ലാലേട്ടനൊക്കെ സ്ത്രീകൾ എല്ലാവരും പോയോ എന്നു നോക്കിയേ സെറ്റിൽനിന്നു പോകൂ: ഉർവശി

"ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ രണ്ടോ വണ്ടിയുണ്ടാകും, അംബാസഡർ നോൺ എസി. ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്."

Update: 2022-03-09 06:34 GMT
Editor : abs | By : Web Desk
Advertising

സിനിമാ ചിത്രീകരണത്തിന്റെ ആദ്യകാല അനുഭവങ്ങൾ ഓർത്തെടുത്ത് നടി ഉർവശി. മോഹൻലാൽ അടക്കമുള്ളവർ എല്ലാ സ്ത്രീകളും പോയ ശേഷം മാത്രമാണ് സെറ്റിൽ നിന്ന് മടങ്ങിയിരുന്നതെന്ന് അവർ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് 'അമ്മ' സംഘടിപ്പിച്ച ആർജവ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉര്‍വശി.

'എല്ലാ കാലഘട്ടത്തിലും കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിന്നു മാത്രമല്ല. പക്ഷേ, അന്നത്തെ പ്രത്യേകത എന്നു പറയുന്നത്, ലാലേട്ടനെ പോലുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ -ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ രണ്ടോ വണ്ടിയുണ്ടാകും, അംബാസഡർ നോൺ എസി- ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്. ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറി വിട്ടിട്ടേ അവർ പോകൂ. സഹപ്രവർത്തകരിൽ തന്നെ സംരക്ഷിക്കാനുള്ള ഒരു മനസ്സും സാന്നിധ്യവുമൊക്കെ ഉണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നുമുണ്ട്. ഇന്ന് സോഷ്യൽ മീഡിയ വളർന്നതു കൊണ്ട് കാര്യങ്ങൾ വേഗത്തിൽ പുറത്തുവരുന്നു.'- അവർ പറഞ്ഞു.

'ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് വിസ്മരിച്ചുകൊണ്ട്, ചില വ്യക്തികൾ ഉണ്ടാക്കിയിട്ടുള്ള വിഷമതകൾ മുമ്പിൽവച്ച് പുരുഷന്മാരെ ഒന്നടങ്കം തള്ളിപ്പറയാൻ സാധിക്കില്ല. കുറച്ചെങ്കിലും മാനസികമായി അകൽച്ച കാണിക്കുന്നവരുണ്ടെങ്കിൽ അവരെ കൂടി നമ്മുടെ കൂടെ ചേർക്കാൻ ശ്രമിക്കണം. എല്ലാ കാലത്തും നമ്മളൊന്നാണ്. ആരും നമ്മളിൽനിന്നു പുറത്തല്ല. നമ്മൾ ചെയ്യുന്നത്ര സൽപ്രവർത്തനങ്ങൾ മറ്റു ഭാഷയിലെ സിനിമാ സംഘടനകളൊന്നും ചെയ്യുന്നില്ല.' - നടി കൂട്ടിച്ചേർത്തു.

മുൻ മന്ത്രി കെകെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് ഒപ്പം നിൽക്കാൻ താരസംഘടനയ്ക്ക് കഴിയേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

'കുടുംബത്തിലൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ ആ സമയത്ത് ഒപ്പം നിൽക്കേണ്ടത് മറ്റു കുടുംബാംഗങ്ങളാണ്. അന്നേരം ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല, അതൊക്കെ പിന്നീട് നോക്കിയാൽ മതി. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് ഒപ്പം നിൽക്കാൻ താരസംഘടനയ്ക്ക് കഴിയണം. സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നുപറയാൻ സ്ത്രീകളും അതുകേൾക്കാൻ സംഘടനകളും തയാറാകണം. പരാതി പറയാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ പരാതിപ്പെടണം' -അവർ പറഞ്ഞു.

കലൂർ 'അമ്മ' ഓഫിസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖ, ഷബാനിയ അജ്മൽ, രചന നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. സിനിമ മേഖലയിലെ പോഷ് ആക്ട് സംബന്ധിച്ച് അഡ്വ. ടീന ചെറിയാൻ സംസാരിച്ചു. നടിമാരുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ അമ്മ പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News