അവസരങ്ങള്‍ തേടിപ്പോയിട്ടില്ല, മനഃപൂര്‍വം ഒഴിവാക്കിയവരുണ്ട്: കെ.ജി മാര്‍ക്കോസ്
സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതലും തഴയപ്പെട്ട അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പാടിയ പാട്ടുകള്‍ പോലും പലപ്പോഴും പുറത്തുവന്നിട്ടില്ല
പതിനായിരത്തിലധികം ക്രിസ്തീയ ഭക്തിഗാനങ്ങള്‍, അയ്യായിരത്തോളം മാപ്പിളപ്പാട്ടുകള്‍, നൂറോളം സിനിമാ ഗാനങ്ങള്‍...കെ.ജി മാര്‍ക്കോസ് എന്ന ഗായകന്‍ മലയാളികളെ തന്‍റെ പാട്ടുകളില്‍ കെട്ടിയിടാന്‍ തുടങ്ങിയിട്ട് നീണ്ട 45 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1981ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'കേള്‍ക്കാത്ത ശബ്ദം' എന്ന ചിത്രത്തിലെ 'കന്നിപ്പൂമാനം കണ്ണു നട്ടു ഞാന്‍ നോക്കിയിരിക്കെ' എന്ന ഗാനത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്ക് മാര്‍ക്കോസ് എത്തുന്നത്. പൂമാനമെ..., താലോലം പൂപൈതലേ, മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ, പുത്തന്‍പുതുക്കാലം...തുടങ്ങി മാര്‍ക്കോസ് പാടിയ പാട്ടുകളെല്ലാം ഹിറ്റുകളായിരുന്നു. പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു സിനിമക്ക് പിന്നണി പാടിയിരിക്കുകയാണ് ദേവഗായകന്‍. നസ്‍ലനും മമിത ബൈജുവും നായികാനായകന്‍മാരായി ഇപ്പോള്‍ തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ 'തെലങ്കാന ബൊമ്മലു' എന്ന അടിച്ചുപൊളി പാട്ട് പാടിയിരിക്കുന്നത് ഈ 65കാരനാണ്. 45 വര്‍ഷത്തെ സംഗീതജീവിതത്തെക്കുറിച്ച് മാര്‍ക്കോസ് മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാടിയ തെലങ്കാന ബൊമ്മലു എന്ന പാട്ട് ഹിറ്റാണല്ലോ? എങ്ങനെയാണ് പ്രേമലുവിലേക്ക് എത്തിയത്?
പിന്നണിഗാനരംഗത്തേക്ക് പ്രവേശിച്ച 81 കാലഘട്ടം മുതല്‍ ഞാന്‍ സിനിമക്ക് വേണ്ടി അങ്ങനെ ശ്രമിക്കാറില്ല. കിട്ടുന്നത് പാടും എന്നേ ഉണ്ടായിരുന്നുള്ളൂ. യാദൃച്ഛികമായി 2005 വരെയുള്ള കാലഘട്ടത്തിലാണ് കൂടുതലായും സിനിമയില്‍ പാടിയിരുന്നത്. അതുകഴിഞ്ഞ് പത്തു പതിനഞ്ച് വര്‍ഷമായി സിനിമയില്‍ അത്ര സജീവമല്ല. അപ്പോഴാണ് ഇങ്ങിനെയൊരു വിളി വരുന്നത്. ഞാനാദ്യമേ ഒന്നതിശയിച്ചു. കാരണം ഇന്നത്ത ജനറേഷന് എന്‍റെ പോലുള്ള ശബ്ദം അത്ര ഇഷ്ടപ്പെടുന്ന ഒരു രീതിയല്ല. അത്ര ഡെപ്തുള്ള ശബ്ദം വേണ്ട. സിനിമക്ക് വേണ്ടി പാടിക്കാമെന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. അതുപോലെയാണ് ഇതും എന്നേ കരുതിയുള്ളൂ. ഞാനൊക്കെ പാടിത്തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന കെ.