'ഇച്ചാക്കയുടെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനാണ് ഞാന്‍': മോഹന്‍ലാല്‍
'അദ്ദേഹത്തിന്‍റെ കാർക്കശ്യത്തോട് ഒത്തുപോകാൻ സാധിക്കാത്തതായി കേൾക്കാറുണ്ട്. എനിക്കങ്ങനെയേ അല്ല'
മമ്മൂട്ടി സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്ന് മോഹന്‍ലാല്‍. അദ്ദേഹം തനിക്ക് മിത്രമോ ബന്ധുവോ അല്ല. തന്നെ വഴക്കുപറയാനും ഗുണദോഷിക്കാനും അധികാരവും അവകാശവും പതിച്ചുകൊടുത്ത ജ്യേഷ്‌ഠസഹോദരൻ തന്നെയാണ്. ഇരു കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും അങ്ങനെയാണ്. അദ്ദേഹത്തെ അനിയന്മാർ വിളിക്കുന്നതുപോലെ ഇച്ചാക്കയെന്നാണ് താനും വിളിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നാളെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയെ കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയോടുള്ള ആത്മബന്ധത്തെ കുറിച്ച് വിശദീകരിച്ചത്.
"മോഹൻലാൽ എന്ന വാക്കും പേരും മമ്മൂട്ടി എന്ന പേരുംകൂടി കൂട്ടിച്ചേർക്കുമ്പോഴേ പൂർത്തിയാകുന്നുള്ളൂവെന്ന് തോന്നിയിട്ടുണ്ട്. തിരിച്ച് മമ്മൂട്ടി എന്ന പേരിനൊപ്പം എന്റെ പേരും കൂട്ടിച്ചേർത്തു പറയുകയും എഴുതുകയും ചെയ്യുന്നതൊക്കെ ഈ സൗഭാഗ്യത്തിന്റെ അടരുകളായാണ് ഞാൻ കണക്കാക്കുന്നത്. നടന്മാരെന്ന നിലയ്‌ക്ക് ഞങ്ങളിലൊരാളെപ്പറ്റി പറയുമ്പോൾ മറ്റേ ആളെപ്പറ്റിക്കൂടി പരാമർശിക്കപ്പെടുക എന്നത് അത്രയധികം പേർക്ക് ലഭ്യമാകുന്ന ഭാഗ്യമല്ലല്ലോ. ഇന്ത്യയിൽ മറ്റേതെങ്കിലും ഭാഷയിൽ ഇത്രയധികം കാലം ഇത്രയധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച രണ്ടു താരങ്ങളുണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ടെനിക്ക്. എന്റെ ഓർമയിൽ ഏതാണ്ട് അമ്പതിലധികം സിനിമയിലെങ്കിലും ഞങ്ങളൊന്നിച്ച് അഭിനയിച്ചിട്ടുണ്ടാകും. 40 വർഷം, അമ്പതിലധികം സിനിമ എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ! പടയോട്ടത്തിൽ ഞാൻ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്‍റെ അച്ഛൻ കമ്മാരനായി വേഷമിട്ടത് ഇച്ചാക്കയായിരുന്നു! അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാൻ മാറി"- മോഹന്‍ലാല്‍ കുറിച്ചു.
എല്ലാവരിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ. എന്നാൽ ഇച്ചാക്കയിൽ നിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അഭിനേതാവെന്ന നിലയ്‌ക്ക് സ്വന്തം ശരീരം കാത്തുസൂക്ഷിക്കാൻ അദ്ദേഹമെടുക്കുന്ന നിഷ്‌കർഷ, ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കം, കഥാപാത്രമാകാൻ എടുക്കുന്ന വേദനാജനകമായ ആത്മസമർപ്പണം- ഇതൊക്കെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്. പലർക്കും അദ്ദേഹത്തിന്റെ കാർക്കശ്യത്തോട് ഒത്തുപോകാൻ സാധിക്കാത്തതായി കേൾക്കാറുണ്ട്. എന്നാൽ, തനിക്കങ്ങനെയേ അല്ല. നമ്മുടെ രീതിക്ക് അദ്ദേഹത്തെ കരുതാതിരുന്നാൽ മാത്രം മതി. ഇച്ചാക്കയെ ഇച്ചാക്കയായി അദ്ദേഹത്തിന്റെ ശൈലിയിൽ മനസ്സിലാക്കിയാൽ മതി. വളരെ രസകരമായ ആത്മബന്ധമായി അതുമാറും. അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിലെ മറ്റൊരു ലോകത്തെ അത് നമുക്കു വെളിപ്പെടുത്തി തരും. ടെക്‌നോളജിയെപ്പറ്റി ലോകത്തു നടക്കുന്ന അത്തരം വിപ്ലവങ്ങളെപ്പറ്റിയൊക്കെ അപ് ടു ഡേറ്റായ ഇച്ചാക്കയെച്ചൊല്ലി ബഹുമാനം തോന്നിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചു.
സ്വന്തം ജ്യേഷ്‌ഠന്‍റെ പിറന്നാളെന്നേ ഇച്ചാക്കയുടെ പിറന്നാളിനെപ്പറ്റി ചിന്തിക്കുമ്പോൾ തോന്നുന്നുള്ളൂ. ഇത്രയുംനാൾ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നിരാശയിലും പ്രത്യാശയിലുമൊക്കെ കരുതലോടെ ഒപ്പമുണ്ടായിരുന്ന ഒരാൾ. ഇനിയും എത്രയോ കാലം ഒപ്പമുണ്ടാകുമല്ലോ എന്ന ഉറച്ചവിശ്വാസവും ഉത്തമബോധ്യവും. അതൊരു അത്താണിയാണ്. അദ്ദേഹത്തിന് ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യം സമ്മാനിക്കട്ടെയെന്നും ഇനിയും അർഥവത്തായ കഥാപാത്രങ്ങളെ സമ്മാനിക്കട്ടെയെന്നും ഇനിയും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ അവസരമുണ്ടാകട്ടെയെന്നും മാത്രമാണ് ഈ അവസരത്തിൽ പ്രാർഥിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചു