തിരക്കഥാകൃത്ത് സുരേഷ് ബാബു ഇനി സംവിധായകനും നിര്‍മാതാവും; മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തും
ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം നാളെ നടക്കും
പ്രശസ്ത തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു സംവിധായകനും നിര്‍മാതാവുമാകുന്നു. സുരേഷ് ബാബുവും ഉണ്ണി രവീന്ദ്രനും ചേര്‍ന്ന് ജനത മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറില്‍ നിര്‍മിക്കുന്ന ആറ് ചിത്രങ്ങളുടെ പ്രഖ്യാപനം നാളെ നടക്കും. വൈകിട്ട് 5.30ന് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടൻ മോഹൻലാൽ സിനിമകൾ പ്രഖ്യാപിക്കും.
പ്രഖ്യാപിക്കുന്നതില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുക സുരേഷ് ബാബു ആയിരിക്കും. പുതുമുഖങ്ങളെ അണിനിരത്തിയാണ് സുരേഷ് ബാബു ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. സുരേഷ് ബാബുവിന്‍റെ നാടായ വള്ളംകുളത്തെ പ്രശസ്ത കൊട്ടക ജനതയുടെ പേരാണ് ആദ്യ നിര്‍മാണ സംരംഭത്തിന് നല്‍കിയിരിക്കുന്നത്. മറ്റു ചിത്രങ്ങള്‍ ഭദ്രന്‍, ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി, രതീഷ് കെ. രാജന്‍ എന്നിവര്‍ സംവിധാനം ചെയ്യും.
വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ എഴുതിയാണ് എസ്. സുരേഷ് ബാബു വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച സുരേഷ് ബാബു മോഹന്‍ലാലിന്‍റെ ശിക്കാര്‍, കനല്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. നവ്യാ നായര്‍ തിരിച്ചുവരവ് നടത്തിയ ഒരുത്തീ ആണ് സുരേഷ് ബാബു തിരക്കഥ എഴുതിയ അവസാന ചിത്രം. വി.കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സൗബിന്‍ ഷാഹിര്‍-മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൈവ് ആണ് സുരേഷ് ബാബു രചന നിര്‍വ്വഹിച്ച് ചിത്രീകരണം പൂര്‍ത്തിയായ പുതിയ ചിത്രം.