'ഇത് ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം, സാമുദായിക യുദ്ധമാക്കി മാറ്റരുത്'; വിവാദങ്ങളോട് പ്രതികരിച്ച് അതുല്യ അശോകൻ
"കെട്ടിച്ചമച്ച കഥകൾക്കായി നിങ്ങൾ ഉപയോഗിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ ഹൈസ്‌കൂൾകാല സുഹൃത്തുക്കളുടേതാണ്"
തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ അതുല്യ അശോകൻ. പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നും ഒരു മാസമായി ആ ബന്ധം വേർപ്പെടുത്തിയെന്നും അവർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. കേരള സ്റ്റോറി എന്ന സിനിമയ്ക്ക് തങ്ങളുടെ ജീവിതവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അതുല്യ കൂട്ടിച്ചേർത്തു.
മുവ്വാറ്റുപുഴ സ്വദേശി റിസാൽ മൻസൂറുമായി ഈ വര്‍ഷം ഏപ്രിലിലായിരുന്നു അതുല്യയുടെ വിവാഹം. കഴിഞ്ഞ ദിവസം, 'എനിക്ക് എന്തു സംഭവിച്ചാലും എന്റെ കുടുംബമല്ല, അവനായിരിക്കും ഉത്തരവാദി' എന്ന ഇവരുടെ പോസ്റ്റാണ് ചർച്ചകൾക്ക് വഴി വച്ചിരുന്നത്. റിസാലിനെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. കേരള റിയൽ സ്‌റ്റോറി എന്ന രീതിയാണ് പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടത്. ഇതിനോടാണ് അതുല്യയുടെ പ്രതികരണം.
'ഞങ്ങളുടെ വിവാഹത്തെ കുറിച്ച് ഏഴു മാസമായി പോസ്റ്റുകൾ കാണുന്നു. ആദ്യമായി, കേരള സ്റ്റോറി എന്ന സിനിമ ഞങ്ങളുമായി ഒരു ബന്ധവുമില്ല. ഞങ്ങൾ ഞങ്ങളുടെ ജന്മനഗരത്തിൽ കണ്ടുമുട്ടി, സംസാരിച്ചു, വീണ്ടും കണ്ടുമുട്ടി, പ്രണയത്തിലായി... ഞങ്ങളുടെ വിവാഹം വരെ ഇത് സുഹൃത്തുക്കൾക്കു പോലും അറിയുമായിരുന്നില്ല. എല്ലാവർക്കും അതൊരു സമ്പൂർണ സർപ്രൈസ് ആയിരുന്നു. കെട്ടിച്ചമച്ച കഥകൾക്കായി നിങ്ങൾ ഉപയോഗിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ ഹൈസ്‌കൂൾകാല സുഹൃത്തുക്കളുടേതാണ്. ഞങ്ങൾ എല്ലാ ദിവസവും വർത്തമാനം പറയുന്നു പോലുമില്ല. മറ്റെല്ലാവരെയും പോലെ ഏതെങ്കിലും പരിപാടിയിലോ സംഗമത്തിലോ വച്ച് കാണുന്നു. അതുകൊണ്ട്, അവരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്താൻ സമയമായിരിക്കുന്നു.' - അതുല്യ കുറിച്ചു.
തന്റെ പ്രശ്‌നത്തെ ഏതെങ്കിലും തരത്തിലുള്ള സാമുദായിക പ്രശ്‌നമായി കാണരുതെന്നും അവർ അഭ്യർത്ഥിച്ചു. 'ഇതേതെങ്കിലും പ്രത്യേക സമുദായത്തിന്റെ പേരിലാക്കാൻ ശ്രമിക്കരുത്. അത് നാണക്കേടാണ്. ഇത് ഞാനും അവനും തമ്മിൽ മാത്രമുള്ളതാണ്. ഒരു മാസമായി ഞങ്ങൾ പിരിഞ്ഞിട്ട്. വൈകാരികമായി ഞാനേറെ തളർന്ന നിലയിലാണ്. ഞാനെന്തെങ്കിലും അരുതായ്മ ചെയ്തിട്ടുണ്ടെങ്കിൽ അത് കുടുംബം ഒരിക്കലും സഹിക്കേണ്ടതില്ല. ഇപ്പോൾ സുഖമായി വരുന്നു. ഞാൻ പൂർണ സുരക്ഷിതയാണ്. ഇതിനെ ഒരു സാമുദായിക യുദ്ധമാക്കി മാറ്റാൻ ശ്രമിക്കരുത്' - അതുല്യ പറഞ്ഞു.
ആലിയ എന്ന പേരു സ്വീകരിച്ചാണ് അതുല്യ റിസാലിനെ വിവാഹം ചെയ്തത്. സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ദ റിയൽ കേരള സ്‌റ്റോറി സിനിമ റിലീസ് ചെയ്ത വേളയിലായിരുന്നു വിവാഹം. വിവാഹം ലൗ ജിഹാദാണെന്ന തരത്തിൽ വലതുപക്ഷ ഹാൻഡിലുകൾ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.