"ചന്ദ്രികയിൽ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേട്" പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി മുഈൻ അലി തങ്ങൾ
ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈൻ അലി തങ്ങൾ പ്രതികരിച്ചു
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൂഇനലി ശിഹാബ് തങ്ങൾ. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ലീഗ് ഹൗസിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൂഇൗനലി തുറന്നടിച്ചത്.
40 വർഷമായി പാർട്ടിയുടെ മുഴുവൻ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടിയെന്ന് മുഈൻ അലി തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ് എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈൻ അലി തങ്ങൾ കൂട്ടിച്ചേര്‍ത്തു. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈൻ അലി തങ്ങൾ പ്രതികരിച്ചു.
ഹൈദരലി തങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതിന്‍റെ ഉത്തരവാദിത്തം ചന്ദ്രിക ഫിനാൻസ് ഡയറക്ടർ ഷെമീറിനാണ്. ഷെമീറിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിനിടയിൽ മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ് മുഇൗനലി തങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് സംഘർഷത്തിനിടയാക്കി. തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.