പൊട്ടിച്ചിരിപ്പിച്ച് മടക്കം; വഴിയിൽ കാത്തിരുന്നത് ദുരന്തം

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു

Update: 2023-06-05 02:23 GMT
Editor : Lissy P | By : Web Desk
പൊട്ടിച്ചിരിപ്പിച്ച് മടക്കം; വഴിയിൽ കാത്തിരുന്നത് ദുരന്തം
AddThis Website Tools
Advertising

തൃശ്ശൂർ: സീരിയൽ-സിനിമ താരം കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് ആരാധകർ. ചാനൽ പരിപാടികളിലെ കോമഡി സ്‌കിറ്റുകളിലൂടെയാണ് സുധി പ്രേക്ഷകരുടെ പ്രിയ താരമാകുന്നത്. ഇതിന് പിന്നാലെ സിനിമകളിലൂടെയും ജനങ്ങളെ ചിരിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ തൃശൂരിലുണ്ടായ വാഹനാപകടത്തിലാണ് സുധി കൊല്ലത്തിന്റെ വിയോഗം.

പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

കാറിൽ കൂടെയുണ്ടായിരുന്ന ഫ്‌ളവേഴ്സ് ചാനൽ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഇവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2015 ൽ പുറത്തിറങ്ങിയ കാന്താരിയാണ് കൊല്ലം സുധിയുടെ ആദ്യ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷൻ,കുട്ടനാടൻ മാർപാപ്പ,തീറ്റ റപ്പായി,കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്,സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News