അതു ഒരു അഭിനയ പിസാസ്; രേവതിക്ക് സ്വീകരണമൊരുക്കി സിനിമയിലെ സുഹൃത്തുക്കള്‍
മലയാളത്തിലെ യുവനടിമാരോട് മത്സരിച്ചാണ് രേവതി പുരസ്കാരം കരസ്ഥമാക്കിയത്
വിവിധ വിഭാഗങ്ങളിലായി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നടി രേവതിക്ക് കേരള സര്‍ക്കാരിന്‍റെ അവാര്‍ഡ് മാത്രം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആ കുറവ് നികത്തി. ഹൊറര്‍ ത്രില്ലറായി ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതി നേടിയെടുക്കുകയും ചെയ്തു. മലയാളത്തിലെ യുവനടിമാരോട് മത്സരിച്ചാണ് രേവതി പുരസ്കാരം കരസ്ഥമാക്കിയത്. ഇപ്പോഴിതാ രേവതിയുടെ സുഹൃത്തുക്കളായ ലിസ ലക്ഷ്മി, ഖുശ്ബു സുന്ദർ, സുഹാസിനി, അംബിക എന്നിവരുൾപ്പെടെയുള്ളവർ രേവതിക്ക് പുരസ്കാരം നേടിയതിന് വിരുന്നൊരുക്കിയിരിക്കുകയാണ്.
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലിസ്സി ലക്ഷ്മിയാണ് രേവതിക്ക് അഭിനന്ദനം അറിയിച്ചത്. 'ഭൂതകാലത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ രേവതിയുടെ വിജയം ആഘോഷിക്കുന്നു !! എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിത്!! ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രേവതി. "അതു ഒരു അഭിനയ പിസാസ്" എന്ന പ്രഭു സാറിന്റെ വാക്കുകൾ കടമെടുക്കുന്നു. വർഷങ്ങളായി നിരവധി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നമ്മെ മയക്കിയ ഒരു നടിക്ക് സംസ്ഥാന അവാർഡും മറ്റ് നിരവധി ഉയർന്ന അംഗീകാരങ്ങളും ലഭിക്കുന്നതിനായുള്ള വളരെക്കാലമായുള്ള കാത്തിരിപ്പ് അവസാനിച്ചു! യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് സംസ്ഥാന അവാർഡ് നേടാനായത് വലിയ നേട്ടമാണ്! ഞങ്ങൾ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു !!'
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ സൈക്കോളജിക്കൽ ത്രില്ലറാണ് ഭൂതകാലം. ഷെയ്ൻ നിഗം ആയിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സൈജു കുറുപ്പ്, ആതിര പട്ടേല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.