'ഗണേഷ് കുമാറിനൊപ്പം ഇരിക്കാനുള്ള യോ​ഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി': കുറിപ്പുമായി നടി അമൃത നായര്‍

സ്വന്തം നാട്ടിൽ പോലും പരിഗണിക്കപ്പെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

Update: 2024-06-10 08:24 GMT
Editor : Jaisy Thomas | By : Web Desk
Amrutha Nair
AddThis Website Tools
Advertising

പരിപാടിയിലേക്ക് അതിഥിയായി ക്ഷണിച്ച ശേഷം തന്നെ ഒഴിവാക്കിയെന്ന് നടിയും ഇന്‍ഫ്ലുവന്‍സറുമായ അമൃത നായര്‍. മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് നടിയെ ഒഴിവാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് അമൃത തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്. ശനിയാഴ്ച നടന്ന പുന്നല ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ ശതാബ്ദി ആഘോഷത്തിലേക്ക് അമൃതയെയും ക്ഷണിച്ചിരുന്നു. പിന്നീട് താരത്തെ ഒഴിവാക്കുകയായിരുന്നു.

അമൃതയുടെ കുറിപ്പ്

ബഹുമതി,പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്.അവൻ അല്ലെങ്കിൽ അവൾ, അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ,എന്നാണ് എന്‍റെ വിശ്വാസം.. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും,ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്നേഹവും പരിഗണനയും പോലും എന്‍റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാൻ പഠിച്ച എന്‍റെ സ്വന്തം സ്കൂളിന്‍റെ ശതാബ്ദി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്‍റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്‍റെ ഷൂട്ട് വരെ ഒഴിവാക്കി,പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫംഗ്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്..അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നായിരുന്നു'' ആ കാരണം.

സ്വന്തം നാട്ടിൽ പോലും പരിഗണിക്കപ്പെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.ഒരു ജന പ്രതിനിധിയുടെ കൂടെ വേദിയിൽ,അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല..എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്‍റെ ശീലം,എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി,കാരണം.. പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്‍റെ വിദ്യാലയം ഈ ശതാബ്ദി നിറവിൽ നിൽക്കുമ്പോ.. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News