ഈ പുട്ടും മുട്ടക്കറിയും അവർക്ക് സമർപ്പിക്കുന്നു- സൈബർ ആക്രമണങ്ങളോട് ഗോപി സുന്ദറിന്‍റെ മറുപടി
ഗായിക അമൃത സുരേഷുമായുള്ള പ്രണയം പരസ്യമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണം നടന്നിരുന്നു
കൊച്ചി: ഗായിക അമൃത സുരേഷുമായുള്ള പ്രണയം പരസ്യമാക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഗോപിയുടെ പരിഹാസം കലർന്നുള്ള പ്രതികരണം.
മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ വിധിപറയുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക് ഞങ്ങൾ ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി ഗോപി സുന്ദർ ചേർത്തത്. അമൃതയോടുള്ള പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ ഇരുവരുമൊന്നിച്ച് ക്ഷേത്രസന്ദർശനം നടത്തിയതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ദിവസങ്ങൾക്കുമുൻപാണ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അമൃത സുരേഷുമായുള്ള പ്രണയം ഗോപി സുന്ദർ വെളിപ്പെടുത്തിയത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രണയം പരസ്യമാക്കിയത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ, ഇതിനു പിന്നാലെ ഇരുവർക്കും ആശംസകൾ നേർന്നും വിമർശനമായും നിരവധിപേർ രംഗത്തെത്തി. ഗോപിയുടെ മുൻജീവിത പങ്കാളികളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും നടന്നത്. മുൻ പങ്കാളി അഭയ ഹിരൺമയിയുടെ ഇൻസ്റ്റഗ്രാം പേജിലും വ്യക്തിയധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും നടന്നു. തുടർന്ന് വിശദീകരണവുമായി അഭയ തന്നെ രംഗത്തെത്തിയിരുന്നു.
Summary: We dedicate this puttum mutta kariyum to the jobless people who judge and comments on others personal life, Gopi Sundar responds to cyber attacks