പത്തു രൂപ വാങ്ങിച്ചാൽ രണ്ടു രൂപയുടെ ആത്മാർത്ഥതയെങ്കിലും കാണിക്കേണ്ടേ? നടി നൂറിനെതിരെ നിർമാതാവ്
"മെസേജ് ചെയ്താൽ മറുപടി തരില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. തന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണു നൂറിൻ ഞങ്ങളോട് ചോദിച്ചത്"
കൊച്ചി: ജോൺസൺ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നടി നൂറിൻ ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാക്കൾ. ചിത്രത്തിലെ നായികയായ നൂറിന്റെ നിസഹകരണം കാരണം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികൾ പലതും നഷ്ടമായെന്ന് നിർമാതാവ് രാജു ഗോപി ചിറ്റേത്ത് ആരോപിച്ചു. പത്തുരൂപ വാങ്ങിയാൽ രണ്ടുരൂപയുടെ ജോലി എങ്കിലും എടുക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
'നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. പ്രൊമോഷന് വരാമെന്ന് അവർ ഏറ്റിരുന്നു. നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത്രയും ആളുകൾ കൂടി പടം കാണാൻ തിയറ്ററിൽ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർഥത കാണിക്കണം അതല്ലേ മനഃസാക്ഷി. മെസേജ് ചെയ്താൽ മറുപടി തരില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. തന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണു നൂറിൻ ഞങ്ങളോട് ചോദിച്ചത്' - രാജു ഗോപി പറഞ്ഞു.
സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസും നടിക്കെതിരെ സംസാരിച്ചു. നൂറിൻ പങ്കെടുക്കാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''നിർമാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് പങ്കുവച്ചത്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാൻ ആരുണ്ടാകും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാർത്താസമ്മേളനത്തിൽ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ, ഇപ്പോൾ പറയാതെ പറ്റില്ല എന്നായി. നൂറിൻ ഇല്ലാത്തത് കൊണ്ട് ചാനൽ പ്രൊമോഷൻ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവർക്ക് അതുകൊണ്ട് കാര്യമില്ല. നൂറിൻ സഹകരിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. അജു വർഗീസ് ഗസ്റ്റ് റോളിൽ ആണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തതു കൊണ്ടാണ്'- സംവിധായകൻ പറഞ്ഞു.
അതേസമയം, ആരോപണങ്ങളോട് നൂറിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡാൻസറും കോറിയോഗ്രാഫറുമായ അനീഷ് റഹ്‌മാനാണ് ചിത്രത്തിലെ നായകൻ. അജു വർഗീസ്, മേജർ രവി, ഇന്ദ്രൻസ് സോഹൻ സീനുലാൽ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളായ കിരൺ കുമാർ, അരുൺ കലാഭവൻ, അഫ്‌സൽ അച്ചൽ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.