നടി ഹൻസികയുടെ വരൻ സുഹൈൽ; ബിസിനസ് പങ്കാളി
ഡിസംബര്‍ നാലിന് ജെയ്പൂരിലാണ് വിവാഹച്ചടങ്ങുകള്‍
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ഹൻസിക മോട്വാനിക്ക് മിന്നുചാർത്തുന്നത് ബിസിനസ് പങ്കാളി. മുംബൈക്കാരനായ വ്യവസായി സുഹൈൽ കതൂരിയയാണ് ഹൻസികയുടെ വരൻ. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. വിവാഹ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും ആരാണ് വരൻ എന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ വന്നത്.
ഡിസംബർ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.
നേരത്തെ, തമിഴ് നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക. 2013ൽ ഇരുവരും ബന്ധം പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത വർഷം തന്നെ ഇരുവരും വേർപിരിഞ്ഞു. വർഷങ്ങൾക്കു ശേഷം മഹാ എന്ന ചിത്രത്തിൽ ഈ വർഷം ഇരുവരും ഒന്നിച്ചിരുന്നു. നടിയുടെ അമ്പതാം ചിത്രമായിരുന്നു മഹാ.
മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷൻറെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Summary: Actor Hansika Motwani is all set to tie the knot by the end of this year. According to several media reports, she is going to marry her friend and business partner Sohail Kathuria in the first week of December.