ബ്രിട്ട്നി സ്പിയേഴ്സിന്‍റെ മൂന്നാം വിവാഹം അലങ്കോലമാക്കാന്‍ ശ്രമിച്ച ആദ്യഭര്‍ത്താവ് അറസ്റ്റില്‍; വീഡിയോ
വ്യാഴാഴ്ച ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്വകാര്യചടങ്ങില്‍ വച്ചായിരുന്നു വിവാഹം
കാലിഫോര്‍ണിയ: അമേരിക്കന്‍ പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് മൂന്നാമതും വിവാഹിതയായി. നടനും പെഴ്സണല്‍ ട്രയിനറുമായ സാം അസ്ഗരിയാണ് വരന്‍. ഇറാന്‍ സ്വദേശിയാണ് സാം. വ്യാഴാഴ്ച ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്വകാര്യചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഔദ്യോഗികമായി വിവാഹിതരായെങ്കിലും വിവാഹ ചിത്രങ്ങളൊന്നും താരദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടില്ല.
അങ്ങേയറ്റം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ബ്രിട്ട്നിയുടെ വിവാഹവേദി സാക്ഷ്യം വഹിച്ചത്. കല്യാണത്തിന് ആദ്യഭര്‍ത്താവായ ജേസണ്‍ അലക്സാണ്ടറിന്‍റെ അപ്രതീക്ഷിത വരവാണ് കാര്യങ്ങളാകെ കുഴപ്പത്തിലാക്കിയത്. കനത്ത സുരക്ഷയെ മറികടന്നെത്തിയ ജേസണ്‍ വിവാഹവേദിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഈ സമയം ഇന്‍സ്റ്റഗ്രാമിലൂടെ ജേസണ്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ട്നി ക്ഷണിച്ചതുകൊണ്ടാണ് താന്‍ വിവാഹത്തിനെത്തിയതെന്നായിരുന്നു ജേസണിന്‍റെ വാദം.'' അവളെന്‍റെ ആദ്യഭാര്യയാണ്. എന്‍റെ ഒരേയൊരു ഭാര്യ. ഞാനവളുടെ ആദ്യ ഭര്‍ത്താവാണ്. ഞാൻ കല്യാണം മുടക്കാൻ വന്നതാണ്." എന്ന് വിളിച്ചുകൂവുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കേസിലാണ് ജേസണ്‍ അലക്സാണ്ടറെ വെഞ്ചുറ കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാല്യകാല സുഹൃത്തുക്കളായിരുന്ന ജേസണും ബ്രിട്ട്നിയും 2004ലാണ് വിവാഹിതരായത്. എന്നാല്‍ ഈ വിവാഹം കഴിഞ്ഞ് 55 മണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞു. പിന്നീടാണ് അമേരിക്കന്‍ ഗായകനായ കെവിൻ ഫെഡറലിനെ കല്യാണം കഴിക്കുന്നത്. ഈ ബന്ധത്തില്‍ 14ഉം 15ഉം പ്രായമുള്ള രണ്ട് മക്കളുമുണ്ട്. 2007 വിവാഹമോചിതരാവുകയും ചെയ്തു.
2016 ൽ 'സ്ലംബർ പാർട്ടി' മ്യൂസിക് വീഡിയോയുടെ സെറ്റിൽ വച്ചാണ് ബ്രിട്ട്നിയും സാമിനെ കണ്ടുമുട്ടുന്നത്. 2021 സെപ്തംബറില്‍ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇരുവരും വിവാഹിതരാകുമെന്ന് സൂചന നൽകിയിരുന്നെങ്കിലും വിവാഹ തിയതി വെളിപ്പെടുത്തിയിരുന്നില്ല. താനും സാമും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഏപ്രിലിൽ ബ്രിട്നി അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിനു ശേഷം ഗര്‍ഭം അലസിപ്പോയതായി ബ്രിട്ട്നി തന്നെ വ്യക്തമാക്കിയിരുന്നു.