ഡി വിന്‍സെന്‍റ്..മ്യുസിഷനാണ് അദ്ദേഹം.. ചിത്ര,യേശുദാസ്, സുജാതയെപ്പോലുള്ളവരുടെ മാനേജരായി അദ്ദേഹം ചെന്നൈയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്...തൃശൂരുകാരനാണ് അദ്ദേഹം. വിന്‍സെന്‍റ് വിളിച്ചപ്പോഴാണ് എനിക്ക് വിശ്വസനീയമായി തോന്നിയത്. ''മാര്‍ക്കോസെ ഇങ്ങനെയൊരു പാട്ടുണ്ട്...സിനിമക്ക് വേണ്ടിയാണ്'' അദ്ദേഹം വിളിച്ചിട്ടു പറഞ്ഞു. നല്ല മെലഡിയായിരിക്കുമെന്ന് വിചാരിച്ചാണ് പാട്ട് കേട്ടത്. എന്നാല്‍ ഇതായിരുന്നു പാട്ട്. ഞാനീ പാട്ട് പാടിയാല്‍ ശരിയാകുമോ എന്ന് സംഗീത സംവിധായകന്‍ വിഷ്ണു വിജയിനോട് ചോദിച്ചു. ചേട്ടനെ കണ്ടുകൊണ്ടാണ് ഈ പാട്ട് ചെയ്തത്, ചേട്ടന്‍ പാടിയാലെ ശരിയാകൂ എന്ന് അവര്‍ പറഞ്ഞു. പിന്നെ ശ്യാം പുഷ്കരന്‍ വിളിച്ചു. അപ്പോഴും എനിക്കത്ര വിശ്വാസം പോരാ..പിന്നെ മക്കള്‍ ഭാവന സ്റ്റുഡിയോസിനെക്കുറിച്ചും ശ്യാ പുഷ്കരനെക്കുറിച്ചുമെല്ലാം വിശദീകരിച്ചു പറഞ്ഞു. അങ്ങനെയാണ് ഈ പാട്ടിലേക്ക് വരുന്നത്. സ്റ്റീഫന്‍ ദേവസിയുടെ സ്റ്റുഡിയോയില്‍ വച്ചാണ് പാട്ട് പാടിയത്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വന്നോ എന്ന് പാട്ട് പാടിയതിനു ശേഷവും ഞാന്‍ ചോദിച്ചു. നന്നായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും എനിക്കങ്ങോട്ട് തൃപ്തിയുണ്ടായിരുന്നില്ല. പാട്ട് പുറത്തുവന്നപ്പോള്‍ ജനം അത് ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മാര്‍ക്കോസ് സാറിനെ തിരിച്ചുകൊണ്ടുവന്നതില്‍ നന്ദിയുണ്ടെന്ന തരത്തിലുള്ള കമന്‍റ്സുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം. പുതിയൊരു കാല്‍വെപ്പിന്‍റെ തുടക്കമായിട്ടാണ് എനിക്ക് തോന്നിയത്. സിനിമ കാണാന്‍ സാധിച്ചില്ല. കാരണം റിലീസിന്‍റെ തലേന്ന് ഞാന്‍ മസ്കറ്റിലായിരുന്നു. ശനിയാഴ്ചയാണ് കേരളത്തിലെത്തിയത്. ഞായറാഴ്ച തിരുവനന്തപുരത്ത് ഗാനമേളയുണ്ടായിരുന്നു. മക്കള്‍ സിനിമ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
1985ല്‍ നിറക്കൂട്ടിന് വേണ്ടി മാര്‍ക്കോസ് പാടിയ 'പൂമാനമെ' എന്ന ഗാനം വീണ്ടും പുതുതലമുറ തേടിപ്പിടിച്ചു കേള്‍ക്കുന്നു?
സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത ആളാണ് ഞാന്‍. എബ്രഹാം ഓസ്‍ലര്‍ എന്ന സിനിമയില്‍ പൂമാനമെ എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ടെന്ന് മക്കള്‍ പറഞ്ഞാണ് അറിയുന്നത്. അതും ഒരു നിമിത്തമാണ്. ആ പയ്യന്‍ അത്യാവശ്യം നന്നായി പാടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ജനത്തിന് ആ പാട്ട് ഓര്‍ക്കാനും കാരണമായല്ലോ. എനിക്കത് വലിയ പ്രചോദനമാണ്. മനസിന് വളരെ സന്തോഷം തോന്നുന്നുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന ഫീലാണ്. ഞാന്‍ പാടിയ പാട്ടുകളെല്ലാം ജനം ശ്രദ്ധിച്ച പാട്ടുകളാണ്. ഇപ്പോഴും നമ്മളെ ഇഷ്ടപ്പെടുന്ന ആളുകളുണ്ടല്ലോ. അതുകൊണ്ടാണല്ലോ ഞാനിപ്പോഴും വേദിയില്‍ സജീവമായി നില്‍ക്കുന്നത്. പൂമാനമെ... ഒരുവിധം വേദികളിലൊക്കെ പാടിയിട്ടുണ്ട്. അല്ലെങ്കില്‍ പാടിക്കാറുണ്ട്. സംഗീത ജീവിതത്തില്‍ 3500ലധികം സ്റ്റേജുകളിലെങ്കിലും ഞാന്‍ പാടിയിട്ടുണ്ട്. അതില്‍ രണ്ടായിരം വേദികളിലെങ്കിലും പൂമാനമെ, കന്നിപ്പൂമാനം തുടങ്ങിയ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇസ്രായേലിന്‍ നാഥനായി എന്ന പാട്ടൊക്കെ മിക്കവാറും എല്ലാ വേദികളിലും പാടുന്നതാണ്. മെലഡിയുടെ കാര്യം വരുമ്പോള്‍ ആ പാട്ടുകളൊക്കെയാണ് ആളുകള്‍ പറയാറുള്ളത്.
നല്ലൊരു ഗായകനെ ഗാനമേള വേദികളില്‍ മാത്രമായി ഒതുക്കിക്കളഞ്ഞു എന്നുള്ള കമന്‍റുകള്‍ യുട്യൂബ് വീഡിയോയുടെ താഴെ കാണുന്നുണ്ട്. അങ്ങനെയൊരു ഒതുക്കലുണ്ടായിട്ടുണ്ടോ?
അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. നമുക്ക് കഴിവുണ്ടോ ഇല്ലയോ എന്നുള്ളതല്ല കാര്യം. അന്നത്തെ ആസ്വാദകരും പ്രൊഡ്യുസറും സംഗീതസംവിധായകരുമൊക്കെ അങ്ങനെയായിരുന്നു. ഞാന്‍ പാടും അല്ലെങ്കില്‍ വേറൊരു ഗായകന്‍ പാടും എന്നുണ്ടെങ്കില്‍ അവരെക്കൊണ്ട് പാടിച്ച് മാര്‍ക്കറ്റ് ചെയ്തു വരുമ്പോഴേക്കും നഷ്ടം വരും. അതുകൊണ്ട് അത് ലാഭിക്കാനാണ് യേശുദാസ് പാടിയാല്‍ കുഴപ്പമില്ലല്ലോ എന്ന രീതിയിലേക്ക് വരുന്നത്. ദാസേട്ടന് അതില്‍ വലിയൊരു റോളുണ്ടെന്ന് ഞാന്‍ പറയില്ല. കാരണം ആസ്വാദകരും പ്രൊഡ്യുസറും സംഗീതസംവിധായകരുമൊക്കെയാണ് നമ്മളെ ഉപയോഗിക്കാതിരുന്നത്. ഉദയ, സുബ്രഹ്മണ്യ സ്വാമിയുടെ കമ്പനി എന്നിവയൊക്കെയായിരുന്നു അന്നത്തെ വലിയ സിനിമാക്കമ്പനികള്‍. യേശുദാസൊന്നും വേണ്ടെന്ന് കുഞ്ചാക്കോ വരെ പറഞ്ഞിട്ടുണ്ടെന്ന് അന്ന് കേട്ടിട്ടുണ്ട്. അവസാനം യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ 'എടോ അയാളൊരു ക്രിസ്ത്യാനിയാണെന്ന്' വരെ ദേവരാജന്‍ മാഷ് പറഞ്ഞു. ഇതൊക്കെ എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുള്ളതാണ്. ഒരാളെ ഫോക്കസ് ചെയ്തു കൊണ്ടുവരുന്നതുപോലെ എന്നെയൊന്നും ആരും ഫോക്കസ് ചെയ്തില്ല എന്നു വേണം പറയാന്‍.