മനുഷ്യ പരിണാമ ചരിത്രത്തിന്‍റെ കഥയുമായി 'സ്റ്റോണ്‍'
യുവ സംവിധായകന്‍ പി.കെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സ്റ്റോണ്‍' ഈ മാസം 18 ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും
മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായി 'ദി സ്റ്റോണ്‍' പുതിയ ചിത്രം വരുന്നു. യുവ സംവിധായകന്‍ പി.കെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സ്റ്റോണ്‍' ഈ മാസം 18 ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും. ചരിത്ര കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'ദി സ്റ്റോണ്‍'. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം.
ചിത്രത്തിന്‍റെ പ്രമേയത്തിന് അനുസൃതമായ നവീന രീതിയിലുള്ള ദൃശ്യഭംഗിയും ഒരുക്കിയാണ് ചിത്രീകരണം. മനുഷ്യ ജീവിതത്തിന്‍റെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നുണ്ടെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല. ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് 'ദി സ്റ്റോണ്‍' ചിത്രീകരിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഈ സിനിമ വര്‍ത്തമാനകാല ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.
2018 ലെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ 'ഓത്ത്' എന്ന സിനിമയ്ക്ക് ശേഷം ബിജു ഒരുക്കുന്ന ചിത്രമാണ് 'ദി സ്റ്റോണ്‍'. ഡി കെ ഇന്‍റര്‍നാഷണലാണ് നിര്‍മ്മാണം. 'ഓത്തി' ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജിക്കാ ഷാജി ഈ ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്.
ക്യാമറ-അമ്പാടി മുരളി, എഡിറ്റര്‍- ഹസ്നാഫ് പി എച്ച്, കലാസംവിധാനം- ബിനീഷ് പി-കെ, ഷെമീര്‍ ബാബു കോഴിക്കോട്, ഗിരീഷ്, സിങ്ക് സൗണ്ട്- ഹാഫീസ് കാതിക്കോട്, മേക്കപ്പ് - സുവില്‍ പടിയൂര്‍, കോഡിനേറ്ററ് - ഷെഫീക്ക് പി എം, സ്റ്റുഡിയോ- സൗണ്ട് ഓഫ് ആര്‍ട്ട് കൊടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജിക്കാ ഷാജി, പി.ആര്‍.ഒ - പി.ആര്‍ സുമേരന്‍, അസിസ്റ്റന്‍റ് സംവിധായകന്‍-ജ്യോതിന്‍ വൈശാഖ്, അമിന്‍ മജീദ്,പ്രൊഡക്ഷന്‍ മാനേജര്‍- നിസാര്‍ റംജാന്‍, ഗതാഗതം-മുഹമ്മദ് റഫീക്ക്.