വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരാണ് നമ്മെ നയിക്കുന്നത്: കജോൾ
"ഇടവേളകളിലും തിരിച്ചുവരവിലും വിശ്വസിക്കുന്നില്ല"
വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് ബോളിവുഡ് നടി കജോൾ. അവർക്ക് കാഴ്ചപ്പാടുകളില്ലെന്നും നടി പറഞ്ഞു. പുതിയ വെബ്‌സീരീസ് ദ ട്രയലിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് ദ ക്വിന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.
'രാജ്യത്ത് മാറ്റം പതിയെ മാത്രമാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. അത് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. നമ്മെ ഭരിച്ച മിക്കവർക്കും കാഴ്ചപ്പാടുകളുണ്ടായിരുന്നില്ല.' - കജോള്‍ പറഞ്ഞു.
മാറ്റങ്ങൾ ഇപ്പോൾ ദൃശ്യമായി വരുന്നുണ്ടെന്നും കജോൾ കൂട്ടിച്ചേർത്തു. 'സ്ത്രീ അവന്റെ പുരുഷനോട് വഞ്ചന കാണിച്ചാൽ അത് പൊറുത്തേക്കൂ എന്ന് അമ്മ അവനോട് പറയുമോ? സ്ത്രീശാക്തീകരണത്തിന് മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം സ്ത്രീകൾ തന്നെയാണ്. സമൂഹത്തിന്റെ അഭിപ്രായത്തിന് അപ്പുറം അമ്മമാർ ഇഷ്ടമുള്ള പോലെ കുട്ടികളെ വളർത്തണം. അതിപ്പോൾ സമൂഹത്തിൽ കണ്ടു വരുന്നുണ്ട്. പത്തു വർഷം മുമ്പ് അതു കാണാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെ മുൻവിധികൾ മാറിയിട്ടുണ്ട്.' - അവർ കൂട്ടിച്ചേർത്തു.
ഇടവേളകളിലും തിരിച്ചുവരവിലും വിശ്വസിക്കുന്നില്ലെന്നും ജോലിക്കു പോകുമ്പോഴാണ് തന്റെ ഇടവേളയെന്നും നടി പറഞ്ഞു. സുപർൺ വർമ സംവിധാനം ചെയ്യുന്ന കോർട്ട് ഡ്രാമയാണ് ദ ട്രയൽ. ജൂലൈ 14ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റിലീസ്. അമേരിക്കൻ ലീഗൽ-പൊളിറ്റിക്കൽ ടെലിവിഷൻ ഡ്രാമ ദ ഗുഡ് വൈഫിന്റെ ഇന്ത്യൻ പതിപ്പാണ് ദ ട്രയൽ. ജിഷു സെൻഗുപ്തയാണ് നായകനായി എത്തുന്നത്.