കഴിവുണ്ട്...അയാള് പാടട്ടെ എന്നു പറയാന്‍ ആരുമുണ്ടായില്ല. ഒരു നേര്‍ച്ചക്ക് പാടുന്ന പോലെയാണ് അന്ന് പാടിച്ചുവിട്ടത്. സമയമെടുത്ത് നമ്മളെക്കൊണ്ട് വൃത്തിയായി പാടിക്കണമെന്നൊക്കെ വിചാരിച്ചവരൊക്കെ കുറവാണ്. എങ്കിലും നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെട്ടു. ഒരു ടേക്കിലും രണ്ടു ടേക്കിലുമൊക്കെ പാടിപ്പോയ പാട്ടുകളാണ് പലതും. അതേസമയം അഞ്ചാറ് ടേക്കിലൊക്കെ നമ്മളെക്കൊണ്ട് പാടിച്ചിരുന്നെങ്കിലും അതിലും നന്നായി വന്നേനെ. വേണമെങ്കില്‍ പാടിയിട്ടു പോട്ടെ എന്ന രീതിയായിരുന്നു. 45 വര്‍ഷമായി ഈ രംഗത്തെ പിടിച്ചു നില്‍ക്കുന്നുണ്ട്. ശ്രോതാക്കളുടെ പ്രോത്സാഹനവും അതിനു പിന്നിലുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. ഇപ്പോഴും പാടാന്‍ പറ്റുന്നുവെന്നത് ദൈവാനുഗ്രഹമല്ലേ.
45 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ നല്ല അനുഭവങ്ങളാണോ തഴയപ്പെട്ടോ അനുഭവങ്ങളാണോ കൂടുതല്‍ ഉണ്ടായിട്ടുള്ളത്?
സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതലും തഴയപ്പെട്ട അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പാടിയ പാട്ടുകള്‍ പോലും പലപ്പോഴും പുറത്തുവന്നിട്ടില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ കാണിക്കുന്ന സ്നേഹം കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. അത്രക്കൊക്കെ ഞാനുണ്ടോ എന്നു തോന്നാറുണ്ട്. ഈ കഴിഞ്ഞ ദിവസം മസ്കറ്റില്‍ ചെന്നപ്പോള്‍ ഒരുപാടാളുകള്‍ സംസാരിക്കാനായി വന്നു. ഫോട്ടോയെടുത്തു.
അവഗണനക്കെതിരെ നമ്മളെന്തെങ്കിലും പറയുമ്പോള്‍ കൂടുതല്‍ ഒതുക്കലുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നമ്മളെ എങ്ങനെ താഴ്ത്തിക്കെട്ടാം എന്നു വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അവനത്രക്കായോ ,വേണമെങ്കില്‍ വന്നു ചോദിക്കട്ടെ എന്ന രീതിയായിരുന്നു സിനിമയില്‍ പലര്‍ക്കും. ഞാനാദ്യം പാടി സഹായിച്ചിട്ടുള്ള ചില ആളുകള്‍ പോലും 'അവനോട് പറ ഞങ്ങളെ ഒന്നു കാണാന്‍' എന്നു പറഞ്ഞതായി കേട്ടു. പക്ഷെ ഇതൊന്നും കാര്യമായി എടുക്കാറില്ല. അതൊക്കെ ജീവിതത്തിന്‍റെ ഒരു ഭാഗമായി കണ്ട് അങ്ങ് പോകുന്നുവെന്ന് മാത്രം. വയസ് 65 ആയി ഇനിയെത്രെ നാള്‍ പാടും, എത്ര നാളുണ്ടാകും എന്നൊന്നും അറിയില്ല. ഉള്ളിടത്തോളം നന്നായിട്ട് പോട്ടെ എന്നു വിചാരിക്കുന്നു.
