ഗുരു നിർദേശിച്ചു; വീണ്ടും വിവാഹത്തിനൊരുങ്ങി നടി സാമന്ത- റിപ്പോർട്ട്
നടൻ നാഗചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ ആദ്യ വിവാഹം
തന്റെ സിനിമാ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് തെന്നിന്ത്യൻ നടി സാമന്ത. നടിയുടെ അടുത്ത കാലത്തിറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഹിറ്റാണ്. അല്ലു അർജുന്‍ നായകനായ പുഷ്പയിലെ ഐറ്റം ഡാൻസ് ആരാധകർക്കിടയിൽ വൻ ചലനമാണ് ഉണ്ടാക്കിയത്. നടിയുടെ അടുത്ത ചിത്രം യശോദയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അതിനിടെ, താരത്തിന്റെ വ്യക്തിപരമായ വിശേഷങ്ങളും വാർത്തകളിൽ നിറയുകയാണ് ഇപ്പോള്‍.
സാമന്തയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തെലുങ്ക് മൂവി എന്റർടൈൻമെന്റ് വെബ്‌സൈറ്റായ സിനെ ജോഷ് റിപ്പോർട്ട് ശരിയാണെങ്കിൽ അടുത്ത വിവാഹത്തിന് താരം സമ്മതം മൂളിയിട്ടുണ്ട്. നടി ഗുരുവായി കരുതുന്ന സാധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്.
ഈയിടെ കരണ്‍ ജോഹറിന്‍റെ ടാക് ഷോ കോഫീ വിത്ത് കരൺ പരിപാടിയിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത മനസ്സു തുറന്നിരുന്നു. മറ്റൊരു പ്രണയത്തിനായി തന്റെ ഹൃദയം സജ്ജമല്ല എന്നാണ് അവർ പറഞ്ഞിരുന്നത്.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വർഷത്തിന് ശേഷം, 2021ൽ ഇവർ വേർപിരിഞ്ഞു. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്ത പങ്കുവച്ച് താരങ്ങൾ പ്രതികരിച്ചിരുന്നു.
അതിനിടെ, നാഗചൈതന്യ നടി ശോഭിത തുലിപാലയുമായി പ്രണയത്തിലാണ് എന്നു റിപ്പോർട്ടുണ്ട്. മണി രത്‌നം സംവിധാനം ചെയുന്ന ബിഗ് ബജറ്റ് സിനിമ പൊന്നിയിൻ സെൽവൻ ഒന്നിൽ പ്രധാനപ്പെട്ട റോളിൽ ശോഭിത അഭിനയിക്കുന്നുണ്ട്.