'എന്നോട് പറ ഐ ലവ് യൂന്ന്'; മോഹൻലാലിന് തോൽപ്പാവക്കൂത്തിൽ അപൂർവ്വ പിറന്നാൾ സമ്മാനം

ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം

Update: 2023-05-21 15:49 GMT
Advertising

നടരാജനോ , ഗജവീരനോ ....? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ മഹാനടന് അപൂർവ്വ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ് . ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം .

മോഹൻലാലിന്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ. ഗാനം ആലപിച്ചതും ശ്രീവൽസൻ ജെ. മേനോൻ ആണ് . കൂനത്തറ തോൽപ്പാവക്കൂത്ത് സംഘത്തിലെ കെ. വിശ്വനാഥ പുലവരും വിപിൻ വിശ്വനാഥ പുലവരും ചേർന്നാണ് കൂത്ത് ഒരുക്കിയത്. ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്. തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിർമ്മാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സിന്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.

Full View

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ഫാസിൽ ചിത്രത്തിലൂടെ 1980ലാണ് മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലനിൽ നിന്ന് നായക സ്ഥാനത്തേക്കുളള മോഹൻലാലിന്റെ വളർച്ച മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ കാഴ്ചയുടെ രസതന്ത്രം ഒരിക്കലും മടുപ്പിക്കാതെ മോഹൻലാൽ എന്ന മഹാനടൻ മലയാളിക്ക് മുൻപിൽ നിറഞ്ഞാടുകയാണ്.

സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾക്ക് പുറമെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളത്തിൻറെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് മലയാള സിനിമയുടെ കലാമൂല്യം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെത്തിച്ചു മോഹൻലാലെന്ന മഹാപ്രതിഭ. വൈവിധ്യപൂർണമായ കഥാപാത്രങ്ങളെ ഇത്രമേൽ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചില നടന്മാനിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News