അന്നത്തെ കാലത്ത് അവസരങ്ങള്‍ കുറവായിരുന്നു. ഇന്നത്തെ കാലം നോക്കിയാല്‍ സോഷ്യല്‍മീഡിയ വലിയൊരു ഘടകം തന്നെയാണ്. മിമിക്രിയാകട്ടെ..പാട്ടാകട്ടെ ഇന്ന് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള വേദി സോഷ്യല്‍മീഡിയ തുറന്നുതരുന്നുണ്ട്. അതുകാണാനും അതിനെ പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ട്. ടിവി പോലുമില്ലാതിരുന്ന കാലത്ത് മത്സരിച്ച് വേദികളിലൂടെയാണ് എന്നെപ്പോലെയുള്ളവര്‍ കയറിവന്നത്. വായ്ത്താരിയാണ് അന്ന് കൂടുതല്‍ പ്രയോജനപ്പെട്ടത്. അന്നൊക്കെ സാറെ ഒരു പാട്ട് എന്ന രീതിയില്‍ നിന്നെങ്കില്‍ മാത്രമേ ഒരു പാട്ടെങ്കിലും പാടാന്‍ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ പോകാനുള്ള ഒരു സാഹചര്യം എനിക്കുണ്ടായില്ല. അതുകൊണ്ടാണ് സിനിമയില്‍ നിന്നും ഞാനകന്നു പോയത്. അതേസമയം നമ്മുടെ പിറകില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവസരങ്ങള്‍ കിട്ടുമായിരുന്നു. ഇന്നു മനഃപൂര്‍വ്വമായി ഒഴിവാക്കി വിടുന്ന ഒരുപാട് സ്റ്റേജുകളുണ്ട്. ആ പുള്ളി വേണ്ട എന്നു പറയുന്ന ചാനലുകളുണ്ട്. അയാളെ വിളിച്ചാല്‍ നന്നായി പാടും എന്നു പറയാന്‍ ആളുകളില്ല. നല്ല രീതിയിലുള്ള ഒരു മെലഡി കേള്‍ക്കുന്നതിനെക്കാളുപരി അതിന്‍റെ ഏറ്റവും മോശമായി രീതിയില്‍ പാട്ടുകേള്‍ക്കുന്നതാണ് അല്ലെങ്കില്‍ ഇപ്പോഴത്തെ ട്രന്‍ഡാണെന്ന് പറഞ്ഞ് പാട്ടിനെ ആസ്വദിക്കുന്നതാണ് ഇപ്പോഴത്തെ ഒരു പ്രവണത. അതും ഇഷ്ടപ്പെടുന്നവരുണ്ട്. പഴയ കാലം മെലഡിയുടെ കാലഘട്ടമായിരുന്നു. ദേവരാജന്‍ മാഷ്, അര്‍ജുനനന്‍ മാഷ്,ദക്ഷിണാമൂര്‍ത്തി സ്വാമി,ബാബുരാജ് തുടങ്ങിയ മഹാന്‍മാരുടെ കാലത്തുണ്ടായ പാട്ടുകളോടാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. ഇപ്പോള്‍ പാട്ടു പാടുകയല്ലല്ലോ പറയുകയല്ലേ...കടിച്ചു പറിച്ചു പറയുകയല്ലേ.
ഡാലിയ പൂ ചൊരിഞ്ഞ...എന്ന പാട്ടൊക്കെ ഇപ്പോഴും ഓര്‍മകളിലുണ്ട്...ദൂരദര്‍ശന്‍ നല്ലൊരു പ്ലാറ്റ്ഫോമായിരുന്നില്ലേ?
