മലയാളത്തിന്‍റെ വില്ലന് വിട; 'കീരിക്കാടൻ ജോസ്' അരങ്ങൊഴിയുമ്പോള്‍...
300ഓളം സിനിമകളിലായി നിരവധി കഥാപാത്രങ്ങളെയാണ് കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അവതരിപ്പിച്ചത്
കിരീടത്തിലെ സേതുമാവനെ വിറപ്പിച്ചാണ് കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളി മനസുകളിൽ ഇടം പിടിക്കുന്നത്. ആ ഒരു സിനിമയിലെ ഉഗ്രൻ പെർഫോമൻസാണ് മോഹൻ രാജ് എന്ന അതുല്ല്യ നടനെ എക്കാലത്തും കീരിക്കാടൻ ജോസാക്കി മാറ്റിയതും. മലയാളത്തിന്റെ വെള്ളിത്തിരക്ക് എന്നും ഓർത്തുവെക്കാൻ ഉശിരുളള ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോഹൻ രാജ് നമ്മളോട് വിട പറയുന്നത്.
1988-ൽ പുറത്തിറങ്ങിയ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുളള അരങ്ങേറ്റം. ആറാം തമ്പുരാൻ, ചെങ്കോൽ, നരസിംഹം എന്നീ സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾക്ക് തിയറ്ററുകൾ നൽകിയത് ഉഗ്രൻ കൈയടി. പിന്നീട് അർത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസർകോട് കാദർഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോൽ, ആറാം തമ്പുരാൻ, വാഴുന്നോർ, പത്രം, നരൻ, ഹലോ, മായാവി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളും സിനിമാ പ്രേമികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മോഹൻ രാജ് ശ്രദ്ധേയ കാഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴിൽ ഒമ്പതും തെലുങ്കിൽ 31 ചിത്രങ്ങളുടേയും ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ 2008-ന് ശേഷം മലയാള ചിത്രങ്ങളിലേക്ക് മാത്രമായി അദ്ദേഹത്തിന്റെ അഭിനയ ജീവിതം ചുരുങ്ങി. ഇതിനിടയിൽ ഇടവേളകളുമുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതാണ് നടന്റെ പെട്ടന്നുള്ള പിന്മാറ്റത്തിന് കാരണമായതെന്നാണ് കരുതുന്നത്.
2015-ൽ ചിറകൊടിഞ്ഞ കിനാക്കളിൽ വേഷമിട്ട മോഹൻ രാജ് 2022-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറായി കോഴിക്കോട്ട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയിൽ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസമാക്കിയ അദ്ദേഹം പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം. 300 ഓളം സിനിമകളിലൂടെ നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച പ്രയപ്പെട്ട നടന് ആദരാഞ്ജലികൾ...