നായികയെ ജീവിത സഖിയാക്കി സംവിധായകൻ; കരിക്ക് നടി ശ്രുതി വിവാഹിതയായി
പാൽ തൂ ജാൻവർ സിനിമയുടെ സംവിധായകൻ സംഗീത് പി രാജൻ ആണ് വരൻ
കരിക്ക് വെബ്‌സീരീസിലൂടെ ശ്രദ്ധേയയായ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാൽ തൂ ജാൻവർ സിനിമയുടെ സംവിധായകൻ സംഗീത് പി രാജൻ ആണ് വരൻ. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായായിരുന്നു വിവാഹം. പാൽ തൂ ജാൻവർ നായികയായിരുന്നു ശ്രുതി.
വിവാഹത്തിന്റെ വീഡിയോ ശ്രുതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജസ്റ്റ് മാരീഡ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയതത്.
'കരിക്ക്' വെബ്‌സീരീസിലൂടെ ശ്രദ്ധേയയായ ശ്രുതി ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ, അർച്ചന 31 നോട്ടൗട്ട്, സുന്ദരി ഗാർഡൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാൽതൂ ജാൻവറാണ് അവസാന ചിത്രം. ബേസിൽ ജോസഫ് നായകനായി എത്തിയ പാൽ തൂ ജാൻവർ സംഗീതിന്റെ ആദ്യ ചിത്രമാണ്. ഓണം റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററിൽ നിറഞ്ഞോടുകയാണ്.
ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്. നേരത്തെ, അമൽ നീരദിന്റെയും മിഥുൻ മാനുവൽ തോമസിന്റെയും സഹസംവിധായകനായിരുന്നു സംഗീത്.