തീര്‍ച്ചയായിട്ടും. ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും ശ്രദ്ധിക്കപ്പെട്ട എന്‍റെ കുറച്ചു പാട്ടുകളുണ്ട്. അന്ന് ഇതുപോലെ ചാനല്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഗായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്ന കാലമായിരുന്നു അന്ന്. അതുകൊണ്ടായിരിക്കും ആളുകളുടെ മനസില്‍ ചേക്കേറാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ഇന്നിപ്പോള്‍ പല ഗായകരെയും എഴുത്തുകാരെയും ആരും അറിയുന്നില്ല. വയലാര്‍ ദേവരാജന്‍ മാഷ്,സുശീലാമ്മ, യേശുദാസ്,ജാനകി എന്നു പറയുന്ന കാലഘട്ടം ഇന്നില്ല. അങ്ങനെയൊരു കാലഘട്ടത്തിന്‍റെ വാലറ്റത്തെങ്കിലും എത്താന്‍ സാധിച്ചല്ലോ എന്ന സന്തോഷമുണ്ട്. ഡാലിയ പൂ ചൊരിഞ്ഞ പാട്ടൊക്കെ ദൂരദര്‍ശനിലൂടെയാണ് ജനപ്രീതി നേടിയത്. എന്നെപ്പോലുള്ള പലര്‍ക്കും ദൂരദര്‍ശന്‍ നല്ലൊരു പ്ലാറ്റ്ഫോമായിരുന്നു. എന്‍റെയൊക്കെ ചെറുപ്പ കാലത്ത് റേഡിയോയില്‍ നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ കൊതിയോടെ കാത്തിരിക്കുമായിരുന്നു. അന്ന് ആ ഗാനം ആരാണ് എഴുതിയതെന്നും സംഗീത സംവിധായകന്‍ ആരാണെന്നും ഏത് ഗായകനാണ്, ഗായികയാണ് പാടിയതെന്നും അറിയാമായിരുന്നു. ഇന്നിപ്പോള്‍ എഫ്എം ചാനലിലൊക്കെ വെറുതെ ഒരു പാട്ട് ഇടുകയാണ്. ആരാണ് പാടിയതെന്നോ എഴുതിയതൊന്നോ ഒന്നു പറയുന്നില്ല. ഇന്നത്തെ കുട്ടികള്‍ക്ക് ഇവരെക്കുറിച്ചൊന്നും അറിയില്ല. പാട്ടിനോട് പുലബന്ധം പോലുമില്ലാത്തവര്‍ പോലും ഇന്ന് പ്രശസ്തരാണ്. സംഗീതത്തിനായി ജീവിതം മാറ്റിവച്ച പലരും അറിയപ്പെടാതെ പോകുന്നുമുണ്ട്.
ഡോക്ടറുടെ മകന്‍ എങ്ങനെയാണ് സംഗീത രംഗത്തേക്ക് എത്തുന്നത്?
എന്‍റെ ഫാദറും ഫാദറിന്‍റെ ഫാദറും പിതാവിന്‍റെ അമ്മാവന്‍മാര്‍....അങ്ങനെ എല്ലാവരും ഡോക്ടര്‍മാരായിരുന്നു. അടുത്ത തലമുറയിലും ഒരു ഡോക്ടര്‍ വേണമെന്ന ആഗ്രഹം കൊണ്ട് സയന്‍സില്‍ താല്‍പര്യമുള്ള എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അപ്പന്‍റെ ആഗ്രഹം. എന്‍റെ അപ്പന്‍റെ അമ്മ നന്നായി പാടുമായിരുന്നു. ബ്രിട്ടീഷുകാര് ഭരിക്കുന്ന സമയമായിരുന്നു അന്ന്. സിഎസ്ഐക്കാരുടെ പള്ളിയില്‍ ക്വയറിലുണ്ടായിരുന്നു അപ്പന്‍റെ അമ്മ. ആ ഒരു പാരമ്പര്യമായിരിക്കും കൊച്ചുമകനായ എനിക്ക് കിട്ടിയത്. ചെറിയ പ്രായം മുതലേ എനിക്ക് പാട്ടില്‍ നല്ല കമ്പമായിരുന്നു. ഏഴെട്ടു വയസുള്ളപ്പോള്‍ അത്യാവശ്യം നന്നായി പാടുമായിരുന്നു. അപ്പന്‍ അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. 50-60 കാലഘട്ടം. അന്ന് ഞങ്ങളുടെ വീടിനടുത്ത് കേശവദാസപുരത്ത് സലിം തിയറ്റര്‍ എന്നൊരു തിയറ്ററുണ്ടായിരുന്നു. തിയറ്ററില്‍ നിന്നും അന്നു കേള്‍ക്കുന്ന പാട്ടുകള്‍ കേട്ട് അതിന്‍റെയൊപ്പം പാടുമായിരുന്നു. ചെറിയ പ്രായത്തില്‍ സുശീലാമ്മയുടെ പാട്ടുകളോടായിരുന്നു താല്‍പര്യം. പ്രിയതമ എന്ന പാട്ടൊക്കെ അതുപോലെ പാടാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ പാട്ടു പാടിപ്പാടി പിന്നെ അതൊരു ശീലമായി. മുറിയുടെ ഏതെങ്കിലും മൂലയിലൊക്കെ പോയിരുന്ന് അരമണിക്കൂറും ഒരു മണിക്കൂറൊക്കെ തുടര്‍ച്ചയായി പാടുമായിരുന്നു.
