായനയായി നിങ്ങൾക്ക് തോന്നാം! ഇത്രക്ക് ഓവറായി ചിന്തിക്കേണ്ട കാര്യമില്ല എന്നും അറിയാം! എന്നാലും ഇതെഴുതുന്ന ആൾക്ക് 'വരത്തൻ'. വെറുമൊരു ഫാമിലി ത്രില്ലർ മാത്രം അല്ലാത്തത് കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റൂ! ഇനി അങ്ങനെ കാണുന്നവർക്ക് അങ്ങനെയും ഓക്കെയാണു ട്ടോ ! ബൈ ആൻഡ് ലാർജ്ജ്, ബ്രാവോ വരത്തൻ ടീം .എല്ലാവരോടും സ്നേഹം!