'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി, പക്ഷേ മമ്മൂട്ടിയുടെ കണക്കുകൂട്ടല്‍ മറ്റൊന്നായിരുന്നു'
റോഷാക്കിനെ കുറിച്ച് മമ്മൂട്ടി പുലര്‍ത്തിയിരുന്ന പ്രതീക്ഷയെക്കുറിച്ച് അദ്ദേഹത്തിന്‍റെ പിആര്‍ഒ
മമ്മൂട്ടി നായകനായ സൈക്കോളജിക്കല്‍ ത്രില്ലര്‍ റോഷാക്ക് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പുലര്‍ത്തിയിരുന്ന പ്രതീക്ഷയെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്താല്‍ വന്‍ തുക നല്‍കാമെന്ന് നെറ്റ്ഫ്ലിക്സ് വാഗ്‍ദാനം ചെയ്തിരുന്നുവെന്ന് റോബര്‍ട്ട് പറയുന്നു-
"ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ. ആ കണക്കുകൂട്ടലുകൾ എത്ര കൃത്യമായിരുന്നു"
ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ സിനിമാസ്വാദകരില്‍ കൌതുകം നിറച്ചിരുന്നു റോഷാക്ക്. ലൂക്ക് ആന്‍റണി എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥ എഴുതിയത് സമീര്‍ അബ്ദുല്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മിഥുന്‍ മുകുന്ദന്‍റേതാണ് സംഗീതം.