അഡ്വാന്‍സ് ബുക്കിങ്ങില്‍ പുഷ്പം പോലെ വിറ്റഴിഞ്ഞത് രണ്ട് മില്യണ്‍ ടിക്കറ്റുകള്‍; തിയറ്ററുകള്‍ പൂരമ്പറപ്പാക്കാന്‍ പുഷ്പ 2 നാളെയെത്തും

ഹിന്ദി പതിപ്പ് മാത്രം 24.12 കോടിയും തെലുങ്ക് 2ഡി പതിപ്പ് 34.37 കോടിയും നേടി

Update: 2024-12-04 11:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ ദി റൂള്‍' നാളെ തിയറ്ററുകളിലെത്തും. അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച പുഷ്പ ബോക്സോഫീസുകള്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 2.14 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഹിന്ദി പതിപ്പ് മാത്രം 24.12 കോടിയും തെലുങ്ക് 2ഡി പതിപ്പ് 34.37 കോടിയും നേടി. തമിഴ് പതിപ്പ് 1.8 കോടിയും നേടി. കേരളത്തില്‍ അഡ്വാൻസ് ബുക്കിങ്ങ് മൂന്ന് കോടിയിലെത്തി. ആഗോളതലത്തിൽ ടിക്കറ്റ് വില്‍പന 100 കോടി കവിഞ്ഞു. ഇതോടെ പുഷ്പ 2 ബാഹുബലി 2, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ അഡ്വാന്‍സ് ബുക്കിങ് റെക്കോഡ് മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ആഗോളതലത്തിൽ ചിത്രം 250 മുതൽ 275 കോടി രൂപ വരെ നേടിയേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞു. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറാണ് ഏറ്റവും കൂടുതല്‍ ഓപ്പണിങ് കലക്ഷന്‍ നേടിയ ചിത്രം. ലോകമെമ്പാടുമായി 223 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്.

400-500 കോടി ബജറ്റിലാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നത്. BookMyShow-യിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുന്ന സിനിമ എന്ന റെക്കോഡും പുഷ്പക്കാണ്. ലോകമെമ്പാടുമായി 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തും. പുലർച്ചെ നാല് മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ ഷോ. പുഷ്പരാജിന്‍റെ രണ്ടാം വരവിനായി ഏറെ ആവേശത്തിലാണ് അല്ലു ആരാധകര്‍.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News