'ആഹാ കൊള്ളാലോ ഗുജറാത്ത്...' മയക്കുമരുന്ന് വേട്ടയില്‍ പ്രതികരണവുമായി ഐഷ സുല്‍ത്താന
21000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് ഇന്നലെ ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്ത് നടന്നത്
കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയില്‍ പ്രതികരണവുമായി ലക്ഷദ്വീപിലെ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന. മയക്കുമരുന്ന് മാഫിയാ രാജാക്കന്മാരുടെ പറുദീസയാണ് ഗുജറാത്തെന്ന് ഐഷ പറഞ്ഞു.
21000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് ഇന്നലെ ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്ത് നടന്നത്. ടാല്‍ക്കം പൌഡര്‍ കയറ്റിവന്ന രണ്ട് കണ്ടെയ്നറുകളില്‍ നിന്നായി 3000 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശി സുധാകറിന്‍റെയും ഭാര്യ വൈശാലിയുടെയും ഉടമസ്ഥതയിലുള്ള ആഷി ട്രേഡിങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (DIR) ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്.
ഇത്ര ആത്മവിശ്വാസത്തിൽ വലിയ അളവില്‍ മയക്കുമരുന്ന് കടത്തണമെങ്കിൽ എത്ര പ്രാവശ്യം വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിട്ടുണ്ടാകുമെന്നും ആ കമ്പനി മുസ്ലിം നാമധാരികളുടെ പേരിലായിരുന്നുവെങ്കില്‍ പ്രചാരണത്തിന്‍റെ അവസ്ഥ എന്താകുമെന്നും ഐഷ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
"ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലെന്നിരിക്കെ ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പ്രഫുല്‍ പട്ടേലിന്‍റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്കുമരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? 'പോടാ' പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം."- ഐഷ പറയുന്നു.
ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്‍റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മീഡിയവൺ ചർച്ചക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസ്.