അൻപ് മകളേ...; കുഞ്ഞിക്കൈ നീട്ടി അവളും, മകളുടെ ഓർമയിൽ ഇളയരാജ
അര്‍ബുദബാധയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു ഭവതാരിണി ഇളയരാജ
ചെന്നൈ: ചെവിയിൽ നിർത്താതെ മുഴങ്ങിയിരുന്ന സംഗീതം, ആ ലോകത്ത് കുഞ്ഞിക്കൈ നീട്ടി അവളും. അന്തരിച്ച മകളുടെ ഓർമയിൽ വിതുമ്പുകയാണ് സംഗീത സംവിധായകൻ ഇളയരാജ. മകളും ഗായികയുമായ ഭവതാരിണിയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, 'അൻപ് മകളേ' (പ്രിയപ്പെട്ട മകളെ). മക്കളോടുള്ള മുഴുവൻ വാത്സല്യവും ആ ചിത്രത്തിലും വാക്കുകളിലും ഉണ്ടായിരുന്നു. ആരാധകരുടെ കണ്ണുകളിലും ചിത്രം ഈറനണിയിച്ചു. ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ നിരവധി ആളുകളാണ് അനുശോചനവുമായി എത്തുന്നത്. ദുഃഖത്തിൽ പങ്കുചേരുന്നതായും മകൾക്ക് നിത്യശാന്തി നേരുന്നതായും ആളുകൾ കുറിച്ചു.
വ്യാഴാഴ്ചയാണ് ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചത്. 47 വയസായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
1976ൽ ചെന്നൈയിലായിരുന്നു ഭവതാരിണിയുടെ ജനനം. ബാല്യകാലത്തു തന്നെ അച്ഛന്റെ കൈപിടിച്ച് ശാസ്ത്രീയ സംഗീതലോകത്തിലേക്ക് കടന്നു. 'രാസയ്യ' എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടി പിന്നണി ഗാനരംഗത്ത് ചുവടുവെപ്പ്. തുടർന്ന് മലയാളികളടക്കം ഇഷ്ടപ്പെടുന്ന ശബ്ദമായി മാറി.
'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവര്‍ സഹോദരങ്ങളാണ്. 'ഭാരതി'യിലെ 'മയിൽ പോലെ പൊണ്ണ് ഒന്ന്' എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്.'രാസയ്യ' എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.2002-ൽ രേവതി സംവിധാനം ചെയ്ത 'മിത്ർ, മൈ ഫ്രണ്ട്' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി.