‘ഇതാണെന്‍റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം’- ആരാധകനോട് മോഹൻലാൽ
ഒരു സംഭാഷണ രൂപത്തിലാണ് അദ്ദേഹം തന്‍റെ സന്തോഷം പങ്കുവച്ചത്
മുംബൈ: മോഹന്‍ലാലിനെ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ആരാധകന്‍. പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സക്കീര്‍ ഖാന്‍ ഈ ആരാധകന്‍. ഛത്രപതി ശിവാജി മഹാരാജ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് സക്കീർ ഖാൻ ലാലിനെ കണ്ടുമുട്ടിയത്. ഒരു സംഭാഷണ രൂപത്തിലാണ് അദ്ദേഹം തന്‍റെ സന്തോഷം പങ്കുവച്ചത്.
മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി എന്നാണ് അദ്ദേഹം കുറിക്കുന്നത്. വിമാനത്താവളത്തിൽവെച്ച് കണ്ടെന്നും കലാകാരനാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തുവെന്ന് കുറിക്കുന്നു. നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സക്കീർ മോഹൻലാലിനെ കണ്ടത്. സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് എന്നുപറഞ്ഞപ്പോൾ കേരളത്തിൽ പരിപാടികൾ ചെയ്തിട്ടുണ്ടോ എന്ന് മോഹൻലാൽ ആരാഞ്ഞു. അപ്പോൾ അടുത്തയാഴ്ച്ച കൊച്ചിയിൽ ഒരു പ്രോഗ്രാം ഉണ്ടെന്നും ഏതാണ് ഓഡിറ്റോറിയം എന്നറിയില്ലെന്നും എന്നാൽ, ഇന്ത്യയിലെ ഏറ്റവും പുതിയതും ഹൈടെക്കുമായ ഒന്നാണെന്നും സക്കീർ പറഞ്ഞു.
മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറ ജെടി പെർഫോമിംഗ് ആർട്സിലാണ് സക്കീർ വരുന്നത്. അക്കാര്യം മോഹൻലാൽ സംഭാഷണത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 27നാണ് സക്കീറിന്‍റെ ഷോ.