അപ്പന് പിന്നെ ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫറായി..തുടര്‍ന്ന് കോട്ടയം. 72ലാണ് കൊല്ലത്ത് എത്തുന്നത്. അന്ന് ഞാന്‍ ഒന്‍പതിലോ പത്തിലോ പഠിക്കുന്ന സമയമാണ്. അപ്പോഴാണ് എന്‍റെ വീടിന്‍റെ തൊട്ടടുത്ത വീട്ടില്‍ യേശുദാസ് വരുന്നത്. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ട് പത്തുവര്‍ഷമെ ആകുന്നുള്ളൂ. അദ്ദേഹത്തിന്‍റെ അന്നത്തെ പാട്ടുകളൊക്കെ വലിയ ഹിറ്റായിരുന്നു. ഫോട്ടോകളില്‍ മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ.. എന്‍റെ തൊട്ടടുത്ത വീട്ടില്‍ വരുന്നു..അവിടെ രണ്ടു മൂന്നു ദിവസം ഉണ്ടാകും എന്നൊക്കെ അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അങ്ങനെ യേശുദാസിനെ കാണുന്നു.അദ്ദേഹം എന്നെ വിളിച്ചിരുത്തി രണ്ടു മൂന്നു പാട്ടു പാടിച്ചു. നിന്‍റെ ശബ്ദമൊക്കെ കൊള്ളാം.. സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. സംഗീതം പഠിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഈ രംഗത്ത് നില്‍ക്കണമെങ്കില്‍ അത്യാവശ്യം കുറച്ചു സംഗീതമൊക്കെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ നന്നായിട്ട് കഷ്ടപ്പെടണമെന്നും ...പിന്നെ അദ്ദേഹത്തിന്‍റെ ഗാനമേളയൊക്കെ നേരിട്ട് കണ്ടപ്പോള്‍ ഒരു ക്രേസായി മാറി. അസ്ഥിയില്‍ പിടിക്കുക എന്നൊക്കെ പറയില്ലേ അതുപോലെ..അങ്ങനെയാണ് സംഗീതം മതി എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ ഉടനെ തന്നെ മ്യൂസിക്കിലേക്ക് ഇറങ്ങുകയായിരുന്നു.
78 കാലഘട്ടമായപ്പോഴേക്കും കെ.ജി മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി എന്ന പേരില്‍ ഒരു ട്രൂപ്പൊക്കെ തുടങ്ങി. വീട്ടുകാര്‍ക്ക് ആദ്യമൊക്കെ വിഷമമായിരുന്നു. കാരണം 30-35 രൂപയൊക്കെയേ അന്ന് ഒരു ആര്‍ട്ടിസ്റ്റിന് പേയ്മെന്‍റുണ്ടായിരുന്നുള്ളൂ. പിന്നെ കള്ളുകുടിച്ച് വഴി തെറ്റിപ്പോകുമോ എന്ന ഭയം. ദൈവകൃപയാല്‍ അങ്ങനെയൊന്നുമുണ്ടായില്ല. 45 വര്‍ഷമായി സംഗീത രംഗത്തുണ്ട്. ദൈവം എല്ലാം നന്നായി നടത്തി. സംഗീതം കൊണ്ടാണ് പേരും പ്രശസ്തിയും പൈസയും എല്ലാം ഉണ്ടാക്കാന്‍ സാധിച്ചത്. അപ്പന്‍റെ 75-ാം പിറന്നാളിന്‍റെയന്ന് 'നിന്‍റെ കാര്യത്തില്‍ നീ മിടുക്കനായി' എന്നൊക്കെ പിതാവ് പറഞ്ഞു. അതൊരു വലിയ സന്തോഷമാണ്. ഡോക്ടറായിരുന്നെങ്കില്‍ ഇപ്പോള്‍ റിട്ടയറായി വീട്ടിലിരുന്നേനെ. ഗായകനായതുകൊണ്ട് ഇപ്പോഴും വേദികളില്‍ സജീവമാണ്. ലോകമെമ്പാടും മലയാളികള്‍ ഉള്ളിടത്തൊക്കെ എന്നെ അറിയുന്നുണ്ട്. അവരുടെ സ്നേഹവും സന്തോഷവും കലാകാരനായതുകൊണ്ടാണ് എനിക്ക് ലഭിച്ചത്. ഡോക്ടറാണെങ്കില്‍ അതു കിട്ടണമെന്നില്ല.
യേശുദാസുമായി സൗഹൃദത്തിലാണോ?
അദ്ദേഹവുമായി മാനസികമായി മറ്റു പ്രശ്നങ്ങളില്ല. ഞങ്ങള്‍ തമ്മില്‍ 17 വയസിന്‍റെ വ്യത്യാസമുണ്ട്. മൂത്ത ജ്യേഷ്ഠനെപ്പോലെയോ ഗുരുസ്ഥാനത്തോ ആണ് അദ്ദേഹത്തെ ഇപ്പോഴും കാണുന്നത്. അദ്ദേഹത്തിന്‍റെ ചുറ്റും ഒരു പത്തുപതിനഞ്ചു പേര്‍ എപ്പോഴും ഉണ്ടാകും. 72 മുതല്‍ കണ്ടിട്ടുണ്ട്. സ്തുതി പാഠകരുടെ വാക്കുകളില്‍ വീഴുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. അവരാണ് എന്തെങ്കിലും പോയ് കൊളുത്തിക്കൊടുത്തിട്ട് അവനങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. സ്വഭാവികമായി മനുഷ്യനല്ലേ ഒന്നോ രണ്ടോ തവണ കേള്‍ക്കുമ്പോള്‍ അങ്ങനെ പറഞ്ഞോ എന്നു തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് ചില സമയത്ത് ഒഫന്‍ഡഡ് ആയി വന്നിട്ടുണ്ട്. വെള്ള വസ്ത്രത്തെക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. എന്‍റെ അപ്പനെ കണ്ടിട്ടാണ് ഞാന്‍ വെള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. അന്ന് ആതുര സേവന രംഗത്തുള്ളവര്‍ വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അപ്പന് വെള്ള വസ്ത്രമെടുക്കുമ്പോള്‍ എന്‍റെ ജ്യേഷ്ഠനും അനിയനുമൊക്കെ വെള്ളയായിരുന്നു എടുത്തിരുന്നത്. പിന്നെ അന്നത്തെ സ്കൂള്‍ യൂണിഫോമും അങ്ങനെയായിരുന്നു.
ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ സ്കൂള്‍ സെക്രട്ടറിയായി. അന്ന് വെള്ള പാന്‍റും വെള്ള ഷര്‍ട്ടുമായിരുന്നു ഞങ്ങളുടെ യൂണിഫോം. ആ സമയത്താണ് യേശുദാസിനെ കാണുന്നത്. ഇദ്ദേഹത്തെ കണ്ടുകഴിഞ്ഞപ്പോള്‍ വെള്ള മതി എന്ന തീരുമാനത്തിലെത്തി. 52 വര്‍ഷമായി വെള്ള വസ്ത്രമാണ് ഞാനുപയോഗിക്കുന്നത്. അത് ആരെയും അനുകരിക്കുന്നതല്ല. എന്‍റെ മനസിന്‍റെ തൃപ്തിയാണ്. വെള്ളയല്ലാതെ മറ്റു വസ്ത്രം ധരിച്ച് കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ തന്നെ പിടിക്കാറില്ല. പുള്ളിക്കാരന്‍ അതിനെക്കുറിച്ച് മനോരമയില്‍ ഏതോ അഭിമുഖത്തില്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. പിന്നെ അതു പലരീതിയില്‍ വന്നപ്പോള്‍ മാനസികമായി ചെറിയൊരു അകല്‍ച്ചയുണ്ടായി. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. 2019ല്‍ അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ മനസില്‍ എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. എന്‍റെ മനസില്‍ അന്നും ഇന്നും അദ്ദേഹം ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തിന്‍റെ പാട്ടാണ് ഞാന്‍ വേദികളില്‍ കൂടുതല്‍ പാടുന്നത്...