11 നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും; ഫ്രൈഡേ ഫിലിം ഹൗസിന്‍റെ 'വാലാട്ടി', മോഷൻ പോസ്റ്റർ പുറത്തിറങ്ങി
അഞ്ച് ഭാഷകളിലായി തിയറ്ററിൽ റിലീസ് ചെയ്യുന്ന സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് വാലാട്ടി
മങ്കി പെൻ, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കൂടാതെ മലയാളത്തിലെ പ്രഥമ ഒ.ടി.ടി ചിത്രമായ സൂഫിയും സുജാതയും, 2021 ലെ ഏറ്റവും ജനപ്രിയ ചിത്രമായ ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി തിയറ്ററിൽ റിലീസ് ചെയ്യുന്ന സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് വാലാട്ടി.
ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മറ്റനവധി ഇനത്തിൽപ്പെടുന്ന നായ്ക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. അവർ ആരൊക്കെയെന്നത് ഒരു സർപ്രൈസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ പറഞ്ഞു.
വരുൺ സുനിൽ സംഗീതം നൽകിയിരിയ്ക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നായ്ക്കുട്ടികളെ വളർത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നൽകാനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി മൂന്ന് വർഷത്തിൽ അധികം സമയം ആണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബു പറയുന്നു. തന്‍റെ സ്വപ്‍ന ചിത്രമാണിതെന്ന് സംവിധായകൻ ദേവനും പ്രതികരിച്ചു.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം-അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനയ് ബാബു, നിർമാണ നിർവഹണം-ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, അറ്റ്മോസ് മിക്സിങ്-ജസ്റ്റിൻ ജോസ്, കലാ സംവിധാനം-അരുൺ വെഞ്ഞാറന്മൂട്, ചമയം-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ജിതിൻ ജോസ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.
ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി വേനൽ അവധിക്ക് തിയറ്ററിൽ എത്തിക്കും.