15.25 കോടി രൂപക്ക് മുംബൈയിലെ രണ്ട് അപ്പാർട്ട്‌മെന്റുകളും വിറ്റ് രൺവീർ സിംഗ്

2014 ഡിസംബറിൽ 4.64 കോടി രൂപയ്ക്കാണ് രൺവീർ സിംഗ് ഈ അപ്പാർട്ട്മെന്റുകള്‍ സ്വന്തമാക്കിയത്

Update: 2023-11-11 07:19 GMT
Advertising

ബോളിവുഡ് താരം രൺവീർ സിംഗ് മുംബൈയിലെ രണ്ട് അപ്പാർട്ട്‌മെന്റുകൾ വിറ്റ് 15.25 കോടി രൂപ നേടിയതായി റിപ്പോർട്ട്. 2014 ഡിസംബറിൽ 4.64 കോടി രൂപയ്ക്കാണ് താരം ഈ അപ്പാർട്ടുമെന്റുകള്‍ സ്വന്തമാക്കിയത്. ഗോരെഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എക്‌സ്‌ക്വിസൈറ്റ് റെസിഡൻഷ്യൽ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്‌മെന്റുകൾക്ക് 1,324 ചതുരശ്ര അടി വീതം വിസ്തൃതിയുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം ഓരോ യൂണിറ്റിനും 45.75 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകിയത്.


രൺവീർ സിങ്ങും ഭാര്യ ദീപിക പദുകോണും അടുത്തിടെ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലെ സാഗർ രേശം ബിൽഡിംഗിൽ ഒരു വീട് വാങ്ങിയിരുന്നു. 119 കോടി രൂപയ്ക്കാണ് താരങ്ങള്‍ ഇത് സ്വന്തമാക്കിയത്.

രോഹിത് ഷെട്ടിയുടെ വരാനിരിക്കുന്ന പോലീസ് ഡ്രാമയായ 'സിംഗം എഗെയ്‌ൻ' ൽ സിംബയായി വീണ്ടും അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് രൺവീർ സിംഗ്. രോഹിത് ഷെട്ടി സംവിധാനം ചെയ്തുന്ന സിനിമയിൽ അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, ടൈഗർ ഷ്റോഫ്, ദീപിക പദുക്കോൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024 ലെ സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ചിത്രം അല്ലു അർജുന്റെ 'പുഷ്പ 2' എന്ന ചിത്രവുമായാണ് ഏറ്റുമുട്ടുക.


സിങ്കം എഗെയ്‌ൻ എന്ന ചിത്രത്തിന് പുറമെ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിലും രൺവീർ വേഷമിടുന്നുണ്ട്. 2006-ൽ പുറത്തിറങ്ങിയ 'ഡോൺ' ൽ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അതിന്റെ തുടർച്ചയായ 'ഡോൺ 2' 2011-ൽ സ്‌ക്രീനുകളിൽ എത്തുകയും വാണിജ്യവിജയം നേടുകയും ചെയ്തു. ഈ ചിത്രത്തിൽ ഹൃത്വിക് റോഷനും വേഷമിട്ടിരുന